ഒമാന്‍ പ്രവാസി സാഹിത്യോത്സവ്; ബറക സോണ്‍ ജേതാക്കള്‍
text_fieldsസീബ് : ഒമാനിലെ പ്രവാസി വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച എഡിഷൻ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. എട്ട് വിഭാഗങ്ങളില്‍ 59 ഇനങ്ങളിലായി ഹൈൽ പ്രിൻസ് പാലസിൽ നടന്ന വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ 255 പോയന്റുമായി ബറക സോണ്‍ ജേതാക്കളായി. ബൗശർ, മസ്കത്ത് സോണുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.
ഒമാനിലെ 11 സോണുകളെ പ്രതിനിധീകരിച്ചെത്തിയ 350ലധികം പ്രതിഭകളാണ് രാവിലെ ഒമ്പത് മുതല്‍ രാത്രി 12 വരെ ഒമ്പത് വേദികളിലായി നടന്ന മത്സരങ്ങളില്‍ മാറ്റുരച്ചത്. പ്രധാനവേദിയിൽ മാപ്പിളപ്പാട്ട്, ഖവാലി, പ്രസംഗം, കവിത പാരായണം, ദഫ് തുടങ്ങിയ മത്സര ഇനങ്ങൾ നടന്നു. കലാപ്രതിഭയായി മുഹമ്മദ് ദാവൂദ് (മസ്കത്ത് സോണ്‍), സര്‍ഗപ്രതിഭയായി സഹിയ സൈനബ് (ബൗശർ സോണ്‍) എന്നിവരെ തിരഞ്ഞടുത്തു.
കലയും സാഹിത്യവും മനുഷ്യന്റെ വികസനത്തിനും ഉന്നമനത്തിനുമാണെന്ന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാവ് കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം മതവിശ്വാസം മുറുകെ പിടിക്കുമ്പോഴും മറ്റു മതക്കാരെ ഉൾക്കൊള്ളാൻ നമുക്കാവണമെന്നും രാമനുണ്ണി അഭിപ്രായപ്പെട്ടു.
ആര്.എസ്.സി നാഷനൽ എക്സിക്യൂട്ടിവ് സെക്രട്ടറി വി.എം. ശരീഫ് സഅദി മഞ്ഞപ്പറ്റ അധ്യക്ഷത വഹിച്ചു. നിസാർ സഖാഫി വയനാട് (ഐ.സി.എഫ് ഇന്റർനാഷനൽ), മുഹമ്മദ് ശാഫി നൂറാനി (ആർ.എസ്.സി ഗ്ലോബൽ), സയ്യിദ് ആബിദ് തങ്ങൾ (കെ.സി.എഫ് ഇന്റർനാഷനൽ), റാസിഖ് ഹാജി (ഐ.സി.എഫ് ഒമാൻ), സിദ്ദീഖ് ഹസൻ (മലയാളം വിങ് കോ. കൺവീനർ), അഡ്വ. മധുസൂദനൻ (കോളമിസ്റ്റ്) എന്നിവർ സംസാരിച്ചു.
ശഫീഖ് ബുഖാരി (ഐ.സി.എഫ് ഒമാൻ), കോയ കാപ്പാട് (വൈസ് ചെയർമാൻ കേരള ഫോക് ലോർ അക്കാദമി), ഷക്കീർ അരിമ്പ്ര (സെക്രട്ടറി എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ്), അബ്ദുൽ ജബ്ബാർ ഹാജി (കെ.വി ഗ്രൂപ്), ഹബീബ് അശ്റഫ് (ജനറല്‍ കണ്‍വീനര്‍ സ്വാഗതസംഘം), ഇസ്മാഈൽ സഖാഫി കാളാട് (ഐ.സി.എഫ് സീബ്) എന്നിവർ പങ്കെടുത്തു.
ആർ.എസ്.സി നാഷനൽ ജനറൽ സെക്രട്ടറി ടി.കെ. മുനീബ് കൊയിലാണ്ടി സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ അബ്ദുൽ ജലീൽ രണ്ടത്താണി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.