ഒമാൻ എണ്ണ വില വർധിക്കുന്നു
text_fieldsമസ്കത്ത്: ഒമാൻ അസംസ്കൃത എണ്ണ വില വീണ്ടും ഉയർന്ന് ബാരലിന് 82.39 ഡോളറിലെത്തി. ചൊവ്വാഴ്ചത്തെക്കാൾ അര ഡോളറിലധികമാണ് ബുധനാഴ്ച വർധിച്ചത്. ബാരലിന് 81.86 ഡോളറായിരുന്നു ചൊവ്വാഴ്ചത്തെ നിരക്ക്. തിങ്കളാഴ്ച 80.83 ഡോളറായിരുന്നു എണ്ണ വില. ജനുവരി 31ന് ബാരലിന് 81.57 ഡോളറായിരുന്നു.
പിന്നീട് വില കുറഞ്ഞ് ബാരലിന് 77.40 ഡോളർ വരെയും എത്തിയിരുന്നു. എണ്ണ വില ഇനിയും വർധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. മെയ് മാസത്തോടെ ബാരലിന് പത്ത് ഡോളർ വർധിക്കുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. അന്താരാഷ്ട്ര മാർക്കറ്റിലും എണ്ണവില ഉയർന്നിട്ടുണ്ട്. ആറ് ശതമാനം വില വർധനവുണ്ടായെന്നാണ് കണക്കാക്കുന്നത്.
എണ്ണ വില വർധനവിന് നിരവധി കാരണങ്ങളുണ്ട്. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒപെക് അംഗരാജ്യങ്ങൾ എണ്ണ ഉൽപാദനം കുറച്ചിരുന്നു. മാർച്ച് അവസാനം വരെയായിരുന്നു നിലവിലെ ഉൽപാദനം കുറക്കലിന്റെ കാലാവധി. എന്നാൽ, നിലവിൽ ഈ നടപടി നീണ്ടുപോകാനാണ് സാധ്യത. ഉൽപാദനം വെട്ടി ചുരുക്കിയത് മാർക്കറ്റിൽ എണ്ണ കമ്മിയുണ്ടാക്കാൻ കാരണമാകും. ലോകത്ത് പൊതുവെ എണ്ണ ഉപയോഗം വർധിക്കുകയാണ്. മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന പുതിയ സംഭവ വികാസങ്ങൾ, ആഗോള വിപണിയിലുണ്ടാക്കുന്ന അനിശ്ചിതത്വം എന്നിവ എണ്ണ വില വർധിക്കാൻ കാരണമാകുന്നുണ്ട്. അമേരിക്കൻ സൈനിക പോസ്റ്റിൽ നടന്ന ആക്രമണത്തിൽ നാല് പട്ടാളക്കാർ കൊല്ലപ്പെട്ടതും 40 ലധികം പേർക്ക് പരിക്കേറ്റതും ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാൻ കാരണമാക്കിയിട്ടുണ്ട്. ഇതുകാരണം മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന കലുഷിതമായ അന്തരീക്ഷം കൂടുതൽ മോശമാകാനുമുള്ള സാധ്യതയുമുണ്ട്. ഇത് എണ്ണയുടെ ഡിമാന്റ് വർധിപ്പിക്കുകയും ചെയ്യും.
അമേരിക്കൻ ഡോളർ ശക്തമാകുന്നതും എണ്ണ വിലയെ ബാധിക്കുന്നുണ്ട്. അമേരിക്കൻ ഫെഡറൽ റിസർവ് ബാങ്കിന്റെ സർവെ അനുസരിച്ച് അമേരിക്കൻ പണപ്പെരുപ്പം മാറ്റമില്ലാതെ നിൽക്കുകയാണ്.
ഹ്രസ്വ കാലാടിസ്ഥാനത്തിലും ദീർഘ കാലാടിസ്ഥാനത്തിലും പണപ്പെരുപ്പം മാറ്റമില്ലാതെ നിൽക്കുകയാണ്. ഇത് അമേരിക്കൻ സാമ്പത്തിക വ്യവസ്ഥക്ക് അനുകൂല ഘടകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.