ഹത്ത അതിർത്തിയെ വർണ്ണമണയിച്ച് ഒമാൻ ദേശീയ ദിനാഘോഷം
text_fieldsദുബൈ: ഒമാന്റെ 54ാം ദേശീയ ദിനാഘോഷം ഹത്ത അതിർത്തിയിൽ വർണാഭമായ പരിപാടികളോടെ നടന്നു. ദുബൈ അതിർത്തി- തുറമുഖ സുരക്ഷാ കൗൺസിലും ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും സംയുക്തമായാണ് ആഘോഷച്ചടങ്ങുകൾ സംഘടിപ്പിച്ചത്.
യാത്രക്കാരുടെ ചെക്കിങ് പോയിന്റ് പരിസരത്ത് നടന്ന പരിപാടിയിൽ, ദുബൈ ഇമിഗ്രേഷൻ മേധാവി ലഫ്റ്റ്നന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഒമാൻ പോലീസിലെ ഉന്നത മേധാവിയും നോർത്ത് അൽബാത്തിന പോലീസിന്റെ കമാൻഡർ ബ്രിഗേഡിയർ അബ്ദുള്ള അൽ ഫാർസി, ദുബൈ കസ്റ്റംസിന്റെ ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ബുസ്നാദ്, ദുബൈയിലെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ അസിസ്റ്റന്റ് ഡയറക്ടർമാർ, ഒമാൻ പോലീസ് ഉദ്യോഗസ്ഥന്മാർ അടക്കം നിരവധി പേർ സംബന്ധിച്ചു.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ എയർപോർട്ടിലും ഒമാൻ ദേശീയ ദിനാഘോഷം നടന്നു. സ്വദേശികളായ യാത്രക്കാർക്ക് പ്രത്യേക സ്വീകരണവും സമ്മാനങ്ങളും ഇന്റർനെറ്റ് ഡാറ്റ അടങ്ങിയ മൊബൈൽ സിമ്മുകളും നൽകി. എയർപോർട്ടിലും ഹത്ത അതിർത്തിയിലും യാത്രക്കാരുടെ പാസ്പോട്ടുകളിൽ യു.എ.ഇ - ഒമാൻ സൗഹൃദം അടയാളപ്പെടുത്തിയ സ്റ്റാമ്പുകളും പതിപ്പിച്ചു.
ആധുനിക ഒമാന്റെ ശിൽപിയായ അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സൗദിന്റെ ജന്മദിനമാണ് രാജ്യം ദേശീയദിനമായി ആഘോഷിക്കുന്നത്. ഹത്ത അതിർത്തിയിൽ നടന്ന ചടങ്ങുകൾ ഒമാന്റെയും യു.എ.ഇയുടെയും ചരിത്രപരമായ ബന്ധങ്ങളും സൗഹൃദങ്ങളും കൂടുതൽ അടയാളപ്പെടുത്തുന്ന വേദിയായി.
ഇരു രാജ്യങ്ങളിലെയും നാടൻ കലാരൂപങ്ങളും മറ്റു പരിപാടികളും ഇതിനോടൊപ്പം നടന്നു. യു.എ.ഇയുടെയും ഒമാന്റെയും ദേശീയ ചിഹ്നങ്ങളും കൊടിതോരണങ്ങൾ കൊണ്ടും ഹത്ത പാതയോരങ്ങൾ പ്രത്യേകം അലങ്കരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.