സാമ്പത്തിക വൈവിധ്യവത്കരണം: ഒമാൻ 50 വ്യവസായ പദ്ധതികൾക്ക് രൂപം നൽകും
text_fieldsമസ്കത്ത്: സാമ്പത്തിക വൈവിധ്യവത്കരണവും ഒമാൻ സമ്പദ്ഘടനയിലെ വിവിധ മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് നടത്തിവരുന്ന പദ്ധതികളുടെ ഭാഗമായി അമ്പത് വ്യവസായ പദ്ധതികൾക്ക് രൂപം നൽകും. മൊത്തം 200 ദശലക്ഷം റിയാൽ മൂല്ല്യമുള്ളതായിരിക്കും ഇൗ പദ്ധതികൾ. പെട്രോളിയം ഡെവലപ്മെൻറ് ഒമാൻ (പി.ഡി.ഒ), പബ്ലിക് എസ്റ്റാബ്ലിഷ്മെൻറ് ഫോർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്സ് (മദായെൻ) തുടങ്ങിയവയുടെ കൂടി പങ്കാളിത്തത്തോടെയാകും ഇവ വികസിപ്പിക്കുകയെന്നും വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസുഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന കർമപദ്ധതികളെ കുറിച്ച് വിശദീകരിക്കുന്നതിനായാണ് വാർത്താസമ്മേളനം നടത്തിയത്. ഒമാൻ വിഷൻ 2040െൻറ ഭാഗമായി നടപ്പിലാക്കുദ്ദേശിക്കുന്ന പദ്ധതികൾ സാമ്പത്തിക വൈവിധ്യവത്കരണത്തിന് പുറമെ വളർച്ചയും തൊഴിൽ ലഭ്യതയും വളർത്തുന്നതും നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതും ഒപ്പം അന്താരാഷ്ട്ര സൂചികകളിൽ ഒമാെൻറ സ്ഥാനം ഉയർത്തുന്നതുമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.
സേവനങ്ങളുടെ ഡിജിറ്റൽവത്കരണമാണ് പദ്ധതികളിൽ പ്രധാനപ്പെട്ടതെന്ന് വാർത്താസമ്മേളനത്തിൽ സംബന്ധിച്ച വാണിജ്യ വ്യവസായ വിഭാഗം അണ്ടർ സെക്രട്ടറി ഡോ.സാലെഹ് ബിൻ സൈദ് മസാൻ പറഞ്ഞു. ബിസിനസുകാർക്കും നിക്ഷേപകർക്കും അതിവേഗ അംഗീകാരം ഉറപ്പാക്കുന്നതിനായി ആേട്ടാമാറ്റിക് ലൈസൻസ് അപ്രൂവൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇൻവെസ്റ്റ് ഇൗസി പോർട്ടലുമായി ബന്ധപ്പെടുത്തിയുള്ളതാണ് ഇത്. ഒമാനിൽ അനുവദനീയമായ വാണിജ്യ പ്രവർത്തനങ്ങളുടെ 88 ശതമാനത്തിനും ഇതുവഴി അംഗീകാരം ലഭിക്കും. വ്യവസായ വാണിജ്യ മന്ത്രാലയം, കാർഷിക-ഫിഷറീസ്-ജല വിഭവ മന്ത്രാലയം, പരിസ്ഥിതി അതോറിറ്റി, മസ്കത്ത്-ദോഫാർ നഗരസഭകൾ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകേണ്ട പത്ത് സർക്കാർ സംവിധാനങ്ങളെയാണ് ലൈസൻസ് അപ്രൂവൽ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ദിവസത്തിെൻറ മുഴുവൻ സമയവും ഉപഭോക്താക്കൾക്ക് ഒാൺലൈൻ പോർട്ടലുകളുടെ സേവനം ലഭിക്കും. വ്യവസായ നയത്തിലെ മാറ്റമാണ് മറ്റൊരു സുപ്രധാന തീരുമാനം. എണ്ണ, പ്രകൃതിവാതകം, ഖനനം തുടങ്ങി പ്രകൃതി സമ്പത്തുകളിൽ അടിസ്ഥാനമായുള്ള വ്യവസായങ്ങളിൽ നിന്ന് മാറി മെഡിക്കൽ, പരിസ്ഥിതി, ഇലക്ട്രോമെക്കാനിക്കൽ, ട്രാൻസ്പോർേട്ടഷൻ, കമ്മ്യൂണിക്കേഷൻ തുടങ്ങിയ മേഖലകൾ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾ പ്രാധാന്യം നൽകും. വ്യവസായങ്ങൾക്ക് നൽകുന്ന വിവിധ ആനുകൂല്ല്യങ്ങളും അണ്ടർ സെക്രട്ടറി വിശദീകരിച്ചു.
2020 അവസാനത്തെ കണക്ക് പ്രകാരം 15 ശതകോടി റിയാലാണ് ഒമാനിലെ വിദേശ നിക്ഷേപമെന്ന് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസുഫ് പറഞ്ഞു. കമ്പനികൾക്ക് പ്രവർത്തനം ആരംഭിക്കാൻ ആവശ്യമായ ലൈസൻസുകളെല്ലാം കൂട്ടിച്ചേർത്ത് ഒറ്റ ഒന്നാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ നടന്നുവരുകയാണ്. അപേക്ഷിച്ച് മണിക്കൂറുകൾക്കുള്ളിൽ അനുമതി ലഭിക്കുന്ന സംവിധാനം യാഥാർഥ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. നൂറിലധികം നിക്ഷേപ പദ്ധതികളുടെ സാധ്യതാ പഠനവും വ്യവസായ-വാണിജ്യ മന്ത്രാലയം നടത്തിവരുകയാണ്. വിദേശ നിക്ഷേപകർക്ക് ദീർഘകാല താമസാനുമതി നൽകുന്നത് സംബന്ധിച്ച പഠനങ്ങളും നടക്കുന്നുണ്ട്. രണ്ട് മാസത്തിനുള്ളിൽ ഇതിെൻറ വിശദാംശങ്ങൾക്ക് അന്തിമ രൂപമാകും. ഇ-കൊമേഴ്സ് മേഖലയുടെ വളർച്ചക്കും പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. അനധികൃത വ്യാപാരം അവസാനിപ്പിക്കുന്നതിനും പദ്ധതികൾ ആവിഷ്കരിക്കും. ഇതിനായി കഴിഞ്ഞ വർഷം രൂപവത്കരിച്ച വർക്കിങ് ടീം നിരവധി നിർദേശങ്ങൾ തന്നിട്ടുണ്ട്. മന്ത്രിസഭാ കൗൺസിലുമായി ചേർന്ന് അനധികൃത വ്യാപാരം തടയാൻ നിയമങ്ങൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.