അലങ്കാര വിളക്കുകൾ തെളിഞ്ഞു; രാജ്യം ദേശീയദിന പൊലിമയിലേക്ക്
text_fieldsമസ്കത്ത്: റോഡുകളിലും ഹൈവേകളിലും അലങ്കാര വിളക്കുകൾ മിഴിതുറന്നതോടെ രാജ്യം 52ാം ദേശീയദിന പൊലിമയിലേക്ക് നീങ്ങി. സന്ധ്യമയങ്ങുന്നതോടെ പ്രധാന തെരുവുകൾ ബഹുവർണ പ്രഭയിൽ കുളിച്ചുനിൽക്കുന്നത് ഉത്സവക്കാഴ്ചയായി.
മസ്കത്ത് അടക്കമുള്ള പ്രധാന നഗരങ്ങളിലെ അലങ്കാര വിളക്കുകളുടെ സൗന്ദര്യം ആസ്വദിക്കാൻ രാജ്യത്തിന്റെ ഉൾഭാഗത്തുനിന്ന് സ്വദേശികളും വിദേശികളും എത്തിയതോടെ ഇത്തരം പാതകളിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഫോട്ടോയും സെൽഫി എടുക്കാനുമൊക്കെയായി വൻ തിരക്കാണ് രാത്രികാലങ്ങളിൽ പലയിടത്തും. റോഡുകളിലും പാതയോരങ്ങളിലും പ്രധാന സ്ഥലങ്ങളിലും ഒമാന്റെ ത്രിവർണ പതാക നേരത്തെ പാറിപ്പറക്കാൻ തുടങ്ങിയിരുന്നു.
ഈ വർഷത്തെ അലങ്കാര വിളക്കുകൾ മുൻവർഷത്തെ അപേക്ഷിച്ച് വ്യത്യസ്തമാണ്. സാധാരണ ഇരുറോഡുകളുടെയും മധ്യത്തിലുള്ള ഒഴിഞ്ഞ ഭാഗത്ത് മാലവിളക്കുകളാണ് ഉപയോഗിക്കാറുള്ളത്. ഈ വർഷം റോഡിന് ഇരുവശമുള്ള മരങ്ങൾ വിളക്കുകൾകൊണ്ട് അലങ്കരിച്ചു. റോഡിന്റെ വശങ്ങളിലുള്ള ഈന്തപ്പനകളും തണൽമരങ്ങളുമൊക്കെ രാത്രിയാവുന്നതോടെ വെളിച്ചം പരത്തുന്നത് മനോഹരയ കാഴ്ചയാണ്. പതിവുപോലെ റോയൽ ഒപേര ഹൗസിന് സമീപവും മറ്റ് പ്രധാന സ്ഥലങ്ങളിലും വൈവിധ്യ രൂപത്തിലുള്ള അലങ്കാര വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ദേശീയ ദിനത്തിന്റെ ഭാഗമായി ഈ വർഷം പട്ടം, ലേസർ, ഡ്രോൺ എന്നിവ മൂന്ന് ഗവർണറേറ്റുകളിൽ നടക്കും. നവംബർ 18ന് മസ്കത്തിലെ അമിറാത്ത് പാർക്കിലും സലാലയിലെ സാഹൽ ഇത്തീൻ പാർക്കിലും രാത്രി എട്ടിന് ലേസർ, ഡ്രോൺ ഷോ നടക്കും. അന്നേ ദിവസം സലാലയിലെ സാഹൽ ഇത്തീൻ പാർക്കിൽ ഉച്ചക്ക് രണ്ട് മുതൽ അഞ്ച് വരെ പട്ടം പറത്തലും നടക്കും.
നവംബർ 19ന് മസ്കത്തിലെ അൽ ഖുദ് ഡാമിലും മുസന്തം ഗവർണറേറ്റിലെ കസബിലും രാത്രി എട്ടിന് ലേസർ, ഡ്രോൺ ഷോ നടക്കും.
നവംബർ 20നും 21നും സീബ് ബീച്ചിലും അസൈബ ബീച്ചിലും ഉച്ചക്ക് രണ്ടു മുതൽ അഞ്ചു വരെ പട്ടം പറത്തൽ ഉണ്ടാകും. 20ലധികം പേർ പങ്കെടുക്കുന്ന ഷോയിലെ പട്ടങ്ങൾ വിവിധ രൂപത്തിലും വർണത്തിലുമുള്ളതായിരിക്കും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതമിന്റെ ചിത്രവും ഒമാൻ പതാകയും പട്ടങ്ങളിൽ തെളിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.