157 വിദേശികൾക്ക് ഒമാൻ പൗരത്വം നൽകി
text_fieldsമസ്കത്ത്: 157 വിദേശികൾക്ക് ഒമാൻ പൗരത്വം നൽകി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ഞായറാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് രണ്ടാം തവണയാണ് സുൽത്താൻ ഹൈതം പൗരത്വം നൽകുന്നത്. കഴിഞ്ഞ ഡിസംബറിൽ 32 പേർക്ക് പൗരത്വം നൽകിയിരുന്നു. ഒമാനി പൗരത്വവും പാസ്പോർട്ടും ലഭിക്കുന്നതിനായി വിദേശികൾ 600 രൂപ ചെലവ് വരുന്ന അപേക്ഷയാണ് ആഭ്യന്തര മന്ത്രാലയത്തിൽ നൽകേണ്ടത്. ഒമാനി പൗരന്മാരുടെ പങ്കാളികളോ മുൻ പങ്കാളികളോ ആണെങ്കിൽ 300 രൂപയാണ് അപേക്ഷക്ക് ചെലവ് വരുക.
ദീർഘനാൾ ഒമാനിൽ ജീവിക്കുകയും ജോലി ചെയ്തുവരുകയും ചെയ്യുന്നവർക്കാണ് പൗരത്വത്തിന് അപേക്ഷിക്കാൻ അർഹത. അപേക്ഷകർക്കെതിരെ ഒരു തരത്തിലുള്ള കേസുകളും ഉണ്ടാകാൻ പാടില്ല. ഇതിന് പകർച്ചവ്യാധിയടക്കം രോഗബാധിതരല്ലെന്ന സർട്ടിഫിക്കറ്റുകളും സമർപ്പിക്കണം.
ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷിക്കുന്നവരുടെ അറബി ഭാഷയിലെ അറിവാണ് ആദ്യം അളക്കുക. എഴുത്ത്/അഭിമുഖ പരീക്ഷയാണ് മന്ത്രാലയം നടത്തുക. തോൽക്കുന്നപക്ഷം ആറു മാസത്തിനുശേഷം വീണ്ടും പരിശ്രമം നടത്താം. മൊത്തം നാല് അവസരങ്ങളാണ് ഉണ്ടാവുക.
പൗരത്വം ലഭിക്കുന്നപക്ഷം ആദ്യ 10 വർഷക്കാലയളവിൽ ആറു മാസത്തിലധികം സമയം വിദേശത്ത് തങ്ങരുത്. ഇങ്ങനെ തങ്ങണമെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിെൻറ പ്രത്യേക പെർമിറ്റ് ആവശ്യമായിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.