ഒമാൻ കൾച്ചറൽ കോംപ്ലക്സ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം
text_fieldsമസ്കത്ത്: ഒമാൻ കൾച്ചറൽ കോംപ്ലക്സ് (ഒ.സി.സി) പദ്ധതിക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് തറക്കല്ലിട്ടു. ഒമാൻ കൾച്ചറൽ കോംപ്ലക്സിന്റെയും നാഷനൽ റെക്കോഡ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി (എൻ.ആർ.എ.എ) കെട്ടിടത്തിന്റെയും നിർമാണ പ്രവർത്തനങ്ങൾക്കാണ് സുൽത്താൻ തുടക്കം കുറിച്ചിരിക്കുന്നത്. 140 ദശലക്ഷം റിയാൽ ചെലവാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്. പദ്ധതി സ്ഥലത്തെത്തിയ സുൽത്താനെ സാംസ്കാരിക, കായിക, യുവജന മന്ത്രിയും ഒ.സി.സിയുടെ സ്ഥാപകസമിതി ചെയർമാനുമായ സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദും നാഷനൽ റെക്കോർഡ്സ് ആൻഡ് അതോറിറി ചെയർമാൻ ഡോ ഹമദ് ബിൻ മുഹമ്മദ് അൽ ധോയാനിയും സ്വീകരിച്ചു.
പദ്ധതിയുടെ ഉള്ളടക്കങ്ങൾ ഉയർത്തിക്കാട്ടുന്ന ഡിസ്പ്ലേ പാനലുകളിലൂടെ വരാനിരിക്കുന്ന കെട്ടിടത്തിന്റെ വിവിധ ഡിസൈനുകൾ സുൽത്താന് പരിചയപ്പെടുത്തി. ഉന്നത നിലവാരത്തിലുള്ള ഒരു കലാ-സാംസ്കാരിക ലക്ഷ്യസ്ഥാനം, നാഗരിക, സാംസ്കാരിക, ശാസ്ത്രീയ, ഭൗതിക നേട്ടങ്ങൾ, അനുഗൃഹീതമായ നവോത്ഥാനത്തിന്റെ പ്രതിനിധീകരിക്കുന്ന സ്ഥാപനം എന്നിങ്ങനെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പ്രോജക്റ്റിനെക്കുറിച്ച് ദൃശ്യ അവതരണത്തിലൂടെ കെട്ടിടത്തിന്റെ സമഗ്രമായ വിവരങ്ങൾ സുൽത്താൻ മനസ്സിലാക്കി. നാഷനൽ ലൈബ്രറി, നാഷനൽ തിയറ്റർ, ചിൽഡ്രൻസ് ലൈബ്രറി, ഹൗസ് ഓഫ് ആർട്സ്, സിനിമ ഹൗസ്, ലിറ്റററി ഫോറം, നാഷനൽ ഡോക്യുമെന്റ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി, റസ്റ്ററന്റുകൾ, കഫേകൾ, പൊതു ഉദ്യാന സേവനങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
സാംസ്കാരിക, സാഹിത്യ, നാടക, ഗവേഷണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുക, സാംസ്കാരിക പ്രവർത്തനങ്ങൾ, ഇവന്റുകൾ, പരിപാടികൾ എന്നിവ വർധിപ്പിക്കുക, സാംസ്കാരിക പ്രവർത്തന മേഖലകൾ വികസിപ്പിക്കുക, ഒമാനി സാംസ്കാരിക പദാവലി ശേഖരിക്കുക, ഒമാനി സാംസ്കാരിക പൈതൃകം ഉയർത്തിക്കാട്ടുക, പണ്ഡിതന്മാർക്കും ഗവേഷകർക്കും ശാസ്ത്രീയവും ഭൗതികവുമായ ഗവേഷണ സേവനങ്ങൾ നൽകുക തുടങ്ങിയവയാണ് ഒമാൻ കൾച്ചറൽ കോംപ്ലക്സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ദേശീയ സാംസ്കാരിക കേന്ദ്രമായി വിഭാവനം ചെയ്ത ഒമാൻ കൾച്ചറൽ കോംപ്ലക്സ് (ഒ.സി.സി) സ്ഥാപിക്കുന്നതിനുള്ള 147.8 ദശലക്ഷം റിയാലിന്റെ കരാറിൽ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ് നേരത്തേഒപ്പുവെച്ചിരുന്നു.
രണ്ട് കമ്പനികളുടെ കൺസോർഷ്യവുമായാണ് കരാർ ഒപ്പിട്ടത്. മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാകുന്ന കോംപ്ലക്സ് 400,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് എതിർവശത്തായാണ് ഒരുങ്ങുക.
ഒ.സി.സിയുടെ നിർമാണത്തിന് ടെൻഡർ ബോർഡ് നേരത്തേ അംഗീകാരം നൽകിയിരുന്നു. ഒമാൻ കൾച്ചറൽ കോംപ്ലക്സിനുള്ളിലെ മൂന്ന് വ്യത്യസ്ത കെട്ടിടങ്ങളിലായി നാഷനൽ തിയറ്റർ, നാഷനൽ ലൈബ്രറി, നാഷനൽ ആർക്കൈവ്സ് എന്നിവയുമുണ്ടാകും. നാഷനൽ തിയേറ്ററിൽ 1,000 പേർക്ക് ഇരിക്കാവുന്ന പ്രധാന ഓഡിറ്റോറിയവും 250 പേർക്ക് ഇരിക്കാവുന്ന ഹാളും ഉണ്ടായിരിക്കും.
ദേശീയ ലൈബ്രറി 20,000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള അഞ്ച് നില കെട്ടിടമായിരിക്കും. പൊതുജനങ്ങൾക്കായി ഭാഗികമായി തുറന്നിരിക്കുന്ന നാഷനൽ ആർക്കൈവ്സിൽ ഏകദേശം 20 കിലോമീറ്ററിൽ ഷെൽഫ് ഡിസ്പ്ലേയും ഉണ്ടായിരിക്കും. ഒമാൻ കൾച്ചറൽ കോംപ്ലക്സ് (ഒ.സി.സി) പദ്ധതിക്ക് 2014ൽ ആദ്യം ടെൻഡർ നൽകിയിരുന്നുവെങ്കിലും മുന്നേട്ടുപോയിരുന്നില്ല.
ഈ പദ്ധതിയാണ് സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന് കീഴിൽ പുതുജീവൻ നൽകുന്നത്. ചരിത്രവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും അറിവും കഴിവും പ്രദാനം ചെയ്യുന്നതിനും സാംസ്കാരികവും കലാപരവുമായ നവീകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ദേശീയ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുന്നത്. ഒമാന്റെ ഭൂതകാലവും വർത്തമാനവും സംരക്ഷിക്കാനും പ്രദർശിപ്പിക്കാനും ഒരു നാഴികക്കല്ല് സൃഷ്ടിക്കുന്നതിനുള്ള സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ദീർഘനാളത്തെ ആലോചനയാണ് ഒ.സി.സി എന്ന് മന്ത്രാലയം അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു.
പാർക്കിങ്, വാട്ടർ ഫീച്ചറുകൾ, ഓപൺ കൾച്ചറൽ പ്ലാസ എന്നിവയുള്ള ലാൻഡ്സ്കേപ് ഗാർഡനുകളിലായാണ് മുഴുവൻ സമുച്ചയവും സജ്ജീകരിക്കുക. സാംസ്കാരിക, സാഹിത്യ, നാടക, ഗവേഷണ പ്രവർത്തനങ്ങളുടെ പുരോഗതിക്ക് ഒ.സി.സി സംഭാവന നൽകുകയും പിന്തുണക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.