ഒമാൻ എണ്ണവില 95 ഡോളർ കടന്നു
text_fieldsമസ്കത്ത്: ഒമാൻ എണ്ണവില വീണ്ടും ഉയർന്ന് ബാരലിന് 95.51 ഡോളറിലെത്തി. ഇത് കഴിഞ്ഞ 11 മാസത്തിനുള്ളിലെ ഉയർന്ന വിലയാണ്.
ഏതാനും ദിവസമായി എണ്ണവില ഉയരുകയായിരുന്നു. വ്യാഴാഴ്ച 93.86 ഡോളറായിരുന്നു. ഇതിനെക്കാൾ 1.51 ഡോളർ കൂടിയാണ് പുതിയ വിലയിലെത്തിയത്. ബുധനാഴ്ച എണ്ണവില ബാരലിന് 93.82 ഡോളറും ചൊവ്വാഴ്ച 92.31 ഡോളറും ആയിരുന്നു.
സൗദി അറേബ്യയും റഷ്യയും എണ്ണ ഉൽപാദനം വെട്ടിച്ചുരുക്കാനുള്ള തീരുമാനം ദീർഘിപ്പിച്ചതാണ് എണ്ണവില വീണ്ടും ഉയരാൻ പ്രധാന കാരണം. സൗദി അറേബ്യയും ഒപെക് രാജ്യങ്ങളും റഷ്യയും ഒക്ടോബർ വരെ എണ്ണ ഉൽപാദനം വെട്ടിക്കുറക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി നിയന്ത്രണം ഈ വർഷം അവസാനം വരെ നീട്ടുകയായിരുന്നു. കഴിഞ്ഞ വർഷം റഷ്യ- യുക്രെയ്ൻ യുദ്ധം ആരംഭിച്ചതോടെ എണ്ണവില കുത്തനെ ഉയർന്നിരുന്നു. റഷ്യൻ എണ്ണക്ക് അമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങളും വിലക്ക് ഏർപ്പെടുത്തിയതാണ് വില ഉയരാൻ പ്രധാന കാരണം. എന്നാൽ, റഷ്യൻ ഉപരോധം വിജയകരമല്ലെന്ന് അറിഞ്ഞതോടെ എണ്ണവില താഴേക്ക് വരുകയായിരുന്നു. ഇതോടെയാണ് സൗദിയും അംഗരാജ്യങ്ങളും ഉൽപാദനം വെട്ടിക്കുറക്കാൻ തീരുമാനിച്ചത്. ദിവസം ഒരു ദശലക്ഷം ബാരൽ എണ്ണയുടെ ഉൽപാദനമാണ് സൗദി വെട്ടിക്കുറച്ചത്.
ഇപ്പോൾ ഒമ്പതു ദശലക്ഷം ബാരലാണ് സൗദിയുടെ എണ്ണ ഉൽപാദനം. മറ്റൊരു പ്രധാന രാജ്യമായ റഷ്യയും ഉൽപാദനം കുറച്ചത് വില ഉയരാൻ കാരണമാക്കി. ലോക്ഡൗൺ അവസാനിച്ചതോടെ ചൈനയിൽ എണ്ണയുടെ ഉപഭോഗം വർധിച്ചതും വില കുതിച്ചുയരാൻ കാരണമായതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ലോകത്തിൽ എറ്റവും കൂടുതൽ എണ്ണ ഉപയോഗിക്കുന്ന രാജ്യമാണ് ചൈന. എന്നാൽ, കോവിഡ് വ്യാപനത്തോടെ ചൈനയുടെ എണ്ണ ഉപയോഗം തീരെ കുറഞ്ഞിരുന്നു. ചൈനയിൽ ലോക്ഡൗൺ പൂർണമായി പിൻവലിച്ചതോടെ ഏതാനും മാസമായി എണ്ണ ഉപയോഗം വർധിക്കുകയാണ്. അടുത്തിടെയാണ് വ്യവസായ സ്ഥാപനങ്ങൾ പൂർണതോതിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. ഇപ്പോൾ ചൈനയിലെ ദിനേനയുള്ള എണ്ണ ഉപയോഗം 15.23 ദശലക്ഷം ബാരലാണ്. ഇത് കഴിഞ്ഞ വർഷത്തെക്കാൾ 19.6 ശതമാനം കൂടുതലാണ്.
എണ്ണവില വർധിക്കുന്നത് ഒമാൻ അടക്കമുള്ള എണ്ണ ഉൽപാദന രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥക്ക് അനുഗ്രഹമാവും. ഒമാൻ ബജറ്റിൽ എണ്ണവില ബാരലിന് 50 ഡോളറാണ് കണക്കാക്കിയിരിക്കുന്നത്. എണ്ണക്ക് കൂടുതൽ വില ലഭിക്കുന്നത് രാജ്യത്തിന്റെ കമ്മി ബജറ്റ് മിച്ചത്തിലാകാനും കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കാനും കഴിയും. രാജ്യത്തിന്റെ എല്ലാ മേഖലയിലുമുള്ള വികസനത്തിന് ഇത് വഴിയൊരുക്കും.
അന്താരാഷ്ട്ര മാർക്കറ്റിൽ ഡീസൽ വിലയും ഗണ്യമായി വർധിച്ചിട്ടുണ്ട്. മേയ് മാസത്തിനുശേഷം ഡീസൽ വിലയിൽ 40 ശതമാനം വർധനയുണ്ടായി. എണ്ണ ഉൽപാദനം കുറഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിൽ അസന്തുലിതത്വം നിലനിൽക്കുകയാണ്. ഇതോടെ വിപണിയിൽ ആവശ്യമായ എണ്ണ ലഭ്യമാവാത്ത അവസ്ഥയാണ്. ഇത് കാരണം എണ്ണവില ഇനിയും വർധിക്കാനുള്ള സാധ്യതയാണ് കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.