ഖാർത്തൂമിലെ ഒമാൻ എംബസി സുരക്ഷിതം -വിദേശകാര്യ മന്ത്രാലയം
text_fieldsമസ്കത്ത്: സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ ഒമാൻ എംബസി സുരക്ഷിതമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ആഭ്യന്തര സംഘർഷത്തിൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ട സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിക്കുന്നത് പുരോഗമിക്കുന്നതിനിടെയാണ് വെടിനിർത്തൽ നടപ്പാക്കിയത്. യു.എസിന്റെയും സൗദി അറേബ്യയുടെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തലിന് ഇരു പക്ഷവും ധാരണയായത്. തിങ്കളാഴ്ച അർധരാത്രി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു.
ആഭ്യന്തര സംഘർഷം ആരംഭിച്ച ശേഷം ഇത് മൂന്നാം തവണയാണ് വെടിനിർത്തൽ പ്രഖ്യാപിക്കുന്നത്. ഈ മാസം 15ന് ആരംഭിച്ച ആഭ്യന്തര സംഘർഷത്തിൽ 427 പേർ കൊല്ലപ്പെട്ടതായാണ് യു.എൻ റിപ്പോർട്ട്. 3700ൽ അധികം പേർക്ക് പരിക്കേൽക്കുകയും നിരവധി പേർ ഭവന രഹിതരാവുകയും ചെയ്തു.
സുഡാനിലുള്ള ഒമാനി പൗരൻമാർ എല്ലാവരും സുരക്ഷിതരാണെന്ന് ഒമാൻ എംബസി നേരത്തെ അറിയിച്ചിരുന്നു. അവിടെയുള്ള ഒമാനികളെ ഒഴിപ്പിക്കാൻ ബന്ധപ്പെട്ട് അധികാരികളുമായി സഹകരിച്ചുകൊണ്ട് നടപടികൾ തുടരുന്നുണ്ടെന്നും സുഡാനിലെ ഒമാൻ എംബസി അധികൃതർ അറിയിച്ചു. തലസ്ഥാനമായ ഖാർത്തൂമിലെയും മറ്റ് നഗരങ്ങളിലെയും അസ്ഥിരമായ സുരക്ഷാ സാഹചര്യം കാരണം, ഒമാൻ വിദേശകാര്യ മന്ത്രാലയവുമായും സുഡാൻ അധികൃതരുമായും ഏകോപിപ്പിച്ച് പൗരന്മാരെ സുൽത്താനേറ്റിലേക്ക് മാറ്റുന്നതിനുള്ള പദ്ധതി പിന്തുടരുന്നുണ്ട്.
സ്ഥിതിഗതികൾ ശാന്തതയിലേക്കും സുസ്ഥിരതയിലേക്കും മടങ്ങിയെത്തുന്നതുവരെ സുഡാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും സുഡാനീസ് പ്രദേശത്തുള്ള പൗരന്മാരോട് തൽക്കാലം അവരുടെ വീടുകളിൽ തുടരണമെന്നും എംബസി നിർദേശിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്ക് 00249183471605, 00249904040016, 00249183471606, 00249912224166 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും എംബസി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.