ഫലസ്തീൻ ആക്രമണം അവസാനിപ്പിക്കൽ ചർച്ചകളുമായി ഒമാൻ
text_fieldsമസ്കത്ത്: ഫലസ്തീനിൽ നടന്നുകൊണ്ടിരിക്കുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കുന്നതിനും ഗസ്സയിലെ ജനങ്ങൾക്കായി മാനുഷിക ഇടനാഴികൾ തുറക്കുന്നതിനുള്ള ശ്രമത്തിന്റെയും ഭാഗമായി ഒമാൻ വിവിധ രാജ്യങ്ങളുമായി ചർച്ചകളും കൂടിയാലോചനകളും നടത്തി.
ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദി നടത്തിയ ചർച്ചയിൽ സമാധാന പ്രക്രിയ പുനരാരംഭിക്കാനായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഫലസ്തീനിൽ തുടരുന്ന സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഗസ്സയിലെ ജനങ്ങൾക്കായി മാനുഷിക ഇടനാഴികൾ തുറക്കാനും അന്താരാഷ്ട്ര, മാനുഷിക നിയമങ്ങൾ പാലിക്കണമെന്നും ആഹ്വാനം ചെയ്തു.ഗസ്സയിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും നിലവിലെ അപകടകരമായ സാഹചര്യത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും ചർച്ച നടത്തി. ഗസ്സയിലെ സിവിലിയൻ ജനസംഖ്യയെ ഇല്ലാതാക്കുന്ന പ്രവൃത്തിയെ കുറിച്ച് ഇരുപക്ഷവും ആശങ്ക പ്രകടിപ്പിച്ചു. മാനുഷിക ആവശ്യങ്ങൾക്കായി പാതകൾ തുറന്നുകൊടുക്കുന്നതിനെക്കുറിച്ചും വൈദ്യുതി, ജല സ്റ്റേഷനുകൾ പുനരാരംഭിക്കുന്നതിനെ പറ്റിയും ഇരുവരും സംസാരിച്ചു.
വെള്ളിയാഴ്ച ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ സഫാദി സയ്യിദ് ബദറുമായി ഫോണിൽ സംസാരിച്ചു. അക്രമം വർധിക്കുന്നത് തടയാൻ നടത്തിയ പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങളെക്കുറിച്ചും ഗസ്സയിൽ ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള നിലവിലെ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളിൽനിന്ന് സാധാരണക്കാരെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. അതേസമയം, ഫലസ്തീനിലെ ജനങ്ങളെ സഹായിക്കുന്നതിനായി ഒമാൻ ചാരിറ്റബ്ൾ ഓർഗനൈസേഷൻ (ഒ.സി.ഒ) വഴി സംഭാവനകൾ നൽകാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി വിവിധ മാർഗങ്ങളാണ് ഒ.സി.ഒ ഒരുക്കിയിരിക്കുന്നത്.
ഒനീക് (ഒ.എൻ.ഇ.ഐ.സി) ഓട്ടോമേറ്റഡ് പേമെന്റ് മെഷീനുകൾ വഴിയോ ബാങ്ക് അക്കൗണ്ടിലൂടെയോ (ബാങ്ക് മസ്കത്ത്: 0423010869610013, ഒമാൻ അറബ് ബാങ്ക് അക്കൗണ്ട്: 3101006200500) സംഭാവന നൽകാമെന്ന് ഒ.സി.ഒ അറിയിച്ചു. പൊതുജനങ്ങൾക്ക് ഫോണിൽനിന്ന് ടെക്സ്റ്റ് മെസേജ് അയച്ചും സംഭാവനയിൽ പങ്കാളിയാകാം. ഒമാൻടെൽ ഉപയോക്താക്കൾക്ക് 90022 എന്ന നമ്പറിലേക്ക് ‘donate’ എന്ന് ടൈപ് ചെയ്തും ഉരീദോയിൽനിന്ന് ‘Palestine’ എന്ന് ടൈപ് ചെയ്തും സന്ദേശങ്ങൾ അയക്കാം.www.jood.om, www.oco.org.om എന്ന വെബ്സൈറ്റ് വഴിയും സംഭാവന ചെയ്യാനായി സൗകര്യം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.