ഒമാൻ, യാത്രക്കാർക്ക് സുരക്ഷിതമായ രാഷ്ട്രം
text_fieldsമസ്കത്ത്: അടുത്ത വർഷം സുരക്ഷിതമായി യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒമാനും. മെഡിക്കൽ, സുരക്ഷ വിദഗ്ധരുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ഇൻറർനാഷനൽ എസ്.ഒ.എസ് തയാറാക്കിയ 2021ലെ വേൾഡ് ട്രാവൽ റിസ്ക് മാപ്പിലാണ് ഒമാൻ മെച്ചപ്പെട്ട സ്ഥാനം സ്വന്തമാക്കിയത്. രാഷ്ട്രങ്ങളെ യാത്രക്കാർക്കുള്ള അപകട സാധ്യതകളുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് തയാറാക്കിയിട്ടുള്ള ഭൂപടമാണിത്.
സുരക്ഷിതവും വളരെ കുറഞ്ഞ അപകട സാധ്യതയുമുള്ള രാജ്യമായാണ് ഇതിൽ ഒമാനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭീകരവാദം, കലാപം, രാഷ്ട്രീയപ്രേരിതമായ അശാന്തി, യുദ്ധം, വംശീയത, വർഗീയത തുടങ്ങി സാമൂഹികപരമായ അസ്വസ്ഥതകൾ, ഗുരുതരമായ കുറ്റകൃത്യങ്ങൾ, ലഘുവായ കുറ്റകൃത്യങ്ങൾ, സുരക്ഷാ സംവിധാനങ്ങളുെട കാര്യക്ഷമത തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തിയാണ് യാത്രക്കാർക്കുള്ള അപകടസാധ്യതകൾ അവലോകനം ചെയ്തിരിക്കുന്നത്. പ്രകൃതി ദുരന്തസാധ്യതകളും കണക്കിലെടുത്തിട്ടുണ്ടെന്ന് ഇൻറർനാഷനൽ എസ്.ഒ.എസ് അറിയിച്ചു.
യാത്ര ചെയ്യുന്നതിന് അപകടസാധ്യത ഒട്ടുംതന്നെ ഇല്ലെന്ന് പറയാവുന്ന ഏഴ് യൂറോപ്യൻ രാജ്യങ്ങളാണ് വേൾഡ് ട്രാവൽ റിസ്ക് മാപ്പിൽ പ്രഥമ സ്ഥാനത്ത്. െഎസ്ലൻഡ്, ഡെൻമാർക്ക്, നോർവേ, ഫിൻലൻഡ്, സ്വിറ്റ്സർലൻഡ്, സ്ലൊവീനിയ, ലക്സംബർഗ് എന്നിവയാണ് അവ. അതിന് തൊട്ടുതാഴെയാണ് കുറഞ്ഞ അപകട സാധ്യതകളുള്ള ഒമാൻ അടക്കം രാഷ്ട്രങ്ങൾ. ഇന്ത്യയെ ഇടത്തരം അപകട സാധ്യതയുള്ള രാഷ്ട്രങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
രാഷ്ട്രീയ അശാന്തി, അക്രമാസക്തമായ പ്രതിഷേധങ്ങൾ, കലാപങ്ങൾ, വർഗീയ, വംശീയ ആക്രമണങ്ങൾ എന്നിവയുള്ള രാജ്യങ്ങളെയാണ് ഇൗ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിൽ ലോകത്തിലെ ഏറ്റവും വലിയ ഇൻറർനെറ്റ് ഡാറ്റാബേസ് ആയ നുംബിയോ ലോകത്തിലെ അഞ്ചാമത്തെ സുരക്ഷിത രാഷ്ട്രമായി ഒമാനെയും കുറഞ്ഞ കുറ്റകൃത്യമുള്ള നഗരമായി മസ്കത്തിനെയും തെരഞ്ഞെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.