വികസന നേട്ടങ്ങൾ അടയാളപ്പെടുത്തി 53ാം ദേശീയദിനം ആഘോഷിച്ചു
text_fieldsമസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിന് കീഴിൽ സമസ്തമേഖലകളിലും രാജ്യം കൈവരിച്ച നേട്ടങ്ങൾ അടയാളപ്പെടുത്തി ഒമാൻ 53ാം ദേശീയദിനം ആഘോഷിച്ചു. ഫലസ്തീൻ യുദ്ധ പശ്ചാത്തലത്തിൽ ഇത്തവണ പൊലിമ കുറച്ചായിരുന്നു ആഘോഷം. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ കാർമികത്വത്തിൽ നടന്ന സൈനിക പരേഡിലും പതാക ഉയർത്തലിലും ഔദ്യോഗിക ആഘോഷ പരിപാടികൾ ഒതുങ്ങി. മുൻവർഷങ്ങളിൽ വിപുലമായി രീതിയിൽ ആഘോഷങ്ങൾ നടന്നിരുന്ന സ്ഥലങ്ങളിലെല്ലാം പരിമിതമായാണ് പരിപാടികൾ നടത്തിയത്. മസ്കത്തടക്കമുള്ള നഗരങ്ങളിൽ കൊടിതോരണങ്ങൾകൊണ്ട് മാത്രമായിരുന്നു അലങ്കരിച്ചിരുന്നത്. ഭൂരിഭാഗം സ്ഥാപനങ്ങളും വൈദ്യുതിവിളക്കുകൾകൊണ്ടുള്ള അലങ്കാരങ്ങൾ ഒഴിവാക്കിയായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നത്.
ഇസ്രായേൽ നരനായാട്ടിന് മുന്നിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം പിടഞ്ഞുവീഴുമ്പോൾ ആഘോഷത്തിന് നിറം പകരുന്നത് ശരിയല്ലെന്നും ഫലസ്തീനിലെ സഹോദരങ്ങൾക്ക് പ്രാർഥനയും പിന്തുണയുമായാണ് ഇത്തവണത്തെ ആഘോഷമെന്നും സ്വദേശികളും വിദേശികളും പറഞ്ഞു.
ദേശീയ ദിനത്തിന്റെ ഭാഗമായി സാധാരണ നാടും നഗരവും കൊടിതോരണങ്ങൾ കൊണ്ടും വൈദ്യുതിവിളക്കുകൾകൊണ്ടും അലങ്കരിക്കൽ പതിവാണ്. ഒമാനിലെ എല്ലാ ഗ്രാമങ്ങളും നഗരങ്ങളും വൈദ്യുതിവിളക്കുകൾകൊണ്ട് അലങ്കരിക്കുന്നതോടെ മൂവർണ ശോഭയിൽ വീഥികൾ പ്രഭചൊരിഞ്ഞുനിൽക്കുന്ന കാഴ്ച നയനമനോഹരമായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി റാലികളും നടക്കാറുണ്ട്. മുൻകാലങ്ങളിൽ രാജ്യത്തിെൻറ പ്രധാന കേന്ദ്രങ്ങളിൽ വെടിക്കെട്ടും നടന്നിരുന്നു. കഴിഞ്ഞ വർഷം ഇതിനുപകരം ലേസർ ഷോകളാണ് നടത്തിയിരുന്നത്. എന്നാൽ, ഇത്തവണ ഈ പൊലിമകളെല്ലാം കുറച്ചായിരുന്നു ആഘോഷം.
ദേശീയദിനത്തോടനുബന്ധിച്ചുള്ള ഈ വർഷത്തെ പൊതുഅവധി നവംബര്‍ 22, 23 തീയതികളിലാണ്. വാരാന്ത്യ ദിനങ്ങൾ ഉൾപ്പെടെ നാലുദിവസം തുടര്‍ച്ചയായ അവധി ലഭിക്കും. ഞായറാഴ്ചയാണ് വീണ്ടും പ്രവൃത്തി ദിവസം ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.