ഒമാൻ ടൂറിസം മന്ത്രാലയത്തിന്റെ ശിൽപശാലക്ക് ഇന്ത്യയിൽ ഇന്ന് തുടക്കമാകും
text_fieldsമസ്കത്ത്: രാജ്യത്തെ പൈതൃക ടൂറിസം മന്ത്രലയത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ നടക്കുന്ന ശിൽപ്പശാലക്ക് ഇന്ന് തുടക്കമാകും. സുൽത്താനേറ്റിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുക, അതിനെ പ്രോത്സാഹിപ്പിക്കുക എന്നലക്ഷ്യത്തോടെ മന്ത്രാലയം നടത്തുന്ന റോഡ്ഷോ ഈ മാസം 28 വരെ തുടരും.
ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ ന്യൂഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലാണ് ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി അസാൻ ബിൻ ഖാസിം അൽ ബുസൈദിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന്റെ കീഴിൽ ശിൽപ്പശാല നടക്കുക.
കഴിഞ്ഞ വർഷവും സമാന രീതിയിൽ മന്ത്രാലയം ഇന്ത്യയിൽ റോഡ്ഷോ നടത്തിയിരുന്നു. ശേഷം 2023 ൽ ആകെ ആറു ലക്ഷത്തിലധികം ഇന്ത്യക്കാർ ഒമാൻ സന്ദർശിച്ചിരുന്നു. ഈ വർഷത്തെ ആദ്യ ആറു മാസങ്ങൾ കഴിഞ്ഞപ്പോൾ മൂന്നു ലക്ഷത്തിലധികം ഇന്ത്യക്കാർ ഒമാൻ സന്ദർശിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇത്തരത്തിൽ ഇന്ത്യയിൽനിന്നുള്ള സന്ദർശകരുടെ ഒഴുക്കിന് റോഡുഷോകൾ കാരണമായതായാണ് വിലയിരുത്തുന്നത്. ഒമാൻ സന്ദർശിക്കുന്നവരുടെ പട്ടികയിൽ ഇന്ത്യക്കാരാണ് മുന്നിലുള്ളതെന്നും ശ്രദ്ധേയമാണ്.
സുൽത്താനേറ്റ് ഇന്ത്യക്കാർക്ക് ഏറ്റവും അടുത്തുള്ള വിദേശ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്. ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള നിരവധി വിമാന സർവിസുകളുമുണ്ട്.
ഒമാനിലെ ടൂറിസം മേഖലയിലെ പുതിയ സംഭവവികാസങ്ങൾ, ഹോട്ടലുകൾ എന്നിവയെക്കുറിച്ച് ശിൽപ്പശാലയിൽ അവബോധം നൽകും. ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഒമാനിലെ കമ്പനി പ്രതിനിധികളുമായി സംവധിക്കാനും സംസാരിക്കാനും റോഡ്ഷോ വഴി സാധ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.