ഒമാൻ -ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ; നടപടികൾ അന്തിമ ഘട്ടത്തിലേക്ക്
text_fieldsമസ്കത്ത്: ഒമാൻ -ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി വാണിജ്യ വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് അൽ യൂസഫും വാണിജ്യ മന്ത്രാലയത്തിലെ വിദേശ വ്യാപാര അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് ഖിംജിയും ഇന്ത്യയിലെത്തി. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായി യോജിച്ച് പ്രവർത്തിക്കുക വഴി വ്യാപാരബന്ധം ശക്തമാക്കുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം.
ഇന്ത്യ വലിയ വിപണിയുള്ള രാജ്യമാണെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രി ഖാഇസ് അൽ യൂസഫിന്റെ പ്രസ്താവന. സുഹാർ, സലാല, ദുഖം തുടങ്ങി ഒമാന്റെ തന്ത്രപ്രധാന തുറമുഖങ്ങൾക്ക് വ്യാപാരത്തിലും വികസനത്തിലും നിർണായക പങ്ക് വഹിക്കാൻ സാധിക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഒമാൻ-ഇന്ത്യ സഹകരണം വർധിപ്പിക്കുന്നതും സാമ്പത്തിക വളർച്ചക്കായുള്ള പുതിയ വഴികൾ തുറക്കുന്നത് സംബന്ധിച്ചും ഇരുകൂട്ടരും ചർച്ചനടത്തി.
സാമ്പത്തിക പങ്കാളിത്തം ആഴത്തിലാക്കാനുള്ള പരിശ്രമത്തിലാണ് ഇരുരാജ്യങ്ങളും. ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുക, സഹകരണം വർധിപ്പിക്കുക, വളർച്ചക്കുള്ള പുതു വഴികൾ തുറക്കുക, സാമ്പത്തിക പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുക എന്നിവയിൽ കേന്ദ്രീകരിച്ചായിരുന്നു ചർച്ചയെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വിശദമാക്കി.
ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി ഒപ്പിടുന്നതിനുള്ള ചർച്ചകളിൽ നേതാക്കൾ സംതൃപ്തി രേഖപ്പെടുത്തി. സാമ്പത്തികബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നതിന്റെ തെളിവാണ് ചർച്ചകളെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകൾ പൂർത്തിയായെന്നാണ് നേതാക്കൾ അറിയിച്ചത്. കരാറിൽ ഒപ്പിടുകയെന്ന അവസാന ഘട്ട നീക്കമാണ് ഇനിയുള്ളത്.
മറ്റുള്ള വിഷയങ്ങൾ പഠനവിധേയമാക്കി ചർച്ച അവസാനിപ്പിക്കാൻ നേതാക്കൾ പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടു. ഇരു രാജ്യങ്ങളിലെയും നിക്ഷേപം വർധിപ്പിക്കുന്നതിന് കേന്ദ്രീകൃത സമീപനം ആവശ്യമാണെന്ന് മന്ത്രിമാർ വിലയിരുത്തി. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ ഒമാൻ ഡെസ്ക് രൂപവത്കരിക്കാനാണ് തീരുമാനം.
ഒമാൻ യു.എസുമായി എഫ്.ടി.എ കരാറിലേർപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യയുമായി ഉടൻ കരാറിലേർപ്പെടുമെന്ന് പ്രതീക്ഷിന്നക്കുതായും പങ്കജ് ഖിംജി പറഞ്ഞു. 80 ശതമാനത്തിലധികം ഉൽപന്നങ്ങളിൽ ഞങ്ങൾക്ക് ധാരണയുണ്ട്, എന്നാൽ ശേഷിക്കുന്ന കുറച്ച് ഉൽപന്നങ്ങൾക്കായി ചർച്ചകൾ നടക്കുന്നു.
ഉടൻ ചില നല്ല ഫലങ്ങൾ കാണുമെന്ന് അദ്ദേഹം പറഞ്ഞു. അതിഥികൾക്ക് വിസ്മയകരമായ അനുഭവം നൽകാനുള്ള എല്ലാ ചേരുവകളും ഒമാനിലുണ്ടെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികളെ ആകർഷിക്കുന്ന സമീപനമാണ് ഒമാനിന്റേത്.
പ്രകൃതിഭംഗി സിനിമ ചിത്രീകരണത്തിന് അനുയോജ്യമാണെന്ന് വ്യക്തമാക്കിയ പങ്കജ് ഖിംജി ഒമാനിലേക്ക് സിനിമ നിർമാതാക്കളെയും ക്ഷണിച്ചു. തീരദേശത്തെ ഒമാനികളുടെ ഭക്ഷണശീലങ്ങൾ പോലും ഇന്ത്യക്കാരുടേതിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ജനുവരിയിൽ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമായേക്കുമെന്ന് ഇന്ത്യൻ മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിൽ എഫ്.ടി.എക്കായി ഇരുരാജ്യങ്ങളും തമ്മിൽ മസ്കത്തിൽ രണ്ടാം റൗണ്ട് ചർച്ചകൾ നടത്തിയിരുന്നു. കരാർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ യോഗം നവംബർ 20നാണ് ചേർന്നത്. നവംബർ 27 മുതൽ 29 വരെ ന്യൂഡൽഹിയിൽ ആദ്യ റൗണ്ട് ചർച്ചകൾ നടന്നു.
ഇറക്കുമതിക്കും കയറ്റുമതിക്കുമുള്ള തടസ്സങ്ങൾ കുറക്കുന്നതായിരിക്കും സ്വതന്ത്ര വ്യാപാര കരാർ. ഇറക്കുമതി തീരുവ ഒഴിവാക്കുന്നതോടെ ഇരുരാജ്യങ്ങളിലേക്കും കൂടുതൽ ഉൽപന്നങ്ങള് കയറ്റി അയക്കാനും വ്യാപാരം ശക്തിപ്പെടുത്താനും അവസരമൊരുങ്ങും.
ഇന്ത്യയിൽനിന്ന് മോട്ടോര്‍ ഗ്യാസോലിന്‍, ഇരുമ്പ്, ഉരുക്ക് ഉല്പന്നങ്ങള്, ഇലക്ട്രോണിക്സ്, മെഷിനറി, തുണിത്തരങ്ങള്‍, പ്ലാസ്റ്റിക്, എല്ലില്ലാത്ത മാംസം, അവശ്യ എണ്ണകള്‍, മോട്ടോര്‍ കാറുകള്‍ എന്നിവയുടെ കയറ്റുമതി ഒമാനിലേക്ക് വര്‍ധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒമാനില്‍ ഈ സാധനങ്ങള്‍ക്ക് നിലവില്‍ അഞ്ച് ശതമാനം ഇറക്കുമതി തീരുവയാണ്.
ഒമാനിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ 16.5 ശതമാനം (ഏതാണ്ട് 800 മില്യണ്‍ ഡോളര്‍) ഗോതമ്പ്, മരുന്നുകള്‍, ബസുമതി അരി, ചായ, കാപ്പി, മത്സ്യം തുടങ്ങിയവയില്‍നിന്നാണ്. ഈ ഇനങ്ങളെ നേരത്തേ തന്നെ നികുതിയില്‍നിന്ന് ഒഴിവാക്കിയിരുന്നതിനാല്‍ പുതിയ എഫ്.ടി. എ കരാറിലൂടെ ഈ ഉൽപന്നങ്ങള്ക്ക് അധിക നേട്ടമുണ്ടാകില്ല.
ജി.സി.സി രാജ്യങ്ങളിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി കേന്ദ്രമാണ് ഒമാൻ. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാൻ സ്വതന്ത്ര വ്യാപാര കരാർ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി.സി.സി മേഖലയിൽ യു.എ.ഇയുമായി 2022മേയിൽ സമാനമായ രീതിയിൽ ഇന്ത്യ കരാറിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.