സഹകരണം ശക്തിപ്പെടുത്താൻ ഒമാനും സൻസിബാറും
text_fieldsമസ്കത്ത്: രണ്ട്ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ സൻസിബാർ പ്രസിഡന്റ് ഡോ. ഹുസൈൻ അലി മഊനി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി ചർച്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണങ്ങളെ കുറിച്ചും അവയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളെ പറ്റിയും ചർച്ചചെയ്തു. അൽ ബറക പാലസിൽ നടന്ന യോഗത്തിൽ വിദേശകാര്യ മന്ത്രി ബദർ ബിൻ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മഅ്വാലി, സാൻസനിയയിലെ ഒമാൻ അംബാസഡർ സഊദ് ബിൻ ഹിലാൽ ഷെത്താനി, സാൻസിബാർ ധന-ആസൂത്രണ മന്ത്രി എമ്മികോയ, ഇൻഫ്രാസ്ട്രക്ചർ, കമ്യൂണിക്കേഷൻസ്, ഗതാഗതമന്ത്രി ഡോ. ഖാലിദ് സലേം മുഹമ്മദ്, വിദേശകാര്യ, കിഴക്കൻ ആഫ്രിക്കൻ സഹകരണ ഉപമന്ത്രി അംബാസഡർ മുബാറക് നാസർ മുബാറക്, പബ്ലിക് പ്രോസിക്യൂട്ടർ ഡോ. എംവെനി താലിബ്, ഒമാനിലെ താൻസനിയൻ അംബാസഡർ അബ്ദുല്ല അബ്ബാസ് കിലിമ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞദിവസം ഒമാനിലെത്തിയ സൻസിബാർ പ്രസിഡന്റിന് ഉജ്ജ്വല വരവേൽപായിരുന്നു സുൽത്താനേറ്റിൽ ലഭിച്ചത്.
അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുൽത്താന്റെ പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകിയത്.
ചൊവ്വാഴ്ച പ്രസിഡന്റ് ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദിയുമായും ബർക്ക പാലസിൽ കൂടിക്കാഴ്ച നടത്തി. രണ്ട് സൗഹൃദ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ചരിത്രപരമായ ഉഭയകക്ഷി ബന്ധങ്ങൾ ഇരുവരും വിശകലനം ചെയ്തു.
സാമ്പത്തിക, വാണിജ്യ, നിക്ഷേപ, സാംസ്കാരിക മേഖലകളിൽ സഹകരണങ്ങൾ വർധിപ്പിക്കുന്നതിനെ പറ്റിയും ചർച്ചചെയ്തു. പൊതുതാൽപര്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ നിരവധി വിഷയങ്ങളിൽ ഇരുവരും കാഴ്ചപ്പാടുകൾ കൈമാറിയെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.