ഒമാൻ ഹെൽത്ത് എക്സിബിഷൻ: ഒരുക്കം പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യമേളയായ ഒമാൻ ഹെൽത്ത് എക്സിബിഷന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കം പുരോഗമിക്കുന്നു. സെപ്റ്റംബർ 26, 27, 28 തീയതികളിൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് മഹാമേള. വിവിധ രാജ്യങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങൾ, മരുന്ന് നിർമാണ കമ്പനികൾ, ആരോഗ്യ സുരക്ഷ സ്ഥാപനങ്ങൾ, ആരോഗ്യ ഉപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾ എന്നിവ പങ്കെടുക്കും.
മെഡിക്കൽ ടൂറിസം, ആരോഗ്യ സാങ്കേതിക വിദ്യ, ലബോറട്ടറി ഉപകരണങ്ങൾ, മറ്റ് ഉപകരണങ്ങളും സേവനവും നൽകുന്നവർ, അന്താരാഷ്ട്ര ആശുപത്രികൾ, ആരോഗ്യ, മെഡിക്കൽ സെന്ററുകൾ എന്നിവയുടെ പ്രതിനിധികളും പ്രദർശനത്തിലുണ്ടാവും. ഇവർ തമ്മിൽ ആശയവിനിമയത്തിനുള്ള വേദിയായും മേള മാറും.
ഇന്ത്യ, ഒമാൻ, പോളണ്ട്, ചെക് റിപ്പബ്ലിക്, ഇറാൻ, തായ്ലൻഡ്, തുർക്കി, യു.എ.ഇ എന്നിവിടങ്ങളിൽനിന്നുള്ള 150ലധികം പ്രാദേശിക-അന്താരാഷ്ട്ര സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. 'ഹീൽമി കേരള'യുമായി 'ഗൾഫ് മാധ്യമ'വും മേളയുടെ ഭാഗമാകുന്നുണ്ട്. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ ഒമാനിൽനിന്നും മിഡിലീസ്റ്റിൽനിന്നുമുള്ള 5,000ത്തിലധികം ആരോഗ്യ വിദഗ്ധരും ഉപഭോക്താക്കളും എത്തും. ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിന്റെ ആവശ്യകത ഓർമിപ്പിക്കുന്നതാണ് കോവിഡ് അനുഭവങ്ങൾ എന്ന് കൺവെൻഷന്റെ സംഘാടകർ പറയുന്നു.
ആരോഗ്യ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യ അടക്കമുള്ളവ ഇതിൽ ഉൾപ്പെടുന്നു. മൂന്ന് ദിവസത്തെ പ്രദർശനം ഈ മേഖലയിലെ നേരിട്ടുള്ള ആശയ കൈമാറ്റത്തിനും വഴിയൊരുക്കും. പ്രദർശനത്തിന്റെ ഭാഗമായി നടക്കുന്ന ആരോഗ്യ സമ്മേളനം ഈ മേഖലയിലെ ഏറ്റവും പുതിയ കാഴ്ചപ്പാടുകൾ മനസ്സിലാക്കാൻ സഹായിക്കും. ഒമാൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഒമാൻ മെഡിക്കൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന സമ്മേളനത്തിലെ പ്രവേശനം സൗജന്യമാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രമുഖരായ പ്രഭാഷകരും ആരോഗ്യ വിദഗ്ധരും ഗവേഷകരുമടക്കം നിരവധി പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുക.
എല്ലാ വർഷവും നടക്കുന്ന ഈ മഹാമേളയിൽ മെഡിക്കൽ ടൂറിസം, ഹെൽത്ത്കെയർ എക്സിബിഷൻ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണുള്ളത്. മെഡിക്കൽ പ്രഫഷനലുകൾ, നിർമാതാക്കൾ, വിതരണക്കാർ, സേവനദാതാക്കൾ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ പങ്കാളികളാകും. പുതിയ സാങ്കേതികവിദ്യകൾ, സേവനങ്ങൾ, പ്രദർശിപ്പിക്കുന്നതിനും വ്യാപാരത്തിനും നിക്ഷേപത്തിനുമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും മേള അവസരമൊരുക്കും.
ഒമാന്റെ ഹെൽത്ത് വിഷൻ 2050ന് അനുസൃതമായിക്കൊണ്ടാണ് കോൺഫറൻസ് നടത്തുന്നത്. 2009ൽ ആരംഭിച്ച മേള 2013ൽ യു.എഫ്.ഐ അംഗീകൃത അന്താരാഷ്ട്ര പരിപാടിയായി സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കോവിഡ് വ്യാപനം നിരവധി വെല്ലുവിളികൾ ഉയർത്തിയിരുന്നെങ്കിലും രാജ്യത്ത് ആരോഗ്യ സംവിധാനം വികസിപ്പിക്കാനും പൂർവ സ്ഥിതി പുനഃസ്ഥാപിക്കാനും കഴിഞ്ഞിട്ടുണ്ട്. സുൽത്താനേറ്റിലെ ആരോഗ്യ മേഖല ശരിയായ രീതിയിൽ പ്രവർത്തിച്ചതും വാക്സിനേഷൻ കാമ്പയിൻ മികച്ച രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞതുമാണ് ഇതിന് കാരണം. പൊതു, സ്വകാര്യ മേഖലകളിൽ നിക്ഷേപം വർധിച്ചത് കാരണം നിരവധി പുതിയ ആരോഗ്യ സ്ഥാപനങ്ങൾ രാജ്യത്ത് ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്.
എസ്.ക്യു.യു കാൻസർ സെന്റർ, ഹെമിറ്റോളജി സെന്റർ, ആരോഗ്യ മന്ത്രാലയം ഡയബറ്റിക് സെന്റർ, ഓങ്കോളജി സെന്റർ, ഹൈപർബാറിക് ഓക്സിജൻ തെറപ്പി സെന്റർ, കാർഡിയാക് സെന്റർ, റോയർ ആശുപത്രിയിലെ ജനിതക സെന്റർ, ഖൗല ആശുപത്രിയിലെ വന്ധ്യത ചികിത്സ കേന്ദ്രം എന്നിവയും അടുത്തിടെ പ്രവർത്തനം ആരംഭിച്ച ആരോഗ്യ സ്ഥാപനങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.