ഉന്നത വിദ്യാഭ്യാസ മേഖലയിൽ സഹകരണ വഴികൾതേടി ഒമാനും യു.എ.ഇയും
text_fieldsമസ്കത്ത്: ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, നവീകരണം, തൊഴിലധിഷ്ഠിത പരിശീലനം എന്നീ മേഖലകളിൽ സഹകരണത്തിനുള്ള അവസരങ്ങൾ ചർച്ച ചെയ്ത് ഒമാനും യുനൈറ്റഡ് അറബ് എമിറേറ്റ്സും. യു.എ.ഇ സന്ദർശിക്കുന്ന ഉന്നത വിദ്യാഭ്യാസ ഗവേഷണ ഇന്നൊവേഷൻ മന്ത്രി ഡോ. റഹ്മ ബിൻത് ഇബ്രാഹിം അൽ മഹ്റൂഖിയ്യ യു.എ.ഇ വിദ്യാഭ്യാസ മന്ത്രി ഡോ.അഹമ്മദ് ബെൽഹൂൽ അൽ ഫലാസിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ചർച്ച ചെയ്തത്.
വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ഒരുകൂട്ടം വിഷയങ്ങൾ ഇരുപക്ഷവും വിശകലനം ചെയ്തു. മികച്ച വിദ്യാഭ്യാസ-ഗവേഷണ രീതികളും ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനും സംയുക്ത പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള വഴികളും തേടി. ഇരു രാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ യോജിപ്പിക്കുന്നതിനായി ഒമാൻ-യു.എ.ഇ നോളജ് ഡയലോഗ് ഫോറം സ്ഥാപിക്കുന്നതിനെപറ്റിയും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യമായ മേഖലകൾ ചർച്ച ചെയ്യുന്നതിനും ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, ഇന്നൊവേഷൻ, തൊഴിലധിഷ്ഠിത പരിശീലനം എന്നീ മേഖലകളിലെ ഭാവി അവസരങ്ങൾ പര്യവേക്ഷണം ചെയ്യുകയുമാണ് ദ്വിദിന സന്ദർശനത്തിലൂടെ ഒമാൻ സംഘം ലക്ഷ്യമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.