അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഒമാൻ പങ്കെടുത്തു
text_fieldsമസ്കത്ത്: കൈറോയിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ 162ാമത് യോഗത്തിൽ ഒമാൻ പങ്കെടുത്തു. വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയകാര്യ അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹർത്തിയുടെ നേതൃത്വത്തിലാണ് ഒമാൻ സംബന്ധിച്ചത്. ഗസ്സയിലും വെസ്റ്റ് ബാങ്കിലും തുടർച്ചയായി ഇസ്രായേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ യോഗം അവലോകനം ചെയ്തു.
ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ അധിനിവേശ സേന (ഐ.ഒ.എഫ്) നടത്തിയ വംശഹത്യയുടെ കുറ്റകൃത്യങ്ങളും യോഗം എടുത്തുകാണിച്ചു.
ഈ കുറ്റകൃത്യങ്ങൾ ഏകദേശം ഒരുവർഷമായി തുടരുകയും 1,45,000-ലധികം ഫലസ്തീൻ സിവിലിയന്മാരുടെ രക്തസാക്ഷിത്വത്തിനും പരിക്കിനും തിരോധാനത്തിനും കാരണമാകുകയും ചെയ്തു.
ഇസ്രായേൽ അധിനിവേശസേന എല്ലാ അന്താരാഷ്ട്ര ഉടമ്പടികളും ലംഘിച്ച് സിവിലിയന്മാർക്കെതിരായ കുറ്റകൃത്യങ്ങൾ ആവർത്തിക്കുകയാണെന്നും ഗസ്സയിലെ സാഹചര്യത്തിനുള്ള ഏക പരിഹാരമായി വെടിനിർത്തൽ ആവശ്യമാണെന്നും യോഗം അടിവരയിട്ട് പറഞ്ഞു. ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം കൂടുതൽ ക്രിയാത്മകമായ നിലപാട് സ്വീകരിക്കണം.
1967ലെ അതിർത്തികളുടെ അടിസ്ഥാനത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ആവശ്യകതയും അൽ ഖുദ്സ് (കിഴക്കൻ ജറുസലേം) തലസ്ഥാനമാക്കി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും യോഗം അടിവരയിട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.