ഒമാൻ ചുട്ടുപൊള്ളുന്നു; വിവിധ മേഖലകളിൽ കനത്ത ചൂട്
text_fieldsമസ്കത്ത്: രാജ്യത്തെ വിവിധ മേഖലകളിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയത് കനത്ത ചൂട്. ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. ബൗഷറിൽ 45 ഡിഗ്രി, മുഖ്ഷിൻ(ദോഫാർ) 45 ഡിഗ്രി, സുഹാർ 45ഡിഗ്രി, റുസ്താഖ് 44ഡിഗ്രി, ഇബ്രി 44ഡിഗ്രി, സുമൈൽ 44ഡിഗ്രി, ഹിമ 43ഡിഗ്രി, മസ്കത്ത് അന്തരാഷ്ട്ര വിമാനത്താവളം 41ഡിഗ്രി എന്നിങ്ങനെയാണ് വിവിധ സ്ഥലങ്ങളിൽ രേഖപ്പെടുത്തിയ താപനില. ഇബ്രിയിൽ 47.5 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. മരുഭൂ പ്രദേശങ്ങളിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം വരും ദിവസങ്ങളിൽ താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്ത് കൊടും വേനൽ അവസാനിക്കുന്നതിന്റെ തുടക്കമാണ് കഴിഞ്ഞ ദിവസത്തെ താപനില വർധനവെന്ന് വിലയിരുത്തുന്നവരുമുണ്ട്. ഒമാൻ കടലിന്റെയും ഹജർ പർവതനിരകളുടെയും തീരപ്രദേശങ്ങളിൽ അടുത്ത ദിവസങ്ങളിലും 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ തന്നെ തുടരാനാണ് സാധ്യത. ഗൾഫ് മേഖല മുഴുവൻ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കൊടും ചൂടിന് ഇരയാകുന്നതായി നാച്വർ സസ്റ്റൈനബിലിറ്റി ജേണലിന്റെ റിപ്പോർട്ട് നേരത്തെ വിലയിരുത്തിയിരുന്നു.കത്തുന്ന ചൂടിന് തൊഴിലാളികൾക്ക് ആശ്വാസം നൽകാൻ തൊഴിൽ മന്ത്രാലയം ഉച്ച വിശ്രമവേള അനുവദിച്ചിട്ടുണ്ട്. ഒമാൻ തൊഴിൽനിയമത്തിലെ ആർട്ടിക്ക്ൾ 16 പ്രകാരമാണ് ജൂൺ മുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് വിശ്രമം നൽകുന്നത്. ഇതുപ്രകാരം പുറത്തുജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30മുൽ 3.30വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്.
തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ മധ്യാഹ്ന അവധി നൽകുന്നത്. ഉച്ച വിശ്രമം നടപ്പിലാക്കാൻ തൊഴിൽ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സഹകരണം ബന്ധപ്പെട്ടവർ നടത്തിയിട്ടുണ്ട്. അതേസമയം, ഇത് ലഘിക്കുന്നവർക്കെതിരെ 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു മാസത്തെ തടവും ശിക്ഷ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.