ഒമാൻ: മാനം തെളിഞ്ഞു; മനവും
text_fieldsമസ്കത്ത്: ആശങ്കയുടെ കാർമേഘങ്ങൾ നീങ്ങി നാടും നഗരവും സാധാരണ ജീവിതത്തിലേക്ക് നടന്നു തുടങ്ങി. ന്യൂനമർദത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ രാജ്യത്തെ ഭൂരിഭാഗം ഗവർണറേറ്റുകളിലും കനത്ത മഴയാണ് ലഭിച്ചത്. വാദിയിൽ അകപ്പെട്ട് ആറു ജീവൻ പൊലിയുകയും ചെയ്തു. ബുധനാഴ്ച വടക്ക്-തെക്ക് ബാത്തിന, മുസന്ദം, തെക്കൻ ബാത്തിന, മസ്കത്ത്, തെക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളിലും പർവത പ്രദേശങ്ങളിലും വടക്കൻ ശർഖിയ, ദാഖിലിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിച്ചു.
വിവിധ ഇടങ്ങളിൽ വാദികളിൽ കുടുങ്ങിയവരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. വടക്കൻ ശർഖിയ ഗവർണറേറ്റ് മുദൈബി വിലായത്തിലെ അൻദാം വാദിയിൽ വാഹനത്തിൽ കുടുങ്ങിയ രണ്ടുപേർ, വടക്കൻ ബാത്തിനയിലെ ശിനാസ് വിലായത്തിലെ വാദിയിൽ കുടുങ്ങിയ സ്ത്രീ എന്നിവരെയാണ് ബുധനാഴ്ച റെസ്ക്യൂ ടീം രക്ഷിച്ചത്. അതേസമയം, ജബൽ അഖ്ദറിലെ വാദിയിൽ കാണാതായ ആളിനുവേണ്ടിയുള്ള തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പൊലീസ് നായയുടെയും മറ്റും സഹായത്തോടെയാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നയാളുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. തിങ്കളാഴ്ചയാണ് ഇരുവരും വാഹനവുമായി വാദിയിൽ അകപ്പെടുന്നത്.
വിവിധ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ ഊർജിതമായ ശുചീകരണ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. റോഡുകളിലേക്ക് വീണ കല്ലുകളും മറ്റും ചൊവ്വാഴ്ച മുതൽ നീക്കിത്തുടങ്ങിയിരുന്നു. വെള്ളം കയറിയ സ്ഥലങ്ങളിൽ പകർച്ച വ്യാധികൾ പിടിപെടാതിരിക്കാനുള്ള മുൻകരുതൽ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
രാജ്യത്തെ ഭൂരിഭാഗം വാണിജ്യ സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും സൂഖുകളിലും ബുധനാഴ്ച നല്ല തിരക്കാണ് അനുഭവപ്പെട്ടത്. അവശ്യ സാധനങ്ങൾക്കായി സ്വദേശികളും താമസക്കാരും കൂട്ടത്തോടെ എത്തിയത് സൂപ്പർ മാർക്കറ്റുകളിലും സൂഖുകളിലും ഭേദപ്പെട്ട കച്ചവടം നടക്കാൻ സഹായിച്ചതായി വ്യാപാരികൾ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.