ഒമാൻ ഹെൽത്ത് എക്സിബിഷൻ; ഒരുക്കം അവസാന ഘട്ടത്തിൽ
text_fieldsമസ്കത്ത്: ആരോഗ്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ മേളയായ ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസിന്റെ (ഒ.എച്ച്.ഇ.സി) ഒരുക്കം പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു. ഈ മാസം 18, 19, 20 തീയതികളിലായി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് പരിപാടികൾ നടക്കുക. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് കണക്ടാണ് ഹെൽത്ത് എക്സിബിഷൻ ഒരുക്കുന്നത്.
ആരോഗ്യ സംരക്ഷണ സാങ്കേതിക വിദ്യകളിലും സമ്പ്രദായങ്ങളിലും ഏറ്റവും പുതിയവ പ്രദർശിപ്പിക്കുന്നതിനു പുറമേ, സഹകരണത്തിലും വ്യാപാര പ്രോത്സാഹനത്തിലും ഒ.എച്ച്.ഇ.സി ശ്രദ്ധ കേന്ദ്രീകരിക്കും. ആരോഗ്യ സംരക്ഷണം, ആധുനിക വൈദ്യശാസ്ത്രം, നിക്ഷേപ തന്ത്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കും. രോഗികളുടെ ഇടപഴകലും കമ്യൂണിറ്റി പങ്കാളിത്തവും കേന്ദ്രീകരിച്ച് പരിപാടിയുടെ രണ്ടാം ദിവസം ലോക രോഗീസുരക്ഷ ദിനമായി ആചരിക്കും. ദേശീയ അന്തർദേശീയ ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്നത് അറിവും അനുഭവങ്ങളും കൈമാറാൻ സഹായിക്കും.
ഇത് ഒമാന്റെ ആരോഗ്യ പരിപാലന മേഖലയുടെ വികസനത്തിന് നിർണായകമാണെന്ന് ക്വാളിറ്റി അഷ്വറൻസ് സെന്റർ ഡയറക്ടർ ജനറൽ ഡോ. കമ്ര പറഞ്ഞു.ഒമാന്റെ ഹെൽത്ത് വിഷൻ 2050ഉമായി ഒത്തുപോകുന്നതാണ് ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസ്. മെഡിക്കൽ ടൂറിസത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനമായി സുൽത്താനേറ്റിനെ മാറ്റുന്നതിനുള്ള പങ്ക് അടിവരയിടുന്നതാണിത്. ഇന്ത്യ, ഇറാൻ, മലേഷ്യ, തായ്ലൻഡ്, പോളണ്ട്, പാകിസ്താൻ, യു.കെ, ലബനാൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മേളയിൽ സംബന്ധിക്കും.
വിവിധ രാജ്യങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങൾ, മരുന്ന് നിർമാണ കമ്പനികൾ, ആരോഗ്യ സുരക്ഷ സ്ഥാപനങ്ങൾ, ആരോഗ്യ ഉപകരണങ്ങൾ നിർമിക്കുന്നവയിലെയും ഉദ്യോഗസ്ഥരുമായും മറ്റും ആശയവിനിമയത്തിനുള്ള വേദിയായിരിക്കും മേള. മെഡിക്കൽ ടൂറിസം, ആരോഗ്യ സാേങ്കതിക വിദ്യ, ലബോറട്ടറി ഉപകരണങ്ങൾ, മറ്റ് ഉപകരണങ്ങളും സേവനവും നൽകുന്നവർ, അന്താരാഷ്ട്ര ആശുപത്രികൾ, ആരോഗ്യ, മെഡിക്കൽ സെന്ററുകൾ എന്നിവയുടെയും പ്രതിനിധികളും പ്രദർശനത്തിലുണ്ടാവും. ക്വാളിറ്റി അഷ്വറൻസ് സെന്റർ ഡയറക്ടർ ജനറൽ ഡോ. കമ്ര അൽ സരിരി, പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടറേറ്റിലെ ക്വാളിറ്റി അഷ്വറൻസ് ആൻഡ് പേഷ്യന്റ് സേഫ്റ്റി ഡയറക്ടർ ഡോ. സഈ മുഹമ്മദ് അൽ മുഗൈരി, കണക്ടിന്റെ മാനേജിങ് ഡയറക്ടർ ആഷ്ലി റോബർട്ട്സ് തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.