ഒമാൻ ഫുട്ബാൾ ടീമിന് സ്വന്തം ആശാൻ
text_fieldsമസ്കത്ത്: ഒമാൻ ഫുട്ബാൾ ടീം പരിശീലകൻ ജറോസ്ലാവ് സിൽഹവിയെ ഫുട്ബാൾ അസോസിയേഷൻ പുറത്താക്കി. പിന്നാലെ പുതിയ കോച്ചായി ഒമാന്റെ മുൻ പരിശീലകൻ റഷീദ് ജാബിറിനെ നിയമിക്കുകയും ചെയ്തു. നിലവിൽ സീബ് ക്ലബിന്റെ പരിശീലകനായി പ്രവർത്തിച്ച് വരികയായിരുന്നു.
ലോകകപ്പ് യോഗ്യത റൗണ്ടിലെ റെഡ് വാരിയേഴ്സിന്റെ ഇനിയുള്ള മത്സരങ്ങൾക്ക് തന്ത്രങ്ങൾ മെനയുക ഇദ്ദേഹം ആയിരിക്കും. സുൽത്താനേറ്റിലെ അറിയപ്പെടുന്ന മുഖമായ ജാബിർ മികച്ച അനുഭവസമ്പത്തുമായാണ് ടീമിനെ നയിക്കാനെത്തുന്നത്.
2022ൽ സീബ് ക്ലബിനെ എ.എഫ്.സി കപ്പിൽ ജേതാക്കളാക്കിയതിന് പിന്നിൽ ഇദ്ദേഹത്തിന്റെ തന്ത്രമായിരുന്നു. കോണ്ടിനെന്റൽ തലത്തിൽ കിരീടം ചൂടിയ സുൽത്താനേറ്റിൽനിന്നുള്ള ഏക ക്ലബ് കൂടിയാണ് സീബ്. നേരത്തെ 2002ൽ സൗദി അറേബ്യയിൽ നടന്ന ഗൾഫ് കപ്പിൽ ഒമാനെ നയിച്ച ജാബിർ, ദോഫാർ, അൽ നാസർ ക്ലബുകൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.
അടുത്തമാസം പത്തിന് സ്വന്തം തട്ടകത്തിൽ കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിനായി ടീമിനെ അണിയിച്ചൊരുക്കുകയാണ് പുതിയ കോച്ചിന് മുന്നിലെ പ്രധാന വെല്ലുവിളി.
നിർണായക മത്സരത്തിന് മുന്നോടിയായി ടീമിനെ പുനഃക്രമീകരിക്കാനും അസിസ്റ്റന്റ് ടെക്നിക്കൽ സ്റ്റാഫിനെ നിയമിക്കുകയും വേണം. ടീമിൽ ചില മാറ്റങ്ങൾ വരുത്താനും സാധ്യതയുണ്ട്. മുൻ കോച്ച് ഒഴിവാക്കിയ കളിക്കാരെ തിരിച്ച് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, തികച്ചും അപ്രതീക്ഷിതമായിരുന്നു ജറോസ്ലാവ് സിൽഹവിയയുടെ പുറത്താക്കൽ നടപടി. മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തിട്ട് ഏഴു മാസം തികയുന്നതിനിടക്കാണ് കോച്ചിന്റെ പടിയിറക്കമെന്നതും ശ്രദ്ധേയമാണ്. പരസ്പര സമ്മതത്തോടെയാണ് കരാർ അവസാനിപ്പിച്ചതെന്നാണ് ഫുട്ബാൾ അസോസിയേഷൻ എക്സിൽ അറിയിച്ചത്.
ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലെ നിർണായകമായ ആദ്യ രണ്ട് മത്സരങ്ങളിൽ റെഡ് വാരിയേഴ്സ് തോറ്റിരുന്നു. ഇതാണ് കോച്ചിന്റെ പുറത്താക്കലിലേക്ക് നയിച്ചത്. ചുമതലയേറ്റെടുത്തിനുശേഷം ടീമിന്റെ സാങ്കേതിക-കായികക്ഷമത ഉയർത്താനുള്ള പരിശീലനമാണ് പ്രധാനമായും നൽകിയിരുന്നത്.
ഇതിനായി സ്വദേശത്തും വിദേശത്തും നിരവധി ക്യാമ്പുകൾ ഒരുക്കുകയും ചെയ്തിരുന്നു. മോശമല്ലാത്ത പ്രകടനമായിരുന്നു കോച്ചിന് കീഴിൽ റെഡ് വാരിയേഴ്സ് നടത്തിയിരുന്നത്. ടീമിന്റെ പ്രകടനത്തിൽ ആരാധകർ തൃപ്തരല്ലായിരുന്നുവെങ്കിലും കോച്ചിനെ പുറത്താക്കണമെന്നാവശ്യം താരതമ്യേനെ കുറവായിരുന്നു.
ഖത്തറിൽ നടന്ന ഏഷ്യൻ കപ്പിലെ ഒമാന്റെ മോശം പ്രകടനത്തെ തുടർന്ന് പുറത്താക്കിയ കോച്ച് ക്രൊയേഷ്യൻ താരം ബ്രാങ്കോ ഇവാൻകോവിച്ചിന് പകരക്കാരനായാണ് ഈ വർഷത്തിന്റെ തുടക്കത്തിൽ ചെക്ക് റിപ്പബ്ലിക്കിന്റെ കോച്ചായിരുന്ന ജറോസ്ലാവ് സിൽഹവിയെ നിയമിച്ചത്.
2026 വരെയായിരുന്നു കരാർ. 62കാരനായ ജറോസ്ലാവ് സിൽഹവി ചെക്ക് ദേശീയ ടീമിനെയും നിരവധി ചെക്ക് ക്ലബുകളെയും പരിശീലിപ്പിച്ച അനുഭവസമ്പത്തുമായാണ് റെഡ് വാരിയേഴ്സിന് തന്ത്രം മെനയാൻ എത്തിയിരുന്നത്. അതേസമയം, കോച്ചിനെ മാത്രം മാറ്റിയതുകൊണ്ട് കാര്യമില്ലെന്നും ടീമിൽ അടിമുടി മാറ്റം വേണമെന്നുമാണ് ആരാധകർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.