ഫിഫ അറബ്കപ്പിൽ ഒമാൻ ക്വാർട്ടറിൽ: ഫുട്ബാൾ പ്രേമികൾ ആവേശത്തിൽ
text_fieldsമസ്കത്ത്: ദോഹയിൽ നടക്കുന്ന ഫിഫ അറബ്കപ്പ് ഫുട്ബാളിൽ ഗ്രൂപ് 'എ'യിലെ നിർണായക മത്സരത്തിൽ ബഹ്റൈനെ എതിരില്ലത്ത മൂന്നു ഗോളിന് തോൽപിച്ച് ക്വാർട്ടറിൽ പ്രവേശിച്ച ഒമാെൻറ വിജയം ഫുട്ബാൾ പ്രേമികളെ ആവേശത്തിലാഴ്ത്തി. അലി ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 41, 50, 59, മിനിറ്റുകളിലാണ് ഒമാൻ ഗോളുകൾ നേടിയത്.
മികച്ച പ്രകടനം പുറത്തെടുത്ത അർഷാദ് അൽ അലവിയാണ് കളിയിലെ താരം. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും നിർഭാഗ്യം ഒമാെൻറ സഹയാത്രികനായിരുന്നെങ്കിൽ ഇത്തവണ ഭാഗ്യം ഒമാനൊപ്പമായിരുന്നെന്ന് പറയാം. ഒമാനെ സംബന്ധിച്ച് ബഹ്റൈനെ തോൽപിച്ചാൽ മാത്രം മതിയായിരുന്നില്ല, അതേ സമയത്തുതന്നെ നടന്ന ഗ്രൂപ്പിലെ മറ്റു മത്സരത്തിൽ ഖത്തർ ഇറാഖിനെ പരാജയപ്പെടുത്തുകയും വേണമായിരുന്നു. ഖത്തർ ഏകപക്ഷീയമായ മൂന്നു ഗോളിന് ഇറാഖിനെയും തോൽപിച്ചതോടെ ഒമാെൻറ ക്വാർട്ടർ പ്രവേശനം ഉറപ്പായി. വെള്ളിയാഴ്ച ഇതേ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ മത്സരത്തിൽ തുനീഷ്യയാണ് ഒമാെൻറ എതിരാളി. സമ്മർദത്തിൽ തന്നെയായിരുന്നു ഒമാൻ മത്സരത്തിന് ഇറങ്ങിയത്. ആദ്യ മത്സരത്തിൽ ഇറാഖിനെതിരെ ജയം ഉറപ്പിച്ച ഘട്ടത്തിലാണ് പെനാൽട്ടിയുടെ രൂപത്തിൽ നിർഭാഗ്യം പിടികൂടിയത്.
രണ്ടാം മത്സരത്തിൽ ഖത്തറുമായി ഓരോ ഗോൾ അടിച്ചു സമനിലയിൽ പിരിയും എന്ന് തോന്നിച്ച ഘട്ടത്തിലാണ് സെൽഫ് ഗോളിലൂടെ തോൽവി വഴങ്ങിയത്. രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു പോയൻറ് മാത്രമാണ് ഒമാന് ഉണ്ടായിരുന്നത്. എന്നാൽ ആത്മവിശ്വാസത്തോടെ മത്സരത്തെ നേരിട്ട ഒമാൻ അനിവാര്യമായ ജയം നേടുകയായിരുന്നു. കഴിഞ്ഞ മാസം നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിലേറ്റ തിരിച്ചടിയിൽ തളർന്നു പോയ ഒമാന് അറബ്കപ്പിലെ ഈ വിജയം ഏറെ ആശ്വാസകരമാണ്.
പ്രത്യേകിച്ചും കോച് ബ്രാൻകോ ഇവാൻകോവിക്കിന്. ഒമാനിലെ ഫുട്ബാൾ ആരാധകർക്ക് ആയി സുഹാറിൽ മുനിസിപ്പാലിറ്റി വലിയ സ്ക്രീനിൽ കളികൾ കാണിച്ചിരുന്നു. രാത്രികാലത്തു പ്രവർത്തിക്കുന്ന കഫറ്റീരിയകളിലും കളികാണാൻ ഒട്ടേറെ ആളുകൾ ഉണ്ടായിരുന്നു. എന്നാൽ മത്സരശേഷം റോഡിലിറങ്ങി ആഹ്ലാദിക്കാൻ അധികൃതർ അനുവദിച്ചില്ല .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.