ഒമാൻ ബൊട്ടാണിക് ഗാർഡന്റെ നിർമാണം അന്തിമ ഘട്ടത്തിൽ
text_fieldsമസ്കത്ത്: ഒമാൻ ബൊട്ടാണിക് ഗാർഡന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. സുൽത്താനേറ്റിലെ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായി ഇവിടെ കഫേകളോ റസ്റ്റാറന്റുകളോ പോലുള്ള നിക്ഷേപ അവസരങ്ങളും ഒരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അടുത്തിടെ ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മീറ്റിൽ (ഡബ്ല്യു.ടി.എം) ഒമാൻ ബൊട്ടാണിക് ഗാർഡൻ ടീം ആണ് ഇതിന്റെ പൂർത്തീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കിയത്. പരിസ്ഥിതി വൈവിധ്യവും ഒമാന്റെ പ്രകൃതി പൈതൃക സംരക്ഷണവും സമന്വയിപ്പിക്കുന്ന വേറിട്ട അനുഭവമായിരിക്കും ബോട്ടാണിക്ക് ഗാർഡനെന്ന് അധികൃതർ പറഞ്ഞു.
മൊബൈൽ ആപ്ലിക്കേഷനുകൾ, ടച്ച്, ഇന്ററാക്ടീവ് സ്ക്രീനുകൾ എന്നിവ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ഇവിടെ ഉണ്ടാകും. ചൂട് കുറക്കുന്നതിനായി എല്ലാ ഗ്ലാസ് എക്സ്റ്റീരിയറുകളും ട്രിപ്പിൾ ലെയറുകളാൽ നിർമ്മിച്ചതാണ്. ഇത് എയർ കണ്ടീഷനിങ് ഉപയോഗം കുറക്കാൻ സഹായകമാകും. തണുത്ത കാലാവസ്ഥയിൽ പ്രകൃതിദത്ത വായുസഞ്ചാരം കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്ന വിധത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇത് വൈദ്യുതി ഉപയോഗം കുറക്കുകയും ചെയ്യും. ഒമാൻ ബൊട്ടാണിക് ഗാർഡന്റെ 90 ശതമാനം നിർമാണവും പൂർത്തിയായതിനാൽ ഈ വർഷം പരീക്ഷണ പ്രവർത്തനങ്ങൾ നടത്തുമെന്നാണ് പൈതൃക-ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി അറിയിച്ചിരുന്നു. അഞ്ച് ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഒമാൻ ബൊട്ടാണിക് ഗാർഡനിൽ അഞ്ച് പ്രധാന കെട്ടിടങ്ങളുണ്ട്.
ദോഫാർ പർവതനിരകളുടെ ഹരിതഗൃഹം (ഗ്രീൻ ഹൗസ്), വാഹന പാർക്കിങ് കെട്ടിടം, പുനഃരുപയോഗ ഊർജ കേന്ദ്രം, പരിസ്ഥിതി കേന്ദ്രം, സന്ദർശക കേന്ദ്രം, വി.ഐ.പി കെട്ടിടം എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.
860 മീറ്റർ നീളമുള്ള കേബിൾ കാർ ലൈനുകൾ ഏകദേശം പൂർത്തിയായി. ഇത് സന്ദർശകരെ അഞ്ച് മിനിറ്റിനുള്ളിൽ ഗാർഡനിലൂടെ സഞ്ചരിച്ച് കാഴ്ചകൾ കാണാൻ പ്രാപ്തരാകും.
ഏകദേശം 500 പാർക്കിങ് സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. അതിന്റെ നിർമാണവും പൂർത്തിയായി. ഹാജർ പർവതനിരകളുടെ ഹരിതഗൃഹത്തെയും ദോഫാർ പർവതനിരകളുടെ ഹരിതഗൃഹത്തെയും ബന്ധിപ്പിക്കുന്ന താൽക്കാലിക കാൽനട പാലവും ഗാർഡനിലുണ്ടാകും.
തലസ്ഥാന നഗരമായ മസ്കത്തിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള സീബ് വിലായത്തിലെ അൽ ഖൂദിൽ 423 ഹെക്ടറിൽ മലനിരകൾക്കും വാദികൾക്കും ഇടയിലായാണ് ബോട്ടാണിക് ഗാർഡൻ ഒരുങ്ങുന്നത്.
700ഓളം എൻജിനീയർമാരുടെ നേതൃത്വത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. ഒമാനിന്റെ സസ്യ വൈവിധ്യങ്ങൾക്ക് സുസ്ഥിര ഭാവി ഒരുക്കുന്നതിനൊപ്പം ജൈവ സമ്പത്ത് കാത്തുസൂക്ഷിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ബോട്ടാണിക് ഗാർഡൻ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഒമാനിന്റെ തനത് സസ്യവൈവിധ്യങ്ങളെ കണ്ടെത്തി, കൃഷി ചെയ്ത്, സംരക്ഷിക്കുന്നതും അതുവഴി വിനോദസഞ്ചാരികളെ ആകർഷിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.