കോവിഡിെൻറ രണ്ടാം വരവിനെ വരുതിയിലാക്കി ഒമാൻ
text_fieldsമസ്കത്ത്: കോവിഡിെൻറ രണ്ടാം വരവിനെ വരുതിയിലാക്കി ഒമാൻ. 61 പേരാണ് പുതുതായി രോഗബാധിതരായത്. കഴിഞ്ഞ വെള്ളിയാഴ്ചയും നൂറിൽ കുറവ് രോഗബാധയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എട്ടു മാസത്തിനു ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം നൂറിൽ താഴെയെത്തുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,02,300 ആയി. 183 പേർക്കു കൂടി രോഗം ഭേദമായി. 2,91,904 പേരാണ് ഇതുവരെ രോഗമുക്തരായത്. ഒരാൾ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4064 ആയി. ഒമ്പതു പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 112 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 54 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കോവിഡിനെതിരായ പോരാട്ടം ഏറക്കുറെ ഫലപ്രാപ്തിയിലെത്തിയതിെൻറ ആത്മവിശ്വാസത്തോടെയാണ് രാജ്യം ഇന്നു മുതൽ പൂർണമായും കർമനിരതമാവുക. രണ്ടാം ഘട്ട വ്യാപനം രാജ്യത്ത് ഗുരുതരസാഹചര്യമാണ് ഉണ്ടാക്കിയത്. രോഗവ്യാപനം കൂടിയതിനൊപ്പം മരണസംഖ്യയും ഉയർന്നു. വിവിധ തവണകളിലായി രാത്രിസഞ്ചാര വിലക്കും വാണിജ്യ സ്ഥാപനങ്ങളുടെ അടച്ചിടലും വഴിയാണ് ഒമാൻ കോവിഡിനെ വരുതിയിലാക്കിയത്. ബലി പെരുന്നാൾ സമയത്ത് രാജ്യം സമ്പൂർണ അടച്ചിടലും പ്രഖ്യാപിച്ചിരുന്നു.
കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്ത ശേഷം ഇതാദ്യമായായിരുന്നു രാജ്യം പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്. വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കിയതോടെയാണ് രോഗവ്യാപനവും മരണസംഖ്യയും കുറഞ്ഞത്. വാക്സിൻ നിർബന്ധമാക്കുന്ന തരത്തിൽ സുപ്രീം കമ്മിറ്റി തീരുമാനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തതോടെ ആദ്യം വാക്സിനെടുക്കാൻ വിമുഖത കാണിച്ചവർ ഇന്ന് വാക്സിൻ സ്വീകരിക്കാൻ നെട്ടോട്ടമാണ്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്ര വിലക്ക് പിൻവലിച്ചത് പ്രവാസികൾക്ക് ഏറെ ആശ്വാസകരമായിട്ടുണ്ട് . ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ തിരികെ എത്തുന്നതോടെ വ്യാപാര വാണിജ്യ മേഖല കൂടുതൽ കരുത്താർജിക്കും എന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.