ഒമാൻ നിർമിതബുദ്ധി ഉച്ചകോടിക്ക് തുടക്കം
text_fieldsമസ്കത്ത്: ഒമാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) ഉച്ചകോടി 2024ന് മസ്കത്തിൽ തുടക്കമായി. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് ദ്വിദിന പരിപാടി സംഘടിപ്പിക്കുന്നത്. മന്ത്രിമാരുടെ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിൽ സെക്രട്ടറി ജനറൽ സയ്യിദ് ഡോ. കാമിൽ ഫഹദ് അൽ സഈദിന്റെ മേൽനോട്ടത്തിലാണ് ഉദ്ഘാടനച്ചടങ്ങു നടന്നത്. 40 പ്രഭാഷകർ, ലോകമെമ്പാടുമുള്ള എ.ഐ, നൂതന സാങ്കേതികവിദ്യകളുടെ മേഖലകളിലെ 200ലധികം സ്പെഷലിസ്റ്റുകൾ പരിപാടിയിൽ സംബന്ധിക്കുന്നുണ്ട്.
എ.ഐ മേഖലയിൽ വിദേശകമ്പനികളുടെ നിക്ഷേപത്തിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാനും നിക്ഷേപം വർധിപ്പിക്കാനും മറ്റുമാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ ഈ മേഖലയിലെ നവീകരണവും പരിപാടിയുടെ പരിധിയിൽ വരുന്നതാണ്. എ.ഐയും സർക്കാറുകളും, എ.ഐയും തൊഴിൽ അന്തരീക്ഷവും, എ.ഐയും സമ്പദ്വ്യവസ്ഥയും എന്നീ മൂന്ന് വിഷയങ്ങളിൽ ചർച്ചയും നടക്കും.
നിർമിത ബുദ്ധി മേഖലയിലെ വിദഗ്ധരും എൻജിനീയർമാരും ഏറ്റവും പുതിയ സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്ന പ്രദർശനം ഉച്ചകോടിയുടെ ഭാഗമായി നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.