പൊലിമയില്ലാതെ പെരുന്നാൾ
text_fieldsമസ്കത്ത്: കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ഇൗദ്ഗാഹും മസ്ജിദുകളിലെ പെരുന്നാൾ നമസ്കാരവും കൂടിച്ചേരലുകളുമില്ലാതെ ചെറിയ പെരുന്നാൾ. കൂടിച്ചേരലുകൾക്ക് വിലക്കുള്ളതിനാൽ വീടുകളിൽ തന്നെയായിരുന്നു നമസ്കാരം.
ആശംസ കൈമാറലും ആലിംഗനവുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ഒതുങ്ങി. ബുധനാഴ്ച മാസപ്പിറവി പ്രഖ്യാപനമുണ്ടായതു മുതൽ പ്രവാസികൾ ഫോൺ വഴി ഒമാനിലുള്ള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം നാട്ടിലുള്ളവർക്കും സഹപാഠികൾക്കും ബാല്യകാല സുഹൃത്തുക്കൾക്കുമൊക്കെ ആശംസ സന്ദേശം കൈമാറി.
പ്രത്യേക ലോക്ഡൗണും നിയന്ത്രണങ്ങളും ഉണ്ടായിരുന്നെങ്കിലും പെരുന്നാൾ ദിവസം വൈകുന്നേരം റുവി അടക്കമുള്ള നഗരങ്ങളിൽ ചെറിയ തിരക്ക് അനുഭവപ്പെട്ടു. വാണിജ്യ സ്ഥാപനങ്ങൾ അടഞ്ഞതോടൊപ്പം അവധിയായതിനാൽ ഹൈപ്പർ മാർക്കറ്റുകളും തുറന്നിരുന്നില്ല. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമില്ലെങ്കിലും പാർസൽ സർവിസ് സഹായകമായി.
റൂവി അടക്കമുള്ള നഗരങ്ങളിൽ ഏതാനും കഫറ്റീരിയകൾ അടക്കം വിരലിലെണ്ണാവുന്ന സ്ഥാപനങ്ങളാണ് പ്രവർത്തിച്ചത്. മുവാസലാത്ത് ബസ് സർവിസുകൾ നിലച്ചതും ടാക്സി സർവിസുകൾ കുറഞ്ഞതും റൂവിയിൽ തിരക്ക് കുറച്ചില്ല.
പെരുന്നാളിൻെറ ഭാഗമായ ആഘോഷങ്ങൾക്കെല്ലാം കടുത്ത നിയന്ത്രണമായിരുന്നു. ഒമാൻെറ സംസ്കാരത്തിൻെറ ഭാഗമായ വിവിധ സൂഖുകളും അടഞ്ഞുകിടന്നത് ആഘോഷത്തെ കാര്യമായി ബാധിച്ചു. മത്ര, സീബ്, ബഹ്ല, സുഹാർ, ഇബ്രി, ഇബ്ര, ബിദായയിലെ അൽ മിന്തരിസ്, സിനാവ്, നിസ്വ എന്നിവിടങ്ങളാണ് പരമ്പരാഗത സൂഖുകൾ. വാദികബീർ, സീബ്, ബർക, ബഹ്ല തുടങ്ങിയ നഗരങ്ങളിൽ താൽക്കാലിക ചന്തകളും നടക്കാറുണ്ട്. ആടുമാടുകൾ അടക്കമുള്ള ഉൽപന്നങ്ങളാണ് ഇവിടെയുണ്ടാവുക. ഇത്തരം ചന്തകളും ഇൗ വർഷം പ്രവർത്തിക്കാത്തത് പൊലിമ കുറച്ചു.
ലോക്ഡൗൺ നിയമം പാലിക്കുന്നതിൽ ഒമാനിലെ കമ്പനികളും സ്ഥാപനങ്ങളും ജാഗ്രത പാലിച്ചു. പെരുന്നാൾ അവധിക്കാലത്ത് കമ്പനിയുടെ താമസപരിസരം വിട്ടുപോകരുത്, കമ്പനി വാഹനങ്ങൾ ദൂരയാത്രകൾക്ക് ഉപയോഗിക്കരുത് തുടങ്ങിയ നിർദേശങ്ങൾ നൽകിയിരുന്നു.
മത്ര കോര്‍ണിഷിലും സമാന കാഴ്ചയായിരുന്നു. ആള്‍ക്കൂട്ടം രൂപപ്പെടുമ്പാേൾ പൊലീസ് വാഹനമെത്തി പിരിച്ചുവിട്ടു. ജനനിബിഡമാകാറുള്ള മസ്കത്തിലെ പ്രശസ്തമായ മത്ര റിയാം പാര്‍ക്കും പരിസരവും ആളനക്കമില്ലാതെ കിടന്നു. കനത്ത ചൂടും ആളുകൾക്ക് വീടിന് വെളിയിലിറങ്ങുന്നതിന് വിലങ്ങായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.