സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ചു; നിയമപോരാട്ടത്തിൽ മലയാളിക്ക് അനുകൂല വിധി
text_fieldsമസ്കത്ത്: സർട്ടിഫിക്കറ്റ് പിടിച്ചുവെച്ച കമ്പനിക്കെതിരായ നിയമപോരാട്ടത്തിൽ ആലപ്പുഴ സ്വദേശി അലന് വിജയം. ഒമ്പതു മാസം നീണ്ട നടപടികൾക്ക് ഒടുവിൽ ആനുകൂല്യങ്ങളും സർട്ടിഫിക്കറ്റുകളും തിരികെ ലഭിച്ച മാവേലിക്കര സ്വദേശി അലൻ ചൊവ്വാഴ്ച പുലർച്ചയോടെ നാടണഞ്ഞു. പ്രൈമറി കോടതിയിലും അപ്പീൽ കോടതിയിലും വക്കീലിെൻറ സഹായമില്ലാതെ ഒറ്റക്കായിരുന്നു അലൻ നിയമപോരാട്ടം നടത്തിയതെന്നതും വിധിയുടെ മാറ്റ് വർധിപ്പിക്കുന്നു.
2015 സെപ്റ്റംബറിലാണ് എണ്ണമേഖലയിൽ പ്രവർത്തിക്കുന്ന കരാർ കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറുടെ വിസയിൽ അലൻ ഒമാനിൽ എത്തുന്നത്. ഒമാനിലെത്തി വൈകാതെ മന്ത്രാലയത്തിൽ സമർപ്പിക്കാനെന്നുപറഞ്ഞ് സർട്ടിഫിക്കറ്റ് കമ്പനി അധികൃതർ വാങ്ങിയെടുത്തതായി അലൻ പറഞ്ഞു. 2017 സെപ്റ്റംബറിൽ കാലാവധി കഴിഞ്ഞപ്പോൾ വിസ ഇനി പുതുക്കുന്നില്ലെന്നും നാട്ടിലേക്ക് മടങ്ങുകയാണെന്നും പറഞ്ഞപ്പോൾ വിസ പുതുക്കിയാൽ സർട്ടിഫിക്കറ്റും പാസ്പോർട്ടും തിരികെ നൽകുന്നത് പരിഗണിക്കാമെന്നാണ് കമ്പനി അധികൃതർ പറഞ്ഞത്.
സർട്ടിഫിക്കറ്റ് തിരികെ നൽകിയാൽ വിസ പുതുക്കാമെന്ന് അലൻ പറഞ്ഞെങ്കിലും കമ്പനി സമ്മതിച്ചില്ല. ഇതേത്തുടർന്ന് എംബസിയെ സമീപിച്ചെങ്കിലും പ്രശ്നപരിഹാരത്തിന് ഒന്നും ചെയ്തുതന്നില്ലെന്ന് അലൻ പറയുന്നു. നാലു മാസം 30 റിയാൽ വീതം ലഭിച്ചതാണ് കിട്ടിയ ഏക സഹായം. ഇതിനുശേഷം മാനവ വിഭവശേഷി മന്ത്രാലയത്തിലും പ്രൈമറി കോടതിയിലും പരാതി നൽകി.
കോടതിയിൽ തനിയെയാണ് കേസ് അവതരിപ്പിച്ചതും വാദിച്ചതും. ഒരു ഇൗജിപ്ഷ്യൻ വക്കീൽ കേസ് അവതരിപ്പിക്കേണ്ട രീതികളെ കുറിച്ച് മാർഗനിർദേശം നൽകിയതായി അലൻ പറഞ്ഞു.
ഒപ്പം ട്രാൻസ്ലേറ്ററുടെ സേവനവും ലഭിച്ചു. വാദത്തിനൊടുവിൽ പ്രൈമറി കോടതി പാസ്േപാർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയും ആനുകൂല്യമായി 1847.500 റിയാലും നൽകാൻ വിധിച്ചു.
ഇതിനെതിരെ സാധനങ്ങൾ നഷ്ടമായിട്ടുണ്ടെന്നും അലനാണ് ഉത്തരവാദിയെന്നും കാട്ടി കമ്പനി അപ്പീൽ കോടതിയെ സമീപിച്ചു. വാദത്തിനൊടുവിൽ പ്രൈമറി കോടതി വിധി അപ്പീൽ കോടതിയും ശരിവെച്ചതോടെയാണ് അലന് നാട്ടിൽ പോകാൻ വഴിതെളിഞ്ഞത്. ഒരു ധൈര്യത്തിനു പുറത്താണ് സ്വയം കേസ് വാദിക്കാൻ തീരുമാനിച്ചതെന്നും ജഡ്ജിയും രാജ്യത്തെ നീതിന്യായ വ്യവസ്ഥയും തനിക്ക് നല്ല പിൻബലമാണ് നൽകിയതെന്നും അലൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.