ഏറ്റവും കുറഞ്ഞ മലിനീകരണം ഒമാൻ നമ്പർ വൺ
text_fieldsസലാലയിലെ ഖരീഫ് സീസണിലെ കാഴ്ച (ഫയൽ)
മസ്കത്ത്: ഈ വർഷത്തെ ആഗോള മലിനീകരണ സൂചികയിൽ ഏറ്റവും കുറഞ്ഞ മലിനീകരണമുള്ള പട്ടികയിൽ തിളക്കമാർന്ന നേട്ടവുമായി സുൽത്താനേറ്റ്. നംബിയോ പ്ലാറ്റ്ഫോം പുറത്തിറക്കിയ പട്ടികയിൽ അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഒമാൻ. ആഗോളതലത്തിൽ 22ാം സ്ഥാനത്തും എത്തി.
പരിസ്ഥിതി ഗുണനിലവാരം സംരക്ഷിക്കുന്നതിനും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും ഒമാൻ നടത്തിയ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിക്കാനായത്.
മലിനീകരണം കുറക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി തന്ത്രങ്ങളാണ് രാജ്യം നടപ്പാക്കിയത്. വായു, ജല ഗുണനിലവാരം, മാലിന്യ സംസ്കരണം, ശബ്ദ മലിനീകരണം, ഹരിത ഇടങ്ങളുടെ ലഭ്യത എന്നിങ്ങനെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ആഗോള മലിനീകരണ സൂചിക നംബിയോ തയാറാക്കിയിരിക്കുന്നത്.
മേഖലയിലെ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമാൻ സുൽത്താനേറ്റ് കുറഞ്ഞ മലിനീകരണ നിലവാരം രേഖപ്പെടുത്തി. ഇത് ഉയർന്ന റാങ്കിങ് കൈവരിക്കാൻ കാരണമായി. സുൽത്താനേറ്റ് പിന്തുടരുന്ന കർശനമായ പരിസ്ഥിതി നയങ്ങളും സുസ്ഥിര പദ്ധതികളുമാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. ശുദ്ധമായ ഊർജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും വനവത്കരണ പദ്ധതികൾ വികസിപ്പിക്കുന്നതിനും മാലിന്യ സംസ്കരണ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ആരോഗ്യകരവും വൃത്തിയുള്ളതുമായ പരിസ്ഥിതി ഉറപ്പാക്കുന്നതിനും സർക്കാർ പ്രവർത്തിക്കുന്നു.
നഗര, വ്യാവസായിക വികസനം മൂലം പല പ്രധാന വ്യാവസായിക രാജ്യങ്ങളും വലിയ പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ഒമാൻ ഈ നേട്ടം കൈവരിക്കുന്നത്. ഇത് സുൽത്താനേറ്റിനെ മേഖലയിലും ലോകത്തും അനുകരിക്കേണ്ട മാതൃകയാക്കുന്നു. സുസ്ഥിര വികസനം കൈവരിക്കുന്നതിലും ഭാവി തലമുറകൾക്കായി പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒമാൻ വിഷൻ 2040ൽ പരിസ്ഥിതി തന്ത്രങ്ങൾ നടപ്പാക്കുന്നതിൽ പരിസ്ഥിതി അതോറിറ്റി വഹിക്കുന്ന നിർണായക പങ്കും ഈ നേട്ടത്തിന് സഹായകമായതായി അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.