റമദാൻ തിരക്കിലലിഞ്ഞ് മത്ര സൂഖ്
text_fieldsമത്ര: വ്രതാരംഭത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ റമദാനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും. റമദാന്‍റെ ഭാഗമായി കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സൂഖുകളില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്.
നോമ്പിനെ വരവേല്‍ക്കാനുള്ള തയാറെടുപ്പുമായി ആവേശത്തോടെ സ്വദേശി സമൂഹം ഇറങ്ങിയപ്പോള്‍ സൂഖുകളും കച്ചവട കേന്ദ്രങ്ങളും സജീവമായി. പ്രധാനമായും വസ്ത്ര വ്യാപാര മേഖലയിലാണ് കച്ചവടം കേന്ദ്രീകരിച്ചത്. കഫ്റ്റീരിയ മുതല്‍ തയ്യല്‍ക്കടകള്‍ വരെ തിരക്കിലമര്‍ന്നു. ശഅബാന്‍ പിറന്നതോടെ റമദാനെ സ്വീകരിക്കാനുള്ള ഓട്ടപ്പാച്ചിലുകള്‍ പരക്കെ ദൃശ്യമായിരുന്നു. ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കാറുള്ള 'ശഅബാനിയ' ആഘോഷത്തിന്‍റെ തിരക്കായിരുന്നു ശഅബാന്‍ തുടങ്ങിയ ആദ്യവാരങ്ങളില്‍ ഉണ്ടായിരുന്നത്. പാനൂസുകളും അലങ്കാര വിളക്കുകളും സമ്മാനപ്പൊതികളും മധുര പലഹാരങ്ങളുമായിരുന്നു 'ശഅബാനിയ'യുടെ ഭാഗമായി പ്രധാനമായും വാങ്ങിയിരുന്നത്. നോമ്പിന് ഏതാനും ദിവസംമുമ്പാണ് ശഅബാനിയ ആഘോഷങ്ങള്‍ നടക്കാറുള്ളത്. ഒമാന്‍റെ ചില വിലായതുകളില്‍ മാത്രമാണ് ഇത് കൊണ്ടാടാറുള്ളത്.
റമദാന് വീട്ടുസാധനങ്ങള്‍ അടിമുടി മാറ്റി പുതിയത് വാങ്ങുക എന്നത് പരമ്പരാഗതമായി സ്വദേശികളുടെ ശീലമാണ്. നോമ്പുതുറ വിഭവങ്ങള്‍ അയല്‍ വീടുകളിലേക്കും ബന്ധുക്കള്‍ക്കും കൈമാറാനായാണ് ഇത്തരത്തില്‍ വാങ്ങുന്ന പാത്രങ്ങള്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍, കോവിഡ് കഴിഞ്ഞ ശേഷമുള്ള ഇത്തവണത്തെ സീസണില്‍ പാത്രങ്ങള്‍ പഴയതുപോലെ വലിയ തോതില്‍ വിറ്റുപോകുന്നില്ലെന്ന് മത്രയിലെ കച്ചവടക്കാരനായ കണ്ണൂര്‍ സ്വദേശി അഫീല്‍ പറയുന്നു. പഴയ തലമുറ സ്ത്രീകള്‍ സൂഖുകളില്‍ വരുന്നത് കുറയുകയും മറ്റുള്ളവർ ഡിസ്പോസിബ്ൾ പാത്രങ്ങള്‍ വാങ്ങുന്നത് ശീലമാക്കിയതുമാണ് കച്ചവടം കുറയാൻ കാരണമെന്ന് മറ്റൊരു വ്യാപാരി അന്‍വര്‍ പൊന്നാനി പറഞ്ഞു. പെരുന്നാൾ വസ്ത്രങ്ങള്‍ വാങ്ങാനാണ് കൂടുതൽ ആളുകൾ എത്തിയിട്ടുള്ളത്. വാരാന്ത്യ അവധി ദിനങ്ങളില്‍ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. വാഹനങ്ങളുടെ നീണ്ട ക്യൂ കാരണം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും പാര്‍ക്കിങ് തരപ്പെടാത്ത അവസ്ഥയുമുണ്ടായി. മാസാവസാനം ശമ്പളദിനം കൂടിയായതോടെ എല്ലാ മേഖലയിലുമുള്ള കച്ചവടക്കാര്‍ക്കും തിരക്ക് വലിയ അനുഗ്രഹമായി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ സീസണ്‍ കോവിഡ് കവര്‍ന്നതുമൂലമുള്ള ക്ഷീണമകറ്റാന്‍ ഇത്തവണത്തെ സീസണ്‍ ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡിനുമുമ്പുള്ള സൂഖിന്‍റെ പഴയകാല പ്രതാപങ്ങളിലേക്ക് തിരിച്ചെത്തിയതിലുള്ള ആശ്വാസവും വ്യാപാരികളില്‍ പ്രകടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.