ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് ഒമാൻ നീക്കി
text_fieldsമസ്കത്ത്: പ്രവാസികൾക്ക് ആശ്വാസ്യമായി ഒമാൻ ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് നീക്കി. ഇന്ത്യയടക്കം 18 രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള യാത്രാവിലക്കാണ് ഒഴിവാക്കിയത്. ഒമാനിൽ അംഗീകരിച്ച വാക്സിെൻറ രണ്ട് ഡോസും സ്വീകരിച്ച റെസിഡൻറ് വിസക്കാർ, വിസാ രഹിത പ്രവേശനത്തിന് അർഹതയുള്ളവർ, ഓൺഅറൈവൽ വിസ ലഭിക്കുന്നവർ തുടങ്ങിയവർക്കായിരിക്കും പ്രവേശനാനുമതി ലഭിക്കുക. സെപ്റ്റംബർ ഒന്ന് മുതലായിരിക്കും തീരുമാനം പ്രാബല്ല്യത്തിൽ വരുകയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ സർക്കുലറിൽ പറയുന്നു.
ഓക്സ്ഫഡ് ആസ്ട്രാസെനക്ക, സ്പുട്നിക്ക്, ഫൈസർ, സിനോവാക് വാക്സിനുകൾക്കാണ് ഒമാനിൽ അംഗീകാരമുള്ളത്. ഇത് പ്രകാരം ഇന്ത്യയിൽ നിന്ന് കോവിഷീൽഡ്, സ്പുട്നിക് വാക്സിനുകൾ സ്വീകരിച്ചവർക്കാണ് പ്രവേശനാനുമതി ലഭിക്കുക.
രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതായി വ്യക്തമാക്കുന്ന ക്യു.ആർ കോഡ് അടങ്ങിയ സർട്ടിഫിക്കറ്റ് ഒമാനിലെത്തുന്നവരുടെ കൈവശം ഉണ്ടാകണം. രണ്ടാമത്തെ ഡോസ് ഒമാനിലെത്തുന്നതിന് 14 ദിവസമെങ്കിലും മുമ്പ് സ്വീകരിച്ചിരിക്കണം. യാത്രക്ക് മുമ്പ് പി.സി.ആർ പരിശോധനക്ക് വിധേയമാകുന്നവർക്ക് നിർബന്ധിത സമ്പർക്ക വിലക്കിൽ നിന്ന് ഇളവ് നൽകും. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ ഒമാനിലെത്തുന്നതിന് 72 മണിക്കൂർ മുമ്പാണ് പി.സി.ആർ പരിശോധനക്ക് വിധേയമാകേണ്ടത്. പി.സി.ആർ പരിശോധനാ ഫലമില്ലാതെ വരുന്നവരെ മസ്കത്ത് വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയമാക്കും. തുടർന്ന് സമ്പർക്ക വിലക്കും ഉണ്ടാകും. വിമാനം കയറുന്നതിന് മുമ്പ് എല്ലാ യാത്രക്കാരും തറാസുദ് പ്ലസ് ആപ്ലിക്കേഷനിൽ രജിസ്ട്രേഷൻ പൂർത്തീകരിക്കുകയും വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുകയും വേണം. 18 വയസും അതിൽ താഴെയും പ്രായമുള്ളവർക്ക് വാക്സിൻ, പി.സി.ആർ നിബന്ധനകൾ ബാധകമായിരിക്കില്ല. വാക്സിൻ സ്വീകരിക്കാൻ സാധിക്കാത്ത ആരോഗ്യ സാഹചര്യങ്ങളുള്ളവർക്കും ഇളവ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.