ഒമാൻ ഹെൽത്ത് എക്സിബിഷൻ: 150 പ്രദർശകർ
text_fieldsമസ്കത്ത്: രാജ്യത്തിന്റെ ആരോഗ്യമേഖയിൽ വികസനത്തിന്റെ പുത്തനുണർവേകുന്ന ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള 150 പ്രദർശകർ പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു . സെപ്റ്റംബർ 26 മുതൽ 28 വരെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ ഹാൾ നമ്പർ അഞ്ചിലായിരിക്കും പരിപാടി. മേളയിൽ 5000 ത്തിലധികം ആളുകൾ സംബന്ധിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. സയ്യിദ് ഫഹർ ബിൻ ഫാത്തിക് ബിൻ ഫഹർ അൽ സഈദ് ഉദ്ഘാടനം ചെയ്യും. ഒമാൻ ആരോഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ എക്സിബിഷൻസ് ഓർഗനൈസിങ് കമ്പനിയായ 'കണക്ടാണ്' മേള സംഘടിപ്പിക്കുന്നത്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫാർമസ്യൂട്ടിക്കൽ അഫയേഴ്സ് ആൻഡ് ഡ്രഗ് കൺട്രോൾ (പി.എ.ഡി.സി), ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസ് സെന്റർ (ഡി.ജി.ക്യു.എ.സി), ഡയറക്ടറേറ്റ് ജനറൽ ഓഫ് പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്മെന്റ് എന്നിവ പിന്തുണ നൽകുകയും ചെയ്യും. 'ഹീൽമി കേരള'യുമായി 'ഗൾഫ് മാധ്യമ'വും മേളയുടെ ഭാഗമാകുന്നുണ്ട്. കേരളത്തിന്റെ ആരോഗ്യമേഖലയിലെ നേട്ടങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രാവിലെ ഒമ്പത് മുതൽ രാത്രി എട്ടുവരെയായിരിക്കും പ്രദർശനം കാണാനുള്ള സമയം. മൂന്ന് ദിവസങ്ങളിൽ കോൺഫറൻസിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് 4.15വരെ വിവിധ പരിപാടികൾ നടക്കും. എക്സിബിഷനിലെ പ്രധാന ആകർഷണം ആരോഗ്യമന്ത്രാലയത്തിന്റെ ബൂത്ത് നമ്പർ 108 ആയിരിക്കുമെന്ന് അധികൃതർ പറഞ്ഞു. ആരോഗ്യ സംരക്ഷണത്തെ ബാധിക്കുന്ന കാര്യങ്ങളെ പറ്റിയുള്ള നൂതന പരിഹാരങ്ങൾ ഈ ബൂത്തിലൂടെ ലഭ്യമാകും.
ആരോഗ്യ സംരക്ഷണത്തിലും സംരഭകത്വത്തെ പറ്റിയും പുതിയ അറിവുകൾ പകരുന്നതിന് ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസ് അവസരമൊരുക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ക്വാളിറ്റി അഷ്വറൻസ് സെന്റർ ഡയറക്ടർ ജനറൽ ഡോ. ഖമ്ര സഈദ് അൽ സരിരി പറഞ്ഞു. ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ദീർഘകാല വികസനത്തിനും അതിന്റെ സുസ്ഥിര പുരോഗതിക്കും സംഭാവന നൽകുന്ന ഏറ്റവും അവശ്യ സ്തംഭങ്ങളിലൊന്നാണ് ആരാഗ്യമേഖല. ഈ മേഖലയിലെ പ്രസക്തമായ പ്രശ്നങ്ങളും ആശങ്കകളും വെല്ലുവിളികളും അഭിസംബോധന ചെയ്യുന്ന ഫലപ്രദമായ ചർച്ചകൾ ഒമാൻ ഹെൽത്ത് കെയർ ആൻഡ് എക്സിബിഷന്റെ ഭാഗമായി നടക്കുമെന്ന് സംഘാടകർ പറഞ്ഞു.
സുൽത്താനേറ്റിലെ ഏറ്റവും വലിയ ആരോഗ്യമേളയാണ് ഒമാൻ ഹെൽത്ത് എക്സിബിഷൻ. വിവിധ രാജ്യങ്ങളിലെ ആരോഗ്യസ്ഥാപനങ്ങൾ, മരുന്ന് നിർമാണ കമ്പനികൾ, ആരോഗ്യസുരക്ഷ സ്ഥാപനങ്ങൾ, ആരോഗ്യ ഉപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾ എന്നിവ പങ്കെടുക്കും. മെഡിക്കൽ ടൂറിസം, ആരോഗ്യ സാങ്കേതിക വിദ്യ, ലബോറട്ടറി ഉപകരണങ്ങൾ, മറ്റ് ഉപകരണങ്ങളും സേവനവും നൽകുന്നവർ, അന്താരാഷ്ട്ര ആശുപത്രികൾ, ആരോഗ്യ, മെഡിക്കൽ സെൻററുകൾ എന്നിവയുടെ പ്രതിനിധികളും പ്രദർശനത്തിലുണ്ടാവും.
ഇവർ തമ്മിൽ ആശയവിനിമയത്തിനുള്ള വേദിയായും മേള മാറും. ഇന്ത്യ, ഒമാൻ, പോളണ്ട്, ചെക് റിപ്പബ്ലിക്, ഇറാൻ, തായ്ലൻഡ്, തുർക്കിയ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള പ്രാദേശിക അന്താരാഷ്ട്ര സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.