ഒമാൻ ടൂറിസം മന്ത്രാലയത്തിന്റെ കാമ്പയിന് ഇന്ത്യയിൽ തുടക്കം
text_fieldsമസ്കത്ത്: വിനോദ സഞ്ചാരികളെ ആകർഷിക്കാനും സുൽത്താനേറ്റിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുക, അതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ഒമാൻ ടൂറിസം മന്ത്രാലയം ഇന്ത്യയിൽ സംഘടിപ്പിക്കുന്ന പ്രമോഷനൽ കാമ്പയിന് തുടക്കം. പ്രാരംഭഘട്ടമെന്നോണം ഡൽഹിയിലാണ് മൊബൈൽ സെമിനാറുകൾക്ക് തുടക്കമായത്.
ഡൽഹിക്ക് പുറമെ ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും മന്ത്രാലയത്തിന്റെ കീഴിൽ കാമ്പയിനുകൾ സംഘടിപ്പിക്കും. സുൽത്താനേറ്റിന്റെ പ്രകൃതി സൗന്ദര്യം, സാംസ്കാരിക പൈതൃകം, ആതിഥ്യ മര്യാദ എന്നിവ പരിചയപ്പെടുത്തിയാണ് കാമ്പയിൻ മുന്നോട്ട് പോവുന്നത്.
കൂടാതെ സുൽത്താനേറ്റിന്റെ ടൂറിസം ഇവന്റുകൾ, വിവാഹ ടൂറിസം, കോൺഫറൻസുകൾ, എക്സിബിഷനുകൾ എന്നിവയും കാമ്പയിന്റെ ഭാഗമായി പരിചയപ്പെടുത്തും. ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി അസാൻ ബിൻ ഖാസിം അൽ ബുസൈദിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന്റെ കീഴിൽ നടക്കുന്ന കാമ്പയിൻ ഈ മാസം 28 വരെ ഇന്ത്യയിൽ തന്നെ തുടരും.
ലോകത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നവരുടെ ഇടയിൽ ഇന്ത്യക്കാർക്ക് വലിയ സ്ഥാനമാണുള്ളത്. കഴിഞ്ഞ വർഷം ആകെ ആറു ലക്ഷത്തിലധികം ഇന്ത്യക്കാർ ഒമാൻ സന്ദർശിച്ചിരുന്നു. ഇത്തവണ അത് വീണ്ടും അധികരിക്കുമെന്നാണ് കരുതുന്നതെന്ന് അസാൻ ബിൻ ഖാസിം അൽ ബുസൈദി പറഞ്ഞു.
പ്രകൃതി സൗന്ദര്യത്തിനും സാംസ്കാരിക പൈതൃകത്തിനും പെരുമ കേട്ട നാടാണ് സുൽത്താനേറ്റ് ഓഫ് ഒമാൻ, ഇതൊരു മൾട്ടി -സീസണൽ ഡെസ്റ്റിനേഷനാണ്. ഒമാനിന്റെ മികച്ച ആതിഥ്യ മര്യാദ ലോകത്തിലെ എല്ലാ വിഭാഗം വിനോദ സഞ്ചാരികളെയും രാജ്യത്തേക്ക് ആകർഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷവും സമാന രീതിയിൽ മന്ത്രാലയം ഇന്ത്യയിൽ ടൂറിസം റോഡ്ഷോ കാമ്പയിൻ നടത്തിയിരുന്നു.
2024 ലെ ആദ്യ ആറു മാസങ്ങൾ കഴിഞ്ഞപ്പോൾത്തന്നെ മൂന്നു ലക്ഷത്തിലധികം ഇന്ത്യക്കാർ ഒമാൻ സന്ദർശിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇത്തരത്തിൽ ഇന്ത്യയിൽനിന്നുള്ള സന്ദർശകരുടെ ഒഴുക്കിന് ഇത്തരം കാമ്പയിനുകൾ കാരണമായതായാണ് വിലയിരുത്തുന്നത്. ഒമാൻ സന്ദർശിക്കുന്നവരുടെ പട്ടികയിൽ ഇന്ത്യക്കാരാണ് മുന്നിലുള്ളതെന്നും ശ്രദ്ധേയമാണ്.
സുൽത്താനേറ്റ് ഇന്ത്യക്കാർക്ക് ഏറ്റവും അടുത്തുള്ള വിദേശ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള നിരവധി വിമാന സർവിസുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.