ദേശീയദിനം: ആഘോഷങ്ങളെ വരവേൽക്കാൻ വിപണിയൊരുങ്ങി
text_fieldsമത്ര: രാജ്യത്തിന്റെ 52ാം ദേശീയദിനം വര്ണശബളമാക്കാന് വിപണി ഒരുങ്ങി. മൊത്തവിതരണ മേഖലയിലാണ് കാര്യമായ കച്ചവടം നടക്കുന്നത്.
ഓഫിസുകളും മദ്റസകളും കമ്പനികളുമൊക്കെ അലങ്കരിക്കാനുള്ള സാധനങ്ങളാണ് പ്രധാനമായും വിറ്റുപോകുന്നത്. വലിയ ബാനറുകള്‍, ഫ്ലക്സ്, പതാകകള്‍, ഷാളുകള്‍, ടീ ഷര്‍ട്ട്, സുല്‍ത്താന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത കുട്ടികളുടെ ഉടുപ്പുകള്‍ തുടങ്ങിയവയാണ് മൊത്തവിതരണ മേഖലകളില്‍ കാര്യമായി വിറ്റുപോകുന്നത്. നിയമപരമായ തടസ്സങ്ങള്‍ നിലനിന്നതിനാല്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും വിൽപനാനുമതി ഇല്ലായിരുന്നു.
അനുമതി നേടി, അടുത്ത ദിവസമാണ് കൂടുതൽ മേഖലകളിലേക്ക് വിപണി സജീവമായത്. അതേസമയം ദേശീയദിനം അടുത്തെത്തിയിട്ടും ചില്ലറ വിപണിയില്‍ കാര്യമായ ചലനമില്ല. രാജ്യത്ത് മൊത്തത്തില്‍ അനുഭവപ്പെടുന്ന മാന്ദ്യം ചില്ലറ മേഖലയെയും ബാധിച്ചുവെന്നുവേണം പറയാന്‍.
വലിയതോതിലുള്ള കച്ചവടം നടന്നുകാണാത്തതിനാല് ചില്ലറ വിപണിയില്‍ പഴയപോലെ സാധനങ്ങള്‍ ആരും തന്നെ സ്റ്റോക്ക് ചെയ്തിട്ടില്ല.
ബലദിയ പാര്‍ക്കിലെ കടകൾക്കുമുന്നില്‍ വിപണിക്കൊപ്പം തന്നെ മനോഹരമായി കൊടിതോരണങ്ങളാല്‍ അലങ്കരിച്ചുവെച്ചതില് മലയാളി മുദ്ര പ്രകടമാണ്. നാട്ടിലെ സമ്മേളന വേദികളെ അനുസ്മരിപ്പിക്കും വിധമാണ് അലങ്കാര പ്രവൃത്തികൾ.
ഇത് കാണുന്നവർ കടകളില്‍ കയറി ദേശീയദിനാഘോഷ സാധനങ്ങള്‍ അറിയാതെ വാങ്ങിപ്പോകും വിധമുള്ള അലങ്കാര പ്രവൃത്തികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.