അവധി കഴിഞ്ഞു; ഇന്ന് മുതൽ സാധാരണ നിലയിലേക്ക്
text_fieldsമസ്കത്ത്: ദേശീയ ദിനാഘോഷ അവധിക്കുശേഷം രാജ്യം ഇന്ന് സാധാരണ നിലയിലേക്ക് നീങ്ങിത്തുടങ്ങും. വാരാന്ത്യദിനങ്ങളുൾപ്പെടെ തുടർച്ചയായി ലഭിച്ച നാലു ദിവസത്തെ അവധി ഔദ്യോഗിക മേഖലയെ നിശ്ചലമാക്കിയിരുന്നു. പൊതു, സ്വകാര്യ മേഖല സ്ഥാപനങ്ങൾ എല്ലാം അടഞ്ഞ് കിടന്നത് രാജ്യം നിശ്ചലമാകാൻ കാരണമായി. ഇന്നുമുതൽ രാജ്യത്തിന്റെ എല്ലാ മേഖലകളും സജീവമാവും. പല സേവനങ്ങളും ഇന്നു മുതൽ വേഗത്തിലാകും. ഇതിനാൽ വിസ റസിഡന്റ് കാർഡ്, ചേംബർ ഓഫ് കൊമേഴ്സ്, ബാങ്കിങ് തുടങ്ങിയ മേഖലകളിൽ നല്ല തിരക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്.
അവധി ദിവസങ്ങളിൽ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് കനത്ത ചൂടായിരുന്നു ഉണ്ടായിരുന്നത്. ഇതു കാരണം പലരും പുറത്തിറങ്ങിയിരുന്നില്ല. നിലവിൽ സുൽത്താനേറ്റിൽ പൊതുവേ അനുകൂലമായ കാലാവസ്ഥയാണുള്ളത്. ഇത് മുതലാക്കിയാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ടൂറിസം കേന്ദ്രങ്ങളിലേക്ക് ഒഴുകിയത്. ഇത് ഒമാനിലെ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് വർധിക്കാൻ കാരണമായി. ജബൽ അഖ്ദർ, ജബൽ ശംസ്, വാദീ ബനീ ഖാലിദ്, നിസ്വ, ത്വിവി, നിസ്വ, റുസ്താഖ്, മസീറ, സൂർ തുടങ്ങിയ എല്ലാ കേന്ദ്രങ്ങളിലും നല്ല തിരക്ക് അനുഭവപ്പെട്ടു.
ബീച്ചുകളിലും നല്ല തിരക്കാണ് ഉണ്ടായിരുന്നത്. ഖുറം, അസൈബ തുടങ്ങിയ ബീച്ചുകളിൽ നൂറു കണക്കിനാളുകളാണ് അവധി ആഘോഷിക്കാനെത്തിയത്.
മത്രയിലും കുറവല്ലാത്ത തിരക്കനുഭവപ്പെട്ടു. ഇവിടങ്ങളിൽ നടക്കുന്ന ‘റനീൻ’ കലാപരിപാടി സന്ദർശകരെ ആകർഷിക്കുന്നതായിരുന്നു. പരിപാടിയുടെ ഭാഗമായി ഒരുക്കിയ പ്രദർശനം കലാപ്രേമികളുടെ മനം കവരുന്നതാണ്.
നാട്ടിൽ പോയവരും അവധി ആഘോഷിക്കാൻ മറ്റു രാജ്യങ്ങളിൽ പോയവരും ശനിയാഴ്ചതന്നെ തിരിച്ചെത്തി കഴിഞ്ഞു. ഇന്ന് രാവിലെ തിരിച്ചെത്തിയവരും നിരവധിയാണ്. ഇവരെല്ലാം ആലസ്യത്തോടെയാണ് ഞായറാഴ്ച തൊഴിൽ സ്ഥാപനങ്ങളിൽ എത്തുക. അതിനാൽ ഇതും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.