സിവിൽ ഏവിയേഷൻ ബന്ധം ശക്തിപ്പെടുത്താൻ ഒമാനും ബെലറൂസും സഹകരണ കരാറിൽ ഒപ്പുവെച്ചു
text_fieldsമസ്കത്ത്: ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) ബെലറൂസുമായി എയർ സർവിസ് കരാർ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സിവിൽ ഏവിയേഷൻ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് കരാർ.
മസ്കത്തും ബെലറൂസിന്റെ തലസ്ഥാനവും ഒമാനിലെ മറ്റു പ്രധാന സ്ഥലങ്ങളും തമ്മിൽ നേരിട്ടുള്ള ബന്ധം സ്ഥാപിക്കാൻ ഇരു രാജ്യങ്ങളിലെയും ദേശീയ വിമാനക്കമ്പനികളെ കരാർ പ്രാപ്തമാക്കും. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള വ്യോമഗതാഗത സേവനങ്ങൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ പ്രവർത്തനപരവും സാങ്കേതികവുമായ വശങ്ങൾ സംഘടിപ്പിക്കാനും ഇത് സഹായിക്കും.
സി.എ.എ ചെയർമാൻ നായിഫ് ബിൻ അലി അൽ അബ്രിയും ബെലറൂസ് ഗതാഗത വാർത്തവിനിമയ മന്ത്രാലയത്തിലെ ഏവിയേഷൻ വിഭാഗം ഡയറക്ടർ ഇഗോർ ഗോലുബുമാണ് കരാർ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളിലെയും എയർലൈനുകളെ അവരുടെ വിമാനത്താവളങ്ങൾക്കിടയിൽ പാസഞ്ചർ, എയർ കാർഗോ ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കുന്നതിനും കോഡ് ഷെയറിങ് പ്രവർത്തനങ്ങൾക്കായി സഹകരണ കരാറുകൾ സ്ഥാപിക്കുന്നതിനും ഇത് വ്യവസ്ഥചെയ്യുന്നുണ്ട്.
ഒമാനെ ആഗോളതലത്തിൽ ബന്ധിപ്പിക്കുന്നതിനുള്ള സി.എ.എയുടെ നിരന്തരമായ ശ്രമങ്ങളെയാണ് ഈ കരാർ പ്രതിനിധാനംചെയ്യുന്നതെന്ന് അബ്രി അറിയിച്ചു. ഒമാനും ബെലറൂസിനും ഇടയിൽ വ്യോമപാത തുറക്കുക, ചരക്കുനീക്കങ്ങൾ ലളിതമാക്കുക, അതുവഴി ടൂറിസം, സാമ്പത്തിക, സാമൂഹിക ഇടപെടലുകൾ തുടങ്ങി വിവിധ തലങ്ങളിൽ വിനിമയം സുഗമമാക്കുന്നത് ഉൾപ്പെടെ നിരവധി കാര്യങ്ങൾ കരാറിൽ വരുന്നുണ്ട്.
ഇരു രാജ്യങ്ങളിലെയും ദേശീയ വിമാനക്കമ്പനികൾക്ക് കരാർ പുതിയ അവസരമൊരുക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസിയോട് സംസാരിച്ച അബ്രി പറഞ്ഞു.
ഒമാനും ബെലറൂസിനും ഇടയിൽ വിമാനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂടായി ഈ കരാർ പ്രവർത്തിക്കുമെന്നും ഇത് ടൂറിസം, വ്യാപാര, സാമ്പത്തിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന് സഹായകമാകുമെന്നും ഒമാനിലെ ബെലറൂസിന്റെ ഓണററി കോൺസൽ ഡോ. അബ്ദുല്ല ബിൻ മസൂദ് അൽ ഹാർത്തി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.