ഒമാൻ ഹജ്ജ് മിഷൻ സംഘം മദീനയിലേക്കു തിരിച്ചു
text_fieldsമസ്കത്ത്: ഒമാനിൽനിന്നെത്തുന്ന തീർഥാടകരെ സഹായിക്കാൻ ഹജ്ജ് മിഷൻ അംഗങ്ങൾ മദീനയിലേക്കു തിരിച്ചു. മിഷൻ ഡെപ്യൂട്ടി ഹെഡ് അബ്ദുൽ അസീസ് ബിൻ മസൂദ് അൽ ഗഫ്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞദിവസം യാത്ര തിരിച്ചത്.
ഒമാനിൽനിന്നുള്ള മൊത്തം തീർഥാടകരിൽ 52 ശതമാനം വരുന്ന ഹാജിമാർക്കുള്ള സേവനങ്ങൾ സംഘം നൽകും. ഹജ്ജ് മിഷന്റെ ആദ്യ സംഘം ദിവസങ്ങൾക്കു മുമ്പ് സൗദിയിലേക്കു തിരിച്ചിരുന്നു. സുൽത്താൻ ബിൻ സഈദ് അൽ ഹിനായിയായിരുന്നു ഹജ്ജ് മിഷനെ നയിച്ചിരുന്നത്
മിന, അറഫ ക്യാമ്പുകളുടെ ഒരുക്കങ്ങൾ കരാർ പ്രകാരമാണ് നടക്കുന്നതെന്ന് ഒമാനി ഹജ്ജ് മിഷൻ മേധാവി കഴിഞ്ഞയാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു.
തീർഥാടകർ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും ചടങ്ങുകൾ അനുഷ്ഠിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യാനുംവേണ്ട സൗകര്യങ്ങൾ രണ്ട് ക്യാമ്പുകളിലുമുണ്ടാകും.
ഈ വർഷം14,000 തീർഥാടകർക്കാണ് ഹജ്ജിന് പോകാൻ അനുമതി കിട്ടിയിട്ടുള്ളത്. ഇതിൽ 13,500 ഒമാനികളും 250 അറബ് താമസക്കാരും 250 അറബ് ഇതര താമസക്കാരുമാണ് ഉൾപ്പെടുന്നത്. എറ്റവും കൂടുതൽ ഹജ്ജിനു പോകുന്നത് മസ്കത്ത് ഗവർണറേറ്റിൽനിന്നാണ്. ആകെ തീർഥാടകരുടെ 20.77 ശതമാനവും ഇവിടെനിന്നുള്ളവരാണ്. 19.86 ശതമാനവുമായി വടക്കൻ ബാത്തിനയാണ് തൊട്ടടുത്ത്. കുറവു തീർഥാടകരുള്ളത് അൽവുസ്തയിൽനിന്നാണ്-ഒമ്പത് ശതമാനം. പ്രായം, കുടുംബാവകാശം, മഹ്റം, സഹയാത്രികർ, ആവർത്തിച്ചുള്ള അപേക്ഷകൾ, ഹജ്ജിന്റെ തരം, ഏറ്റവും പ്രായം കൂടിയ വ്യക്തി, മരിച്ച വ്യക്തിയുടെ പേരിൽ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് അപേക്ഷകരിൽനിന്ന് വിശുദ്ധ കർമത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.