ബഹിരാകാശമേഖലയിൽ വീണ്ടും കുതിച്ചുയർന്ന് ഒമാൻ
text_fieldsമസ്കത്ത്: നൂതന റിമോട്ട് സെൻസിങ്ങും എ.ഐ ശേഷിയുള്ള തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഉപഗ്രഹം ‘ഒ.എൽ-1’ ഒമാൻ വിക്ഷേപിച്ചു. ‘ഒമാൻ ലെൻസ്’ കമ്പനി അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷൻ ഓർഗനൈസേഷനിൽ (ഐ.ടി.യു) സുൽത്താനേറ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ ഉപഗ്രഹമാണ് കഴിഞ്ഞ ദിവസം ചൈനയിൽനിന്ന് വിക്ഷേപിച്ചത്.
ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തോടെ, ബഹിരാകാശ സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് കുതിച്ച് കയറാനും സുൽത്താനേറ്റിനായി. പരിസ്ഥിതി നിരീക്ഷണം, നഗരാസൂത്രണം, റിസോഴ്സ് മാനേജ്മെന്റ് എന്നിവയുൾപ്പെടെ ഒമാനിലെ നിരവധി മേഖലകളെ പിന്തുണക്കുന്നതിൽ ഈ ഉപഗ്രഹം നിർണായക പങ്ക് വഹിക്കും.
എ.ഐ അധിഷ്ഠിത ഡാറ്റാ വിശകലനം നടത്താൻ രൂപകൽപന ചെയ്തിരിക്കുന്ന ഉപഗ്രഹം, ഒമാന്റെ പ്രകൃതിദത്തവും നഗരപരവുമായ പ്രകൃതിദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്ന മികച്ച ചിത്രങ്ങളും നൽകും.
തദ്ദേശീയമായി വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പ്യൂട്ടിങ്ങിനായുള്ള ആദ്യത്തെ നൂതന ഒപ്റ്റിക്കൽ ഉപഗ്രഹമാണിത്. സുൽത്താനേറ്റിന് ഭൗമനിരീക്ഷണത്തിനുള്ള വിപുലമായ കഴിവുകൾ നൽകാൻ ലക്ഷ്യമിട്ടുള്ള ഉപഗ്രഹങ്ങളുടെ കൂട്ടത്തിൽ ആദ്യത്തേത് കൂടിയാണിത്.
ഈ നേട്ടം ദേശീയ വികസനത്തിനായുള്ള സാങ്കേതിക നവീകരണത്തിനും ഡേറ്റാധിഷ്ഠിത പരിഹാരങ്ങൾക്കുമുള്ള ഒമാന്റെ പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നതാണ്. ഇത് നിരീക്ഷണ ശേഷി വർധിപ്പിക്കുക മാത്രമല്ല, ബഹിരാകാശത്ത്നിന്ന് നേരിട്ട് ദ്രുത വിശകലനങ്ങൾ നൽകുന്നതിന് കൃത്രിമബുദ്ധി ഉപയോഗിക്കും.
സ്റ്റാർ വിഷൻ എയ്റോസ്പേസ്, മാർസ് ഡെവലപ്മെന്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനി എന്നിവയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെയാണ് ഉപഗ്രഹ പദ്ധതി യഥാർഥ്യമാക്കിയത്.
ഉപഗ്രഹ വിക്ഷേപണത്തോടെ, ഒമാൻ ലെൻസിന് പൊതു-സ്വകാര്യ മേഖലകൾക്ക് ഉയർന്ന വേഗതയിൽ പ്രവർത്തനക്ഷമമായ ഡാറ്റ നൽകാനും സമ്പദ്വ്യവസ്ഥയുടെ മൂല്യം വർധിപ്പിക്കാനും ആഗോള ബഹിരാകാശ മേഖലയുടെ വിപുലമായ സംഭാവനയായി ഒമാനെ ലോക ഭൂപടത്തിൽ അടയാപ്പെടുത്താനും സാധിക്കും. 2023 നംവംബർ 11ന് ഒമാന്റ പ്രഥമ ഉപഗ്രഹമായ അമാൻ ഒന്ന് വിജയകരമായി വിക്ഷേപിച്ചിരുന്നു.
രണ്ടാമത്തെ ശ്രമത്തിലായിരുന്നു ഉപഗ്രഹത്തെ ഭ്രമണ പഥത്തിലെത്തിക്കാൻ കഴിഞ്ഞത്. 2022 ഒക്ടോബറിലാണ് ആദ്യ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ വർഷം ജനുവരി പത്തിന് വിക്ഷേപണം നടത്തിയെങ്കിലും സാങ്കേതിക പിഴവ് കാരണം പരാജയപ്പെടുകയായിരുന്നു.
ഒമാൻ ബഹിരാകാശ കമ്പനിയായ എറ്റ്കോ സ്പെയ്സാണ് ഉപഗ്രഹം വിക്ഷേപിക്കാനുളള ശ്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത്. സ്പേസെക്സിന്റെ ഫാൽക്കൻ ഒമ്പത് റോക്കറ്റിൽ ഘടിപ്പിച്ച് കാലിഫോർണിയിലെ വിക്ഷേപണതറയിൽനിന്നായിരുന്നു ഉപഗ്രഹം വിജയകരമായി ഭ്രമണ പഥത്തിൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.