‘റാൻസം വെയർ’ ആക്രമണം: ഇലക്ട്രോണിക് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു
text_fieldsമസ്കത്ത്: ‘റാൻസം വെയർ’ സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുടെ ഇലക്ട്രോണിക് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ഒമാൻ സർക്കാറിെൻറ ചില കമ്പ്യൂട്ടർ ശൃംഖലകളെയും ‘റാൻസം വെയർ’ ബാധിച്ചതായും ആക്രമണങ്ങളെ നേരിടുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്നും ഒമാൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (ഒമാൻ സെർട്ട്) കഴിഞ്ഞദിവസം പ്രസ്താവനയിൽ അറിയിച്ചിരുന്നു. പരാതി പരിഹാര സംവിധാനം, വർക്ക് ലീവ് നോട്ടീസ്, വർക്ക് പെർമിറ്റ് റിക്വസ്റ്റ് തുടങ്ങിയ ഇലക്ട്രോണിക് സേവനങ്ങളെല്ലാം 48 മണിക്കൂർ നേരത്തേക്ക് നിർത്തിവെക്കുന്നതായി മാനവ വിഭവശേഷി മന്ത്രാലയം ഞായറാഴ്ച രാവിലെയാണ് അറിയിച്ചത്. പരിസ്ഥിതി-കാലാവസ്ഥ കാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, മസ്കത്ത് നഗരസഭ എന്നിവയുടെ ഇലക്ട്രോണിക് സേവനങ്ങളും മുൻകരുതൽ നടപടികളുടെ ഭാഗമായി താൽക്കാലികമായി നിർത്തിവെച്ചു. മസ്കത്ത് സെക്യൂരിറ്റീസ് മാർക്കറ്റ് ഒാൺലൈൻ ഒാഹരി ട്രേഡിങ് നിർത്തിവെച്ചു. സുരക്ഷയുടെ ഭാഗമായി തങ്ങളുടെ കമ്പ്യൂട്ടർ ശൃംഖലകളുടെ പ്രവർത്തനം അവസാനിപ്പിച്ചതായി സുൽത്താൻ ഖാബൂസ് സർവകലാശാലയും അറിയിച്ചു.
സൗജന്യവും സംശയം ജനിപ്പിക്കുന്നതുമായ സോഫ്റ്റ്വെയറുകൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാരോട് ആവശ്യപ്പെട്ടു. അറിയാത്ത വിലാസങ്ങളിൽനിന്നുള്ള ഇ-മെയിലുകൾ തുറക്കുകയോ ലിങ്കുകൾ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്. സുരക്ഷിത കമ്പ്യൂട്ടർ ഉപയോഗത്തിെൻറ ഭാഗമായി ബന്ധപ്പെട്ട അധികൃതരിൽനിന്നുള്ള അറിയിപ്പുകൾ ശ്രദ്ധിക്കുകയും വേണം. ഹാർഡ്വെയർ സംവിധാനങ്ങളും ആൻറിവൈറസ് സംവിധാനങ്ങളും അപ്ഡേറ്റ് ചെയ്യുന്നത് വരെ എല്ലാ ഇൻറർനെറ്റ്, ഇ-മെയിൽ ഇടപാടുകളും നിർത്തിവെക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. എല്ലാ ഇലക്ട്രോണിക് സംവിധാനങ്ങളും നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും രോഗികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ലെന്നും അധികൃതർ അറിയിച്ചു. കമ്പ്യൂട്ടറുകളിൽ നുഴഞ്ഞുകയറി വിവരങ്ങൾക്ക് നിശ്ചിത കോഡ് നൽകുകയും തുറക്കാൻ നിശ്ചിത തുക ആവശ്യപ്പെടുകയും ചെയ്യുന്ന ദുഷ്പ്രോഗ്രാമുകളായ റാൻസം വെയർ വിഭാഗത്തിൽ പെടുന്ന ‘വാണാക്രൈ’ വൈറസുകളാണ് സൈബർ ആക്രമണത്തിന് ഉപയോഗിച്ചത്.നിശ്ചിത തുക ബിറ്റ്കോയിൻ വഴി അടക്കണമെന്നാണ് ആവശ്യപ്പെടുക. മൂന്ന് ദിവസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ ആവശ്യപ്പെടുന്ന പണം ഇരട്ടിയാകും.
ഏഴു ദിവസത്തിനുള്ളിൽ പണം നൽകിയില്ലെങ്കിൽ വിവരങ്ങൾ നഷ്ടപ്പെടുമെന്നുമുള്ള സന്ദേശമാണ് വൈറസ് ബാധിച്ച കമ്പ്യൂട്ടറുകളിൽ കാണാൻ കഴിയുക. നൂറോളം രാജ്യങ്ങളിലെ ഏതാണ്ട് 57,000 കമ്പ്യൂട്ടറുകളെ ഇൗ വൈറസ് ബാധിച്ചതായാണ് കണക്കുകൾ.
ആക്രമണത്തെ പ്രതിരോധിക്കാം
മസ്കത്ത്: വിൻഡോസ് ഒാപറേറ്റിങ് സംവിധാനത്തിലെ സുരക്ഷപ്പിഴവാണ് ഹാക്കർമാർ മുതലെടുത്തതെന്ന് ‘ഒമാൻ സെർട്ട്’ അധികൃതർ പറഞ്ഞു. അതിനാൽ, ആക്രമണത്തിൽനിന്ന് സംരക്ഷണം നേടാൻ ഒാപറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്യണം. ഇതോടൊപ്പം ആൻറി മാൽവെയർ സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും അവ അപ്േഡറ്റ് ചെയ്യുകയും വേണം. ഇ-മെയിൽ ഉപയോഗിക്കുന്നവർ അറിയാത്ത വിലാസങ്ങളിൽനിന്ന് വരുന്ന മെയിലുകളിൽ അടങ്ങിയ ലിങ്കുകൾ തുറക്കരുത്.
എല്ലാ അറ്റാച്ച്മെൻറുകളും ഡൗൺലോഡ് ചെയ്യുന്നതിനുമുമ്പ് സ്കാൻ ചെയ്യുകയും വേണം. ഇരകളെ ലിങ്കുകൾ തുറക്കാൻ വിശ്വസിപ്പിക്കുന്ന രീതിയിലാകും ഇ-മെയിലിെൻറ ഉള്ളടക്കമെന്നതിനാൽ അതിജാഗ്രത പുലർത്തണം. ലിങ്ക് തുറന്നാൽ കമ്പ്യൂട്ടറിലേക്ക് നുഴഞ്ഞുകയറുന്ന വൈറസ് വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്ത് പണം ആവശ്യപ്പെടുകയാണ് ചെയ്യുക. മുൻകരുതൽ നടപടികളുടെ ഭാഗമായി പ്രധാനപ്പെട്ട രേഖകളുടെയും വിവരങ്ങളുടെയും പകർപ്പ് ശൃംഖലയുടെ ഭാഗമല്ലാത്ത മറ്റൊരു ഉപകരണത്തിലേക്ക് മാറ്റണമെന്നും ‘സെർട്ട്’ അധികൃതർ പറഞ്ഞു.
ഒരു കമ്പ്യൂട്ടറിൽ വൈറസ് ബാധിച്ചതായി കണ്ടെത്തിയാൽ അതിനെ ശൃംഖലയിൽ നിന്ന് വേർപെടുത്തിയാൽ മറ്റുള്ളവയിലേക്ക് അത് ബാധിക്കില്ല. ട്രെൻഡ് മൈക്രോ, കാസ്പറസ്കി, മക്ആഫി തുടങ്ങിയവയുടെ ആൻറി റാൻസം വെയർ പ്രോഗ്രാമുകൾ ഉപയോഗിക്കുന്നതും നല്ലതായിരിക്കും. ആക്രമണം ഉണ്ടാകുന്ന പക്ഷം വേണ്ട സഹായം നൽകാൻ ‘ഒമാൻ സെർട്ട്’ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ocert999@ita.gov.om എന്ന ഇ-മെയിൽ വിലാസത്തിലോ 24166828 എന്ന ഹോട്ട്ലൈൻ നമ്പറിലോ ‘സെർട്ട്’ അധികൃതരെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.