അറബ് ലീഗ് ഉച്ചകോടി; പങ്കാളികളായി ഒമാൻ
text_fieldsമസ്കത്ത്: അറബ് ലീഗ് ഉച്ചകോടിയുടെ 31ാമത് സെഷൻ അൽജീരിയയുടെ തലസ്ഥാനമായ അൽജിയേഴ്സിലെ അബ്ദുല്ലത്തീഫ് റഹൽ ഇന്റർനാഷനൽ പ്രസ് സെന്ററിൽ തുടക്കമായി. അറബ് നേതാക്കൾ, രാഷ്ട്രത്തലവന്മാർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
സങ്കീർണമായ പ്രാദേശിക, അന്തർദേശീയ സാഹചര്യങ്ങളിലാണ് ഉച്ചകോടി നടക്കുന്നതെന്ന് അറബ് ഉച്ചകോടിയുടെ നിലവിലെ സെഷന്റെ തലവനും അൽജീരിയൻ പ്രസിഡന്റമായ അബ്ദുൽ മദ്ജിദ് ടെബൗൺ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുൽത്താന്റെ പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദാണ് ഒമാൻ പ്രതിനിധിസംഘത്തെ നയിക്കുന്നത്.
വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, നീതിന്യായ നിയമകാര്യ മന്ത്രി ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് അൽ സഈദി, സാമ്പത്തികകാര്യമന്ത്രി ഡോ. സഈദ് ബിൻ മുഹമ്മദ് അൽ സഖ്രി, നയതന്ത്രകാര്യ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹാർത്തി, ഒമാന്റെ ഈജിപ്തിലെ അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ അബ്ദുല്ല ബിൻ നാസർ അൽ റഹ്ബി, അൽജീരിയയിലെ ഒമാൻ അംബാസഡർ സെയ്ഫ് ബിൻ നാസിർ അൽ ബദായ്, സയ്യിദ് അസദിന്റെ ഓഫിസിലെ രണ്ട് ഉപദേശകർ എന്നിവരാണ് ഒമാൻ പ്രതിനിധിസംഘത്തിലുള്ളത്.
ലിബിയ, യമൻ, സിറിയ, ഫലസ്തീൻ എന്നിവിടങ്ങളിലെ സാഹചര്യങ്ങൾ ഉൾപ്പെടെ മേഖല നേരിടുന്ന നിരവധി വെല്ലുവിളികളിൽ ധാരണയിലെത്താനാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്ന് അൽജീരിയൻ വാർത്താ ഏജൻസി എ.പി.എസ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.