ടോപ് ഗിയറിൽ ഒമാനിലെ 'പെൺ വണ്ടി'; ആദ്യമാസം 1000 ട്രിപ്പുകൾ
text_fieldsമസ്കത്ത്: രാജ്യത്തെ ഗതാഗതരംഗത്ത് വിപ്ലവങ്ങൾക്ക് തുടക്കമിട്ട് ആരംഭിച്ച വനിത ടാക്സിക്ക് യാത്രക്കാരിൽനിന്ന് മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് ഒ-ടാക്സി സി.ഇ.ഒ ഹരിത് അൽ മഖ്ബാലി. മസ്കത്ത് മാളിൽ അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ച് നടന്ന വനിത ടാക്സിയുടെ ഔദ്യോഗിക ലോഞ്ചിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസത്തിനുള്ളിൽ 1000 ട്രിപ്പുകൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും സി.ഇ.ഒ അറിയിച്ചു.
ഭിന്നശേഷികുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന അസോസിയേഷന്റെ ചെയർപേഴ്സനായ സയ്യിദ ഹുജൈജ ബിൻത് ജൈഫർ അൽ സഈദിന്റെ നേതൃത്വത്തിലായിരുന്നു വനിത ടാക്സിയുടെ സേവനം ഔദ്യോഗികമായി കഴിഞ്ഞ ദിവസം ആരംഭിച്ചത്. ഈവർഷം ജനുവരിയിലാണ് രാജ്യത്ത് വനിത ടാക്സി സർവിസിന് തുടക്കമായത്. ഒമ്പതു കാറുകളും 25 വനിത ഡ്രൈവർമാരുമായി തുടക്കത്തിൽ മസ്കത്ത് ഗവർണറേറ്റിലാണ് സർവിസ് നടത്തുന്നത്. മറ്റു ഗവർണറേറ്റുകളിലേക്കും സർവിസ് ഉടൻ വ്യാപിക്കാൻ കമ്പനി ആലോചിക്കുന്നുണ്ട്.
തുടക്കമെന്ന നിലയിൽ രാവിലെ ആറുമണി മുതൽ രാത്രി പത്തുമണിവരെയായിരിക്കും സേവനം ലഭിക്കുക. സമീപ ഭാവിയിൽതന്നെ 24 മണിക്കൂറും സേവനം നൽകുന്നതിലേക്കു മാറും. രണ്ടാം ഘട്ടത്തിൽ സുഹാറിലേക്കും സലാലയിലേക്കും വനിത ടാകസി സർവിസ് വ്യാപിപ്പിക്കുമെന്നും സി.ഇ.ഒ അറിയിച്ചു. ഈ വർഷത്തിനുള്ളിൽ വനിത ഡ്രൈവർമാരുടെ എണ്ണം 200 ആയി ഉയർത്താനും കമ്പനി ആലോചിക്കുന്നുണ്ട്.
വെള്ള, പിങ്ക് നിറങ്ങളിലുള്ളതാണ് വനിത ടാക്സി. മസ്കത്തിൽ വീട്ടുവാതിൽക്കൽവരെ സേവനം എത്തിക്കുന്ന തരത്തിലാണ് സർവിസ് ഒരുക്കിയിരിക്കുന്നത്. വനിത ടാക്സി സർവിസ് നടത്താൻ 'ഒ-ടാക്സി' കമ്പനിക്കാണ് ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്.
ഇവരുടെ ആപ്ലിക്കേഷൻ ഉപയോഗിച്ച് ടാക്സി ബുക്ക് ചെയ്യാം. നിരക്കുകളിൽ മാറ്റങ്ങളൊന്നുമില്ല. കോളജുകളിലേക്കും ഓഫിസുകളിലേക്കും പോകുന്ന നിരവധി ആളുകൾക്ക് സർവിസ് ഗുണകരമാകുന്നുണ്ട്. നിരവധി സ്ത്രീകൾക്ക് ഭാവിയിൽ തൊഴിലവസരങ്ങൾ ഈ മേഖലയുമായി ബന്ധപ്പെട്ട് ലഭിക്കുമെന്നാണ് കരുതുന്നത്.
2018ലാണ് ഒ-ടാക്സി കമ്പനി രാജ്യത്ത് പ്രവർത്തനമാരംഭിക്കുന്നത്. നിലവിൽ മസ്കത്ത്, സൂർ, നിസ്വ, സുഹാർ, സലാല തുടങ്ങിയ പ്രധാന നഗരങ്ങളിലായി 1800ലധികം ഡ്രൈവർമാർ കമ്പനിക്കു കീഴിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.