ഒമാൻ ചേംബർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പ്; വിജയപ്രതീക്ഷയിൽ മലയാളികൾ
text_fieldsമസ്കത്ത്: നവംബർ 22ന് നടക്കുന്ന ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ മൂന്ന് മലയാളികൾ മത്സരരംഗത്ത്. ഒമാനിലെയും ഇന്ത്യയിലെയും സാമൂഹിക-സാംസ്കാരിക, ജീവകാരുണ്യമേഖലകളിൽ നിറഞ്ഞുനിൽക്കുകയും ഒമാനിലെ ഏറ്റവും വലിയ സ്വകാര്യ ഹോസ്പിറ്റൽ ശൃംഖലയായ ബദർസമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിന്റെ മാനേജിങ് ഡയറക്ടറുമായ അബ്ദുൽ ലത്തീഫ്, സാമൂഹിക- വിദ്യാഭ്യാസ മേഖലകളിലെ സാന്നിധ്യമായ വി.എം.എ. ഹകീം,
സാമൂഹിക പ്രവർത്തകനും സുഹാർ ഷിപ്പിങ് കമ്പനി മാനേജിങ് ഡയറക്ടറുമായ അബ്രഹാം രാജു തരങ്കതൻ എന്നിവരാണ് മത്സരരംഗത്തുള്ള മലയാളികൾ. ഉത്തരേന്ത്യൻ പ്രതിനിധിയടക്കം നാല് ഇന്ത്യക്കാർ മത്സരിക്കുന്നുണ്ട്.
ആദ്യമായാണ് ചേംബർ ഓഫ് കോമേഴ്സിലേക്ക് വിദേശികൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ സ്വദേശികൾ മാത്രമായിരുന്നു മത്സരിച്ചിരുന്നത്. ചേംബർ ഓഫ് കോമേഴ്സിൽ രജിസ്റ്റർ ചെയ്ത 13,000 കമ്പനികളുടെ പ്രതിനിധികൾക്കാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അവസരം ലഭിക്കുക.
വോട്ടവകാശം ലഭിക്കണമെങ്കിൽ ചേംബർ ഓഫ് കോമേഴ്സിന്റെ തെരഞ്ഞെടുപ്പ് പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യണം. മൊത്തം 125 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 116 പേർ സ്വദേശികളും ഒമ്പത് പേർ വിദേശികളുമാണ്. നാല് ഇന്ത്യക്കാർക്ക് പുറമെ ഈജിപ്ത്, സിറിയ, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മത്സരരംഗത്തുള്ള വിദേശികൾ.
അബ്ദുൽ ലത്തീഫ്
കഴിഞ്ഞ 20 വർഷമായി ഒമാനിൽ പ്രവർത്തിക്കുകയും രാജ്യത്തെ എറ്റവും വലിയ ആരോഗ്യശൃംഖയായി മാറുകയും ചെയ്ത ബദർസമ ആശുപത്രിയെ നയിക്കുന്നതിന് പിന്നിലെ നിർണായകശക്തികൂടിയാണ് അബ്ദുൽ ലത്തീഫ് . ഒമാന് പുറമെ ഇന്ത്യ, ബഹ്റൈൻ, കുവൈത്ത്, യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലും ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളുണ്ട്.
ഒമാനിൽ ആരോഗ്യമേഖലക്ക് പുറമെ, ട്രാവൽ, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ഹോസ്പിറ്റാലിറ്റി മേഖലയിലും സ്വന്തമായി സംരംഭങ്ങളുണ്ട്. ഒമാനിലും നാട്ടിലുമായി നിരവധി ജീവകാരുണ്യ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മാതാവിന്റെ സ്മരണക്കായി നാട്ടിൽ സ്ഥാപിച്ച ഐഷൽ ഫൗണ്ടേഷൻ ഇതിൽ പ്രധാനമാണ്.
അബ്രഹാം രാജു
1983 മുതൽ ഒമാനിൽ പ്രവർത്തിക്കുന്ന സുഹാർ ഷിപ്പിങ് ട്രാൻസ്പോർട്ട് ആൻഡ് ട്രേഡിങ് ഏജൻസീസിന്റെ മാനേജിങ് ഡയറക്ടറാണ് അബ്രഹാം രാജു. 195 രാജ്യങ്ങളിലെ 700 കര, കടൽ തുറമുഖങ്ങളുമായി കയറ്റുമതി-ഇറക്കുമതി നടത്തുന്ന കമ്പനിയുടെ മേധാവിയാണ്. ഒമാനിലെ സാമൂഹിക-സാംസ്കാരിക മേഖലകളിലും പ്രവർത്തിക്കുന്നുണ്ട്.
വി.എം.എ. ഹകീം
കഴിഞ്ഞ 30 വർഷമായി ഒമാന്റെ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വമാണ് വി.എം.എ. ഹകീം. ഒമാനിലെ കിംസ് ഹോസ്പിറ്റൽ എക്സിക്യൂട്ടിവ് ഡയറക്ടർ, അൽ ഹകീം ഇൻറർ നാഷനൽ ചെയർമാൻ തുടങ്ങിയവയുടെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.
ഒമാനിലെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ ആജീവനാന്ത അംഗമാണ്. മറ്റ് നിരവധി കൂട്ടായ്മകളിലും പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.