ഒമാൻ ഫ്ലോർ മിൽസ് കർഷകരിൽനിന്ന് വാങ്ങിയത് 5,000 ടൺ ഗോതമ്പ്
text_fieldsമസ്കത്ത്: ഗോതമ്പ് പർച്ചേസ് സബ്സിഡി പ്രോഗ്രാമിന്റെ ഭാഗമായി കർഷകരിൽനിന്ന് വർഷംതോറും ഗോതമ്പ് വാങ്ങാൻ ഒമാൻ ഫ്ലോർ മിൽസ്. ഇതുവരെ 5,000 ടൺ ഒമാനി ഗോതമ്പ് വാങ്ങിയതായി കമ്പനി അറിയിച്ചു.
ഭക്ഷ്യസുരക്ഷ ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും കർഷകരെ പിന്തുണക്കുന്നതിനും ഭക്ഷ്യോൽപന്നങ്ങൾക്കായി വിപണിയിൽ എത്തിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ച് ഒമാനിലെ പ്രധാന തന്ത്രപരമായ വിളകളിലൊന്നായി ഗോതമ്പുകൃഷി വ്യാപിപ്പിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വരും വർഷങ്ങളിലും കർഷകരിൽനിന്ന് ഗോതമ്പ് വാങ്ങി പ്രാദേശിക വിപണികളിൽ എത്തിക്കാനുള്ള പദ്ധതികൾ കമ്പനി തുടരുമെന്ന് ഒമാൻ ഫ്ലോർ മിൽസ് സി.ഇ.ഒ ഹൈതം ബിൻ മുഹമ്മദ് അൽ ഫന്ന പറഞ്ഞു ഒമാൻ വാർത്ത ഏജൻസിയോട് പറഞ്ഞു.
2022-23 വിളവെടുപ്പ് സീസണിൽ ഒമാനി കർഷകരിൽനിന്ന് ഗോതമ്പ് വാങ്ങുന്നതിന് ഒമാൻ ഫ്ലോർ മിൽസ് കമ്പനിയുമായി കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം കരാർ ഒപ്പിട്ടിട്ടുണ്ട്. കരാർ പ്രകാരം, മന്ത്രാലയം ഒമാനി കർഷകരിൽനിന്ന് ഒരു ടൺ ഗോതമ്പ് 500 റിയാലിന് വാങ്ങും. ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനും കർഷകരെ സഹായിക്കാനുമാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
നിരവധി അന്താരാഷ്ട്ര, പ്രാദേശിക, സംഘടനകളുമായും ഗവേഷണ കേന്ദ്രങ്ങളുമായും സഹകരിച്ച് ഗോതമ്പ് വിളയുടെ ഉൽപാദനം വർധിപ്പിക്കുന്നതിന് മന്ത്രാലയം വളരെയധികം ശ്രദ്ധ ചെലുത്തുകയും പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്.
മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2020-21 കാർഷിക സീസണിൽ ഒമാൻ 2,649 ടൺ ഗോതമ്പാണ് ഉൽപാദിപ്പിച്ചത്. 2019-20 സീസണിനെ അപേക്ഷിച്ച് 19.6 ശതമാനം വർധനയാണുണ്ടായത്. 2,449 ഏക്കറിലാണ് ഗോതമ്പ് കൃഷി ചെയ്യുന്നത്. കർഷകരുടെ എണ്ണം 5.5 ശതമാനം വർധിച്ച് 2020-21ൽ 3,067 എത്തിയെന്നും മന്ത്രാലയം അറിയിച്ചു.
ദാഖിലിയ ഗവർണറേറ്റിലാണ് ഒമാനിൽ ഏറ്റവും കൂടുതൽ ഗോതമ്പുകൃഷി നടക്കുന്നത്. 1,109 ഏക്കർ സ്ഥലത്താണ് ഗവർണറേറ്റിൽ കൃഷി നടക്കുന്നത്. ഇത് രാജ്യത്തെ മൊത്തം ഗോതമ്പ് കൃഷിഭൂമിയുടെ 45 ശതമാനമാണ്. ഗോതമ്പ് ഉൽപാദനത്തിലും ദാഖിലിയ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 1,465 ടൺ ഗോതമ്പാണ് ദാഖിലിയയിൽ കഴിഞ്ഞ സീസണിൽ ഉൽപാദിപ്പിച്ചത്.
ഇത് ഒമാനിലെ മൊത്തം ഗോതമ്പ് ഉൽപാദനത്തിന്റെ 55 ശതമാനമാണ്. എന്നാൽ, ഒമാനിൽ പ്രാദേശികമായി കൃഷി ചെയ്യുന്ന ഗോതമ്പ് രാജ്യത്തിന്റെ ആഭ്യന്തര ആവശ്യങ്ങൾക്ക് തികയില്ല. ആസ്ട്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്താണ് ആഭ്യന്തര ആവശ്യം നിറവേറ്റുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.