ഒമാൻ കൾചറൽ കോംപ്ലക്സ്; 147.8 ദശലക്ഷം റിയാലിന്റെ കരാറിൽ ഒപ്പുവെച്ചു
text_fieldsമസ്കത്ത്: ദേശീയ സാംസ്കാരിക കേന്ദ്രമായി വിഭാവനം ചെയ്ത ഒമാൻ കൾചറൽ കോംപ്ലക്സ് (ഒ.സി.സി) സ്ഥാപിക്കുന്നതിനുള്ള 147.8 ദശലക്ഷം റിയാലിന്റെ കരാറിൽ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ് ഒപ്പുവെച്ചു. രണ്ട് കമ്പനികളുടെ കൺസോർട്ട്യവുമായാണ് കരാറൊപ്പിട്ടത്. മൂന്നു വർഷത്തിനകം പൂർത്തിയാകുന്ന കോംപ്ലക്സ് 4,00,000 ച.മീറ്റർ വിസ്തൃതിയിൽ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനെതിർവശത്താണ് ഒരുക്കുക.
ഒ.സി.സിയുടെ നിർമാണത്തിന് ടെൻഡർ ബോർഡ് നേരത്തേ അംഗീകാരം നൽകിയിരുന്നു. ഒമാൻ കൾചറൽ കോംപ്ലക്സിനുള്ളിലെ മൂന്ന് വ്യത്യസ്ത കെട്ടിടങ്ങളിലായി നാഷനൽ തിയറ്റർ, നാഷനൽ ലൈബ്രറി, നാഷനൽ ആർകൈവ്സ് എന്നിവയുമുണ്ടാകും. നാഷനൽ തിയറ്ററിൽ 1,000 പേർക്കിരിക്കാവുന്ന പ്രധാന ഓഡിറ്റോറിയവും 250 പേർക്ക് ഇരിക്കാവുന്ന ഹാളും ഉണ്ടായിരിക്കും. ദേശീയ ലൈബ്രറി 20,000 ച.മീറ്റർ വിസ്തീർണമുള്ള അഞ്ച് നില കെട്ടിടമാണ്.
പൊതുജനങ്ങൾക്കായി ഭാഗികമായി തുറന്ന നാഷനൽ ആർകൈവ്സിൽ ഏകദേശം 20 കിലോമീറ്ററിൽ ഷെൽഫ് ഡിസ്േപ്ലയും ഉണ്ടായിരിക്കും. ഒമാൻ കൾച്ചറൽ കോംപ്ലക്സ് (ഒ.സി.സി) പദ്ധതിക്ക് 2014ൽ ആദ്യം ടെൻഡർ നൽകിയിരുന്നെങ്കിലും മുന്നോട്ടുപോയിരുന്നില്ല. ഈ പദ്ധതിയാണ് സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന് കീഴിൽ പുതുജീവൻ നൽകുന്നത്. ചരിത്രവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും അറിവും കഴിവും പ്രദാനം ചെയ്യുന്നതിനും സാംസ്കാരികവും കലാപരവുമായ നവീകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ദേശീയ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുന്നത്.
ഒമാന്റെ ഭൂതകാലവും വർത്തമാനവും സംരക്ഷിക്കാനും പ്രദർശിപ്പിക്കാനും ഒരു നാഴികക്കല്ല് സൃഷ്ടിക്കുന്നതിനുള്ള സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ദീർഘനാളത്തെ ആലോചനയാണ് ഒ.സി.സി എന്ന് മന്ത്രാലയം അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. പാർക്കിങ്, വാട്ടർ ഫീച്ചറുകൾ, ഓപൺ കൾചറൽ പ്ലാസ എന്നിവയുള്ള ലാൻഡ്സ്കേപ് ഗാർഡനുകളിലായാണ് മുഴുവൻ സമുച്ചയവും സജ്ജീകരിക്കുക.സാംസ്കാരിക, സാഹിത്യ, നാടക, ഗവേഷണ പ്രവർത്തനങ്ങളുടെ പുരോഗതിക്ക് ഒ.സി.സി സംഭാവന നൽകുകയും പിന്തുണക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.