ഒമാൻ എണ്ണവില ഇടിവ് തുടരുന്നു
text_fieldsമസ്കത്ത്: അന്താരാഷ്ട്ര മാർക്കറ്റിൽ ഡിമാൻഡ് കുറഞ്ഞതോടെ ഒമാൻ എണ്ണയുടെ വിലയിടിവ് തുടരുന്നു. വെള്ളിയാഴ്ച 1.5 ഡോളറാണ് വീണ്ടും ഇടിഞ്ഞത്. ഇതോടെ എണ്ണവില ബാരലിന് 84.75 ഡോളറിലെത്തി. ഒമാൻ എണ്ണവില വ്യാഴാഴ്ചയും ബാരലിന് 4.43 ഡോളർ കുറഞ്ഞിരുന്നു. ഇത് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഒരു ദിവസം ഉണ്ടാവുന്ന ഏറ്റവും ഉയർന്ന വിലയിടിവാണ്. ബുധനാഴ്ച 90.68 ഡോളറായിരുന്നു ഒമാൻ എണ്ണവില. ഇതോടെ വ്യാഴാഴ്ച എണ്ണവില 86.25 ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ മാസം 27ന് ഒമാൻ എണ്ണവില ബാരലിന് 94.31 ഡോളറായിരുന്നു. ഈ മാസം ആദ്യം മുതൽ ദിവസേന എണ്ണവില കുറയുകയായിരുന്നു. അതായത് ഒമ്പതു ദിവസം മൊത്തത്തിൽ 9.5 ഡോളറാണ് കുറഞ്ഞത്. ഒരു ദിവസം ശരാശരി ഒരു ഡോളറിൽ കൂടുതൽ ഇടിവാണുണ്ടായത്. ഇത് കഴിഞ്ഞ ആറു മാസത്തിനുള്ളിലെ ആഴ്ചയിലെ ഏറ്റവും വലിയ ഇടിവ് കൂടിയാണ്.
അമേരിക്കയിൽ ഗ്യാസോലൈൻ ഡിമാൻഡ് കുറഞ്ഞതാണ് വിലയിടിവിന് പ്രധാന കാരണം. ഇതോടെ എട്ടു ദശലക്ഷം ബാരൽ എണ്ണയുടെ കുറവാണ് മാർക്കറ്റിലുണ്ടാവുന്നത്. അതിനിടെ, എണ്ണ ഉൽപാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം ഈ വർഷം അവസാനം വരെ ദീർഘിപ്പിക്കാൻ ഒപെക് അംഗ രാജ്യമായ സൗദി അറേബ്യയും റഷ്യയും തീരുമാനിച്ചു. ഒരു ദിവസം ഒരു ദശലക്ഷം ബാരൽ എണ്ണ ഉൽപാദനമാണ് സൗദി അറേബ്യ വെട്ടിക്കുറക്കുന്നത്. റഷ്യ ദിവസം മൂന്നു ലക്ഷം ബാരൽ എണ്ണ ഉൽപാദനവും കുറക്കും. എന്നാൽ, എണ്ണ ഉൽപാദനം വർധിപ്പിക്കുന്നതിന് പ്രത്യേക സമയപരിധി ഇല്ലെന്നും വിദഗ്ധർ പറഞ്ഞു. അതിനാൽ മാർക്കറ്റിലെ ഇന്ധനക്കമ്മി തുടരുമെന്നും വിദഗ്ധർ പറയുന്നു. അമേരിക്കയിൽ എണ്ണ ഉപഭോഗത്തിൽ വലിയ കുറവാണുണ്ടായത്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ എണ്ണ ഉപഭോഗമാണ് അമേരിക്കയിൽ ഇപ്പോഴുള്ളത്. അതിനാൽ എണ്ണവില ഉയർത്താൻ ഏറെ പാടുപെടേണ്ടിവരും. എന്നാൽ, ഈ വർഷം അവസാന പാദത്തിലും എണ്ണവില ഉയർന്നുതന്നെ നിൽക്കുമെന്ന് വിദഗ്ധർ പറയുന്നു. അതിനാൽ അടുത്ത വർഷം സാമ്പത്തിക മാന്ദ്യം ഉണ്ടാവാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കുന്നുണ്ട്.
സാമ്പത്തിക മാന്ദ്യം ഭയന്ന് എണ്ണ ഉപഭോഗം കുറക്കുന്നതായും റിപ്പോർട്ടുണ്ട്. എണ്ണവില വർധിക്കുന്നത് ഒമാൻ സാമ്പത്തിക മേഖലക്ക് ഏറെ അനുഗ്രഹമാവും. ഒമാൻ ബജറ്റ് കമ്മിയിൽനിന്ന് മിച്ചത്തിലേക്ക് നീങ്ങുന്നതടക്കമുള്ള നിരവധി നേട്ടങ്ങളാണ് ഒമാൻ സാമ്പത്തിക മേഖലക്ക് ഉണ്ടാവുക. രാജ്യത്തിന്റെ പൊതുകടം കുറയുന്നതും വികസന പദ്ധതികൾക്ക് കൂടുതൽ പണം ചെലവഴിക്കാൻ കഴിയുന്നതും എണ്ണവില ഉയരുന്നതുകൊണ്ടാണ്. ഒമാന്റെ ഈ വർഷത്തെ ബജറ്റിൽ ഒരു ബാരൽ എണ്ണക്ക് 50 ഡോളറാണ് വകയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.