ടിക്കറ്റ് നിരക്കിലെ കുറവ്: കണ്ണൂർ വിമാനത്താവളത്തോട് പ്രിയം വർധിക്കുന്നു
text_fieldsസുഹാർ: മസ്കത്ത്-കണ്ണൂർ സെക്ടറിൽ യാത്രക്കാരുടെ എണ്ണം അനുദിനം വർധിക്കുന്നു. ടിക്കറ്റ് നിരക്കിലെ കുറവാണ് യാത്രക്കാർക്ക് കണ്ണൂർ വിമാനത്താവളത്തോടുള്ള പ്രിയം വർധിക്കാൻ കാരണം. അത്യാവശ്യക്കാരല്ലാത്ത തിരുവനന്തപുരം, കൊച്ചി ഭാഗങ്ങളിലുള്ള യാത്രക്കാർ പോലും കണ്ണൂരിനെ ആശ്രയിക്കുന്നുണ്ട്. കണ്ണൂരിലിറങ്ങിയ ശേഷം ട്രെയിനിനും ടാക്സിക്കുമൊക്കെയാണ് ഇവർ വീടണയുന്നത്. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും മസ്കത്തിൽനിന്ന് ഉയർന്ന നിരക്കാണുള്ളത്. യാത്രക്ക് അൽപം ബുദ്ധിമുട്ടിയാലും ബാക്കി പൈസ പോക്കറ്റിൽ കിടക്കുമെന്നതിനാലാണ് ദൂരെ സ്ഥലങ്ങളിൽനിന്നുള്ളവർ പോലും കണ്ണൂരിനെ ആശ്രയിക്കാൻ കാരണെമന്ന് ട്രാവൽസ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. കുടുംബസമേതം പോകുന്നവർക്ക് ടിക്കറ്റ് തുകയിൽ വലിയ തുക തന്നെ ലാഭമുണ്ടാവുകയും ചെയ്യും.
ജെറ്റ് എയർവേസ് പ്രവർത്തനം അവസാനിപ്പിച്ചതും ഇൻഡിഗോ കേരള സെക്ടറിൽനിന്ന് സർവിസ് അവസാനിപ്പിച്ചതുമാണ് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള ഉയർന്ന ടിക്കറ്റ് നിരക്കിന് കാരണം. എയർ ഇന്ത്യ എക്സ്പ്രസും ഒമാൻ എയറുമാണ് ഒമാനിൽനിന്ന് രണ്ടിടങ്ങളിലേക്കും സർവിസ് നടത്തുന്നത്. ഒമാൻ എയറിൽ നിശ്ചിത നിരക്കിൽ താഴെ ടിക്കറ്റുകൾ ലഭ്യമല്ല. എതിരാളികളില്ലാത്തതിനാൽ എയർ ഇന്ത്യ എക്സ്പ്രസിെൻറ നിരക്കുകളിലും കാര്യമായ കുറവില്ല. സീസൺ സമയത്താണ് നിരക്ക് വ്യത്യാസം പ്രകടം. അതിനാൽ കുടുംബസമേതം യാത്ര ചെയ്യുേമ്പാൾ ടിക്കറ്റിനായി കൂടുതൽ തുക ചെലവഴിക്കേണ്ടിവരും. കണ്ണൂർ വിമാനത്താവളത്തിെൻറ സാമീപ്യമുള്ളതിനാൽ കോഴിക്കോേട്ടക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് നിരക്കിൽ ചെറിയ കുറവുണ്ട്.
ബജറ്റ് വിമാന കമ്പനികളായ ഗോ എയറും എയർഇന്ത്യ എക്സ്പ്രസുമാണ് മസ്കത്തിൽനിന്ന് കണ്ണൂരിലേക്ക് സർവിസ് നടത്തുന്നത്. ഇവർ തമ്മിലെ മത്സരത്തിെൻറ ഫലമായി മറ്റു മൂന്ന് വിമാനത്താവളങ്ങളേക്കാളും കുറഞ്ഞ നിരക്കിൽ ഇങ്ങോട്ടുള്ള ടിക്കറ്റുകൾ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, തൃശൂർ ഭാഗങ്ങളിലെ കുടുംബ യാത്രക്കാർ കണ്ണൂർ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഫഹദ് ട്രാവൽസ് ജീവനക്കാരൻ അരവിന്ദൻ പറയുന്നു. നവംബർ പകുതിയോടെ കണ്ണൂരിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടാനിടയുണ്ട്.
തിരുവനന്തപുരത്തെയും കൊച്ചിയെയും അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ് കണ്ണൂരിലേക്ക് ഉള്ളതെന്ന് ക്യാപ്റ്റൻ ട്രാവൽസിലെ അജേഷ് പറയുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ നിരക്കുകൾ നോക്കിയാൽ തിരുവനന്തപുരത്തേക്ക് 65 മുതൽ 70 റിയാൽ വരെയാണ് വൺവേ ടിക്കറ്റ് നിരക്ക്. എന്നാൽ, കണ്ണൂരിലേക്ക് 38 മുതൽ 45 റിയാൽ വരെ മാത്രമാണ് നിരക്ക്. നേരത്തേ തിരുവനന്തപുരത്തെ ആശ്രയിച്ചിരുന്ന പലരും ഇപ്പോൾ സമയവും ബുദ്ധിമുട്ടും നോക്കാതെ കണ്ണൂരിലേക്ക് ടിക്കറ്റെടുക്കാനാണ് താൽപര്യപ്പെടുന്നതെന്നും അജേഷ് പറയുന്നു.
കുടുംബസമേതമുള്ള യാത്രക്ക് ജനുവരിയിൽ നെടുമ്പാശേരിയിേലക്ക് ടിക്കറ്റ് നോക്കിയപ്പോൾ ഒരാൾക്ക് 72 റിയാലാണ് നിരക്ക് കണ്ടതെന്ന് യൂനിമണി എക്സ്ചേഞ്ച് ജീവനക്കാരൻ രമേശ് പറയുന്നു. എന്നാൽ, അന്നേ ദിവസം കണ്ണൂരിലേക്ക് 38 റിയാൽ മാത്രമാണ് ഉള്ളത്. നേരത്തേ തിരുവനന്തപുരത്തേക്ക് യാത്രചെയ്തിരുന്ന താൻ ഇപ്പോൾ കണ്ണൂരിലേക്കാണ് ടിക്കറ്റ് എടുത്തതെന്ന് സുഹൂൽ അൽ ഫൈഹ ജീവനക്കാരനായ കായംകുളം സ്വദേശി ഷാൻ മഠത്തിൽ പറയുന്നു. 36 റിയാലാണ് ടിക്കറ്റിനായത്.
യാത്രക്കാരുടെ എണ്ണം കൂടുേമ്പാൾ നിരക്ക് വർധിക്കുമോയെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ പുതുതായി തുടങ്ങിയ ടാക്സി സർവിസ് ഉപയോഗപ്പെടുത്തി റെയിൽവേ സ്റ്റേഷനിലേക്കും ബസ്സ്റ്റാൻഡിലേക്കും എളുപ്പത്തിൽ എത്തുകയും ചെയ്യാം. കൃത്യമായ നിരക്ക് പ്രസിദ്ധപ്പെടുത്തിയത് കാരണം വിലപേശലും തർക്കങ്ങളുമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്താനാകും. ഒാൺലൈനിൽ ബുക്ക് ചെയ്താൽ ട്രെയിനിലോ കെ.എസ്.ആർ.ടി.സിയിലോ സുഖമായി നാടണയുകയും ചെയ്യാമെന്ന് ഖാബൂറയിലെ സാമൂഹിക പ്രവർത്തകനായ രാമചന്ദ്രൻ താനൂർ പറയുന്നു. കുടുംബമായി പോകുന്നവർക്ക് ഇത് വലിയ ആശ്വാസമാണ്. അതേസമയം, മറ്റു ഗൾഫ് സെക്ടറുകളിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചുമുള്ള നിരക്ക് ഒമാനെ അപേക്ഷിച്ച് പൊതുവെ കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.