മലയാളികൾക്കടക്കം നോട്ടീസ്: ഒമാനിൽ 415 നഴ്സുമാർക്കുകൂടി തൊഴിൽ നഷ്ടമാകുന്നു
text_fieldsമസ്കത്ത്: നഴ്സിങ് രംഗത്തെ സ്വദേശിവത്കരണ ശ്രമങ്ങൾ ഒമാൻ ഉൗർജിതമാക്കുന്നു. വിവിധ ഗവർണറേറ്റുകളിലായി 415 സ്വദേശി നഴ്സുമാരെ നിയമിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മലയാളികളടക്കം നിരവധിപേർക്ക് നോട്ടീസ് ലഭിച്ചു. മൂന്നുമാസം മുമ്പാണ് നോട്ടീസ് ലഭിച്ചതെന്ന് ഇവരിൽ ഒരാൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ജൂലൈ ഒന്നിനാണ് അവസാനത്തെ ഡ്യൂട്ടി. നിലവിലുള്ള വിദേശജീവനക്കാർക്ക് പകരമാകും ഇവരെ നിയമിക്കുക. ഇതിനായി സുൽത്താൻ ഖാബൂസ് സർവകലാശാലയിൽനിന്നും മറ്റു സ്വകാര്യ സർവകലാശാലകളിൽ നിന്നുമുള്ള 200 പേരുമായി മന്ത്രാലയം ഇതിനകം അഭിമുഖം നടത്തി. ബാക്കിയുള്ളവരുടെ തുടർ നടപടികൾ വരുംദിവസങ്ങളിൽ നടക്കുമെന്ന് ആരോഗ്യമന്ത്രാലയം വക്താവിനെ ഉദ്ധരിച്ച് ഒൗദ്യോഗിക ദിനപത്രമായ ഒമാൻ അറബിക് റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ വിവിധ നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിച്ചിറങ്ങുന്ന ബിരുദധാരികൾക്ക് തൊഴിലവസരങ്ങളും സാധ്യതകളും കുറവാണ്. പരിചയസമ്പന്നരായ വിദേശികളെ മാറ്റി പകരം പുതിയ ആളുകളെ നിയമിക്കുന്നത് മെഡിക്കൽ സേവനത്തിെൻറ നിലവാരത്തെ ബാധിക്കാനിടയുണ്ട്. എന്നിരുന്നാലും പുതിയ കാലത്തേക്കുള്ള വലിയ നിക്ഷേപമായാണ് ഇതിനെ കണക്കാക്കുന്നതെന്നും വക്താവ് പറഞ്ഞു. നോട്ടീസ് ലഭിച്ച മലയാളികളിൽ പലരും നാട്ടിലേക്ക് പോകുന്നതിനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ വർഷവും സ്വദേശിവത്കരണത്തിെൻറ ഫലമായി മലയാളി നഴ്സുമാരടക്കം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.