വരൂ, ഉൽക്കകളുടെ അൽഭുത ലോകം കാണാം!
text_fieldsമസ്കത്ത്: ഉൽക്കകളുടെ അൽഭുത ലോകം ശാസ്ത്രകുതുകികൾക്ക് മുന്നിൽ തുറന്നിട്ട് ‘ഒമാനിലെ ഉൽക്കകൾ’ പ്രദർശനം. ഒമാൻ തെക്കൻ ശർഖിയ ഗവർണറേറ്റിലെ സുർ സിറ്റി വാക്കിൽ പ്രദർശനത്തിന്റെ മൂന്നാം പതിപ്പിന് തുടക്കമായത്. അറബ് ടൂറിസത്തിന്‍റെ തലസ്ഥാനമായി സൂറിനെ തെരഞ്ഞെടുത്തതിനോടനുബന്ധിച്ച് പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് ഈ വ്യത്യസ്തമായ പരിപാടി.
ഡോ.ശൈഖ് ഹിലാൽ ബിൻ അലി ബിൻ സൗദ് അൽ ഹബ്സിയുടെ കാർമികത്വത്തിലായിരുന്നു ഉദ്ഘടനം. ഉൽക്കാശിലകളുടെ പ്രാധാന്യം വ്യക്തമാക്കാനും സുസ്ഥിര നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മ്യൂസിയം ലാൻഡ്‌സ്‌കേപ്പ് വൈവിധ്യവത്കരിക്കുന്നതിനും ഇതിലൂടെ പൈതൃക വിനോദസഞ്ചാര മന്ത്രാലയം ലക്ഷ്യമിടുന്നു.
ഒമാനിലെ ഏറ്റവും വലിയ ഉൽക്ക പതനങ്ങളിൽനിന്നുള്ള സാമ്പിളുകൾ ഉൾപ്പെടെ, ശാസ്ത്രപ്രാധാന്യവും അമൂല്യവുമായ നിരവധി അപൂർവ ഉൽക്കകൾ പ്രദർശനത്തിലുണ്ട്. രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്ന ഉൽക്കാശിലകളുടെ വീണ്ടെടുക്കൽ സുഗമമാക്കുന്നതിന് ട്രാക്ക് ചെയ്യുകയും ഡോക്യുമെൻറ് നടത്തുകയും ചെയ്യുന്ന മെറ്റിയർ മോണിറ്ററിങ് ഉപകരണങ്ങളുടെ പ്രോജക്റ്റിനെക്കുറിച്ചുള്ള അവതരണവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
മഗ്നീഷ്യം, ഇരുമ്പ് സിലിക്കേറ്റ് ധാതുക്കൾ അടങ്ങിയ യൂറിലൈറ്റ് ഉൽക്കാശില, 2010ൽ അൽ വുസ്ത ഗവർണറേറ്റിൽ വീണ യൂക്രൈറ്റ് ഉൽക്കാശില (വെസ്റ്റ 4 എന്ന ഛിന്നഗ്രഹത്തിന്‍റെ പുറംതോടിലെ ബസാൾട്ട് പാറകളിൽ നിന്നാണ് ഉത്ഭവിച്ചത്), സന്ദർശകർക്ക് തൊടാൻ കഴിയുന്ന ജിദ്ദത്ത് അൽ ഹറാസിസ് ഉൽക്കാശില എന്നിവയും പ്രദർശനത്തിലുണ്ട്. ജിദ്ദത്ത് അൽ ഹറാസിസ് ഉൽക്കാശില ഒമാനിൽ കണ്ടെത്തിയ ഏറ്റവും വലിയ ഉൽക്കാ പതനമാണ്.
അറബ് ടൂറിസത്തിന്‍റെ തലസ്ഥാനമായി സൂറിനെ ആഘോഷിക്കുന്ന വേളയിൽ നടക്കുന്ന ഈ പ്രദർശനത്തിന് കൂടുതൽ ആളുകളെത്തുമെന്ന് ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയത്തിലെ മ്യൂസിയം ഡയറക്ടർ ജനറൽ സഈദ് ബിൻ ഹരേബ് അൽ ഉബൈദാനി പറഞ്ഞു. സന്ദർശകർക്കും ഗവേഷകർക്കും വിദ്യാർഥികൾക്കും ഉൽക്കാ ശാസ്ത്രത്തെക്കുറിച്ച് പര്യവേക്ഷണം ചെയ്യാനും പഠിക്കാനും അവസരം നൽകും. പ്രദർശനം അടുത്തവർഷം ജനുവരി 12വരെ നീണ്ടുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.