സി.ബി.എസ്.ഇ പത്താംതരം ഫലം: ഒമാനിലെ സ്കൂളുകൾക്ക് മികച്ച വിജയം
text_fieldsമസ്കത്ത്: സി.ബി.എസ്.ഇ പത്താംതരം ഫലം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ സ്കൂൾ ബോർഡിന് കീഴിലുള്ള ഒമാനിലെ സ്കൂളുകൾക്കെല്ലാം മികച്ച വിജയം. കഴിഞ്ഞ വർഷത്തേതിലും വിജയശതമാനത്തിൽ വർധനയുണ്ടായിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. പ്രതീക്ഷക്ക് അനുസരിച്ച മാർക്ക് ലഭിച്ചതിെൻറ സന്തോഷത്തിലാണ് വിദ്യാർഥികൾ.
നിലവിലെ പരീക്ഷാരീതി ഇൗ വർഷത്തോടെ അവസാനിക്കുകയാണ്. അടുത്ത വർഷത്തോടെ ബോർഡ് പരീക്ഷ നിലവിൽ വരുന്നതിെൻറ ഭാഗമായിട്ടാകും സി.ബി.എസ്.ഇ പിശുക്കില്ലാതെ മാർക്ക് നൽകിയിട്ടുണ്ടെന്ന് അധ്യാപകർ പറഞ്ഞു. നാട്ടിൽ കേരള സിലബസിൽ ഹയർസെക്കൻഡറി പഠനം ആഗ്രഹിക്കുന്നവർക്ക് ഇന്നും നാളെയുമൊക്കെയായി അപേക്ഷ നൽകണം. സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ ഫലം വന്ന് മൂന്നു ദിവസം കൂടി അനുമതി നൽകണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. ഒമാനിലെ സ്കൂളുകളിൽ പ്ലസ് വൺ അധ്യയനത്തിന് ഏപ്രിലിൽ തുടക്കമായിരുന്നു. ഇവിടെ തുടർപഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് മോഡൽപരീക്ഷയുടെ അടിസ്ഥാനത്തിൽ പ്ലസ് വൺ പ്രവേശനം നൽകിയിരുന്നു. എന്നാൽ, പൊതുപരീക്ഷയിൽ സയൻസ് വിഷയങ്ങൾക്ക് ഉയർന്ന ഗ്രേഡ് ലഭിച്ചവർക്ക് കോമേഴ്സിന് പ്രവേശനം ലഭിച്ച സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് സ്കൂളുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഇക്കുറി ചരിത്രവിജയമാണ് കൈവരിച്ചതെന്ന് മുലദ ഇന്ത്യൻ സ്കൂൾ അധികൃതർ വാർത്താകുറിപ്പിൽ പറഞ്ഞു.
പരീക്ഷ എഴുതിയ 141 വിദ്യാർത്ഥികളിൽ 68 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി ഉന്നത വിജയം കൈവരിച്ചു. 93 വിദ്യാർഥികൾക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചിട്ടുണ്ട്. 116 പേർക്ക് ഡിസ്റ്റിങ്ഷനും ലഭിച്ചു. അധ്യാപകരെയും വിദ്യാർഥികളെയും എസ്.എം.സി പ്രസിഡൻറ് സിദ്ദീഖ് ഹസൻ, മറ്റു സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ, സ്കൂൾ പ്രിൻസിപ്പൽ എസ്.ഐ ഷെരീഫ്, വൈസ്പ്രിൻസിപ്പൽ വി.എസ്. സുരേഷ്, ഡോ ലേഖ ഒ.സി എന്നിവർ അഭിനന്ദിച്ചു. തുടർച്ചയായ 25ാം വർഷവും സൂർ ഇന്ത്യൻ സ്കൂളിന് നൂറുമേനി വിജയം കൈവരിക്കാൻ സാധിച്ചു. പരീക്ഷയെഴുതിയ 47 പേരിൽ 13 പേർക്ക് എ വൺ ഗ്രേഡ് ലഭിച്ചു. അമൽ സാജൻ, അനാം ഫാത്തിമ, ഫാത്തിമ ബീഗം ഇസ്ര, കാരെൻ റൊമാനി, രഹ്നാ ജാസ്മിൻ, സാന്ദ്ര മാത്യു, സ്നേഹ സഹജൻ, ഹുദാ അഷ്റഫ്, ഹിമാൻക് ശർമ്മ, റഷാ നസ്രിൻ , റിയാ റഹീം, ശ്രീജ ഹൻദാ എന്നിവരാണ് അഭിമാനനേട്ടം കൊയ്തത്. സ്കൂളിന് അഭിമാന നേട്ടം സാധ്യമാക്കിയ അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് അമീൻ മുഹമ്മദും, കൺവീനർ നാസറും മറ്റു മെംബർമാരും അഭിനന്ദിച്ചു.
ദാർസൈത്ത് ഇന്ത്യൻ സ്കൂളിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മികച്ച ഫലമാണ് ലഭിച്ചത്. പരീക്ഷയെഴുതിയവരിൽ 77 പേർക്ക് എ വൺ ഗ്രേഡ് ലഭിച്ചു. 134 പേർക്ക് 85 ശതമാനത്തിന് മുകളിലും മാർക്ക് ലഭിച്ചു. വിജയികളെ പ്രിൻസിപ്പൽ ഡോ. ശ്രീദേവി തഷ്നത്ത്, എസ്.എം.സി പ്രസിഡൻറ് അജയൻ പൊയ്യാര തുടങ്ങിയവർ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.