ഹേ പ്രഭു യെ ക്യാ ഹുവാ... ജനുവരിയായിട്ടും തണുത്തു വിറക്കാതെ മസ്കത്ത്
text_fieldsസ്വന്തം ലേഖകൻ
മസ്കത്ത്: ജനുവരിയായിട്ടും തണുത്തു വിറക്കാതെ മസ്കത്തടക്കമുള്ള വിവിധ പ്രദേശങ്ങൾ. രാജ്യത്ത് ശൈത്യകാലം ഔദ്യോഗികമായി ഡിസംബർ 22ന് ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കിയിരുന്നു.
മാർച്ച് 20 നാണ് ശൈത്യകാലം അവസാനിക്കുക. 88 ദിവസവും 23 മണിക്കൂറും 39 സെക്കൻഡുമുണ്ടാവും ഈ വർഷത്തെ ശൈത്യകാലം. ജബൽ അഖ്ദർ, ജബൽ ശംസ് തുടങ്ങിയ പ്രദേശങ്ങൾ തണുത്ത് വിറക്കാൻ തുടങ്ങിയെങ്കിലും മസ്കത്തടക്കമുള്ള ഗവർണറേറ്റുകളിൽ തണുപ്പ് ശക്തമായിട്ടില്ല. 24 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് ഇപ്പോഴും മസ്കത്ത് ഗവർണറേറ്റിലെ പകലിലെ അന്തരീക്ഷ ഊഷ്മാവ്. അടുത്ത ആഴ്ചയിൽ കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 17 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നാണ് കണക്കാക്കുന്നത്.
ഒമാന്റെ ചില ഭാഗങ്ങളിൽ കുറഞ്ഞ താപനില അനുഭവപ്പെട്ടു. ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത് ജബൽ ശംസിലാണ്. 1.5 ഡിഗ്രി സെൽഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ രേഖപ്പെടുത്തിയത്. ജബൽ അഖ്ദറിലെ സൈഖിൽ എട്ടു ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില. ദോഫാർ ഗവർണറേറ്റിലെ തുംറൈത്തിൽ 15 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില.
അതേസമയം, വാരാന്ത്യത്തിൽ താപനില ഒന്നോ രണ്ടോ ഡിഗ്രി കുറയുമെന്ന് ഒമാൻ കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതു പ്രത്യേകിച്ച് പർവതങ്ങളിലും മരുഭൂമി പ്രദേശങ്ങളിലുമായിരിക്കും. അൽ ഹജർ പർവതനിരകളിൽ മേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്. അറബിക്കടലിന്റെയും ഒമാൻ കടലിന്റെയും തീരപ്രദേശങ്ങളിലും ദാഹിറ, ബുറൈമി, ദാഖിലിയ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലും രാത്രി മുതൽ പുലർച്ചെ വരെ താഴ്ന്ന മേഘങ്ങളോ മൂടൽമഞ്ഞോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ വ്യക്തമാക്കി. ഒമാനിൽ ഏറെ സുന്ദരമായ കാലവസ്ഥയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. പല ഭാഗങ്ങളിലും അമിതമായ തണുപ്പോ അമിതമായ ചൂടോ അനുഭവപ്പെടുന്നില്ല.
ഇത് വിനോദസഞ്ചാര മേഖലക്ക് ഏറെ അനുഗ്രഹമാവും. സുഖകരമായ കാലാവസ്ഥ അനുഭവപ്പെടാൻ തുടങ്ങിയതോടെ വിനോദ സഞ്ചാരികൾ എത്തുന്നതും വർധിച്ചിട്ടുണ്ട്.
വാരാന്ത്യങ്ങളിലും മറ്റും പ്രാദേശിക വിനോദസഞ്ചാരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.